സ്കൂളുകൾ മിക്സഡ് ആക്കി മാറ്റാൻ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി എന്തിനെന്ന് ഹൈകോടതി
text_fieldsകൊച്ചി: സിംഗിൾ സെക്സ് സ്കൂളുകൾ മിക്സഡ് സ്കൂളാക്കി മാറ്റാൻ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി എന്തിനെന്ന് ഹൈകോടതി. ആൺകുട്ടികളോ പെൺകുട്ടികളോ മാത്രം പഠിക്കുന്ന സ്കൂളുകൾ പൊതുവിഭാഗത്തലാക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ചട്ടത്തിൽ വ്യക്തമായ മാർഗ നിർദേശങ്ങളില്ലാത്തത് സേഛാപരമായ നടപടിക്ക് കാരണമാകുന്നുണ്ട്. സ്കൂൾ മിക്സഡ് ആക്കാൻ അടിസ്ഥാന സൗകര്യമടക്കം ഒരുക്കേണ്ടതുണ്ട്. എന്നാൽ, തദ്ദേശ സ്ഥാപനത്തിന്റെ അനുമതി എന്തിനെന്ന് മനസ്സിലാവുന്നില്ലെന്ന് ജസ്റ്റിസ് കെ.വി. ജയകുമാർ വ്യക്തമാക്കി. സ്കൂളിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകുന്നതിൽ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ അനുമതി വൈകുന്നതിനെതിരെ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ നൽകിയ ഹരജി തീർപ്പാക്കിയ ഉത്തരവിലാണ് പരാമർശം.
വിദ്യാഭ്യാസ ചട്ടത്തിൽ പറയുന്നില്ലെങ്കിലും മിക്സഡ് സ്കൂളാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള സർക്കുലറിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന് നിർദേശിക്കുന്നതെന്ന് ഹരജിയിൽ പറയുന്നു. വിദ്യാഭ്യാസ ചട്ട പ്രകാരം ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് വിദ്യാഭ്യാസ ഡയറക്ടറാണ്. അതിനാൽ, ഈ സർക്കുലർ നിയമപരമല്ല.
ജൂൺ ഒന്നിന് തുടങ്ങുന്ന അക്കാദമിക് വർഷം മുതൽ ആൺകുട്ടികൾക്കും സ്കൂളിൽ പ്രവേശനം നൽകേണ്ടതുണ്ട്. ഹൈകോടതിയുടെ അനുകൂല ഉത്തരവുമുണ്ട്. എന്നിട്ടും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി അനുകൂല തീരുമാനം എടുത്തില്ലെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും ഒന്നിച്ച് പഠിപ്പിക്കുകയെന്നതാണ് നയമെന്ന് സർക്കാർ വ്യക്തമാക്കി.
സമീപ സ്കൂളിൽ നിന്നുള്ള പരാതി ലഭിച്ചതിനാലാണ് തീരുമാനം വൈകുന്നതെന്നായിരുന്നു മുനിസിപ്പാലിറ്റിയുടെ വിശദീകരണം. ഹരജിക്കുടെ അപേക്ഷയിൽ ഉടൻ തീരുമാനമെടുക്കാൻ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിക്ക് കോടതി നിർദേശം നൽകി. അല്ലാത്തപക്ഷം മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ തന്നെ സ്കൂളിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകാനുള്ള നടപടിയുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

