നമ്മളെന്തുകൊണ്ട് തോറ്റു? കൂട്ടിയും കിഴിച്ചും മുന്നണികൾ
text_fieldsതൃശൂർ: നമ്മളെന്തുകൊണ്ട് തോറ്റു, എങ്ങനെ ജയിച്ചുകയറി എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടിയുള്ള ആത്മപരിശോധനകൾ ആരംഭിച്ച് മുന്നണികൾ. കേരളം മുഴുവൻ യു.ഡി.എഫ് തരംഗം സൂനാമി പോലെ ആഞ്ഞുവീശിയപ്പോഴും ഇരു മുന്നണികൾക്കും ആശ്വാസത്തിനുള്ള വക നൽകുന്ന സമീപനമാണ് തൃശൂർ ജില്ല സ്വീകരിച്ചത്. ആകെയുള്ള 13 സീറ്റിൽ ഒമ്പതെണ്ണം നൽകി ഇടതുകൂറ് ഒരിക്കൽ കൂടി ജില്ല തെളിയിച്ചു. ഒന്നും രണ്ടും പിണറായി സർക്കാറുകൾക്ക് വളക്കൂറുള്ള മണ്ണായിരുന്നു തൃശൂർ. 2021ലെ തെരഞ്ഞെടുപ്പിൽ 13ൽ 12 സീറ്റുകൾ ജില്ല ഇടതിന് നൽകി. ചാലക്കുടി മാത്രമാണ് മാറി ചിന്തിച്ചത്. ഇത്തവണ എൽ.ഡി.എഫിൽ സി.പി.ഐയുടെ രണ്ട് സിറ്റിങ് സീറ്റുകൾ നഷ്ടപ്പെട്ട് മൂന്നിൽ വിജയം ഒതുങ്ങിയപ്പോൾ സി.പി.എമ്മിലെ സിറ്റിങ് എം.എൽ.എമാരിൽ ഇരിങ്ങാലക്കുടയിൽ മത്സരിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു മാത്രമാണ് പരാജയപ്പെട്ടത്. ബാക്കി സീറ്റുകൾ അവർ നിലനിർത്തി. കാര്യമായി ക്ഷതമേറ്റത് സി.പി.ഐക്കാണ്.
സി.പി.ഐ
തൃശൂരും കൊടുങ്ങല്ലൂരും കൈയിൽനിന്ന് പോയി. റവന്യൂമന്ത്രി കെ. രാജന് ഒല്ലൂരിൽ ജയിക്കാൻ ഏറെ വിയർപ്പൊഴുക്കേണ്ടിവന്നു. 2021ൽ 21,506 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച രാജന്റെ ഭൂരിപക്ഷം കേവലം 8884 ആയി ചുരുങ്ങി. ഹാട്രിക് വിജയം നേടിയ ആശ്വാസം അവശേഷിക്കുന്നുണ്ട്.കയ്പമംഗലത്തും നാട്ടികയിലും സി.പി.ഐക്ക് ഭൂരിപക്ഷത്തിൽ വൻ ഇടിവ് സംഭവിച്ചു. കയ്പമംഗത്ത് 2021ൽ 22,698 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നിടത്ത് കെ.കെ. വത്സരാജിന് 9944 വോട്ടിന്റെ ഭൂരിപക്ഷം മാത്രമേ നേടാനായുള്ളൂ. നാട്ടികയിൽ സി.സി. മുകുന്ദന്റെ 28,431 വോട്ടിന്റെ ഭൂരിപക്ഷം, ഗീതാ ഗോപിയിലേക്ക് എത്തിയപ്പോൾ 7093 ആയി ചുരുങ്ങി. ഇവിടെ ഇടത് വോട്ടുകൾ ഗണ്യമായി ബി.ജെ.പിയിലേക്ക് ഒഴുകുകയും ചെയ്തു.
തൃശൂരിലെയും കൊടുങ്ങല്ലൂരിലെയും കനത്ത പരാജയങ്ങളും വിജയിച്ച മൂന്നിടങ്ങളിലെ ഭൂരിപക്ഷക്കുറവും വരും ദിവസങ്ങളിൽ സി.പി.ഐയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും. രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് പിണറായിയുടെ കാർക്കശ്യങ്ങൾക്ക് വല്ലാതെ സി.പി.ഐ വഴങ്ങുന്നു എന്ന ആക്ഷേപം ഏറ്റവും കൂടുതൽ ഉയർന്നത് തൃശൂരിലെ പാർട്ടി വൃത്തങ്ങളിൽ നിന്നായിരുന്നു. മന്ത്രി കെ. രാജൻ, മുൻ കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ എന്നിവർക്കിടയിൽ അഭിപ്രായ പ്രകടനങ്ങളും പ്രകടമായിരുന്നു. പിണറായി വിജയന്റെ വിശ്വസ്തനായിരുന്ന മുൻ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ആർ.എസ്.എസുമായി തൃശൂരിൽ ചർച്ച നടത്തിയതും ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പൂരത്തിനിടെ കലാപം സൃഷ്ടിച്ച് സുരേഷ് ഗോപിക്ക് മുതലെടുക്കാൻ അവസരം ഒരുക്കിയതും പാർട്ടിയിൽ വലിയ ചർച്ച ആയെങ്കിലും കെ. രാജൻ മൗനം അവലംബിക്കുകയായിരുന്നു.
ലോക്സഭ സ്ഥാനാർഥിയായ വി.എസ്. സുനിൽ കുമാർ നിയമപരമായി വിഷയങ്ങളെ നേരിട്ടിട്ടും സി.പി.ഐ നേതൃത്വം പിണറായിയുടെ നിലപാടിനൊപ്പം അടിയുറച്ച് നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതൊക്കെയും വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും. പാർട്ടിയുമായി ഇടഞ്ഞ് ബി.ജെ.പി പാളയത്തിൽ ചേക്കേറിയ നാട്ടിക മുൻ എം.എൽ.എ സി.സി. മുകുന്ദൻ സി.പി.ഐക്ക് നല്ല പരിക്കേൽപിച്ചിട്ടുണ്ട്. ഇതും അവർക്ക് ചർച്ച ചെയ്യാതിരിക്കാനാവില്ല.
സി.പി.എം
മന്ത്രിമാർ കൂട്ടത്തോൽവി ഏറ്റുവാങ്ങിയ കൂട്ടത്തിൽ ഇരിങ്ങാലക്കുടയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും പരാജയത്തിന്റെ രുചിയറിഞ്ഞു. 2021ൽ ബിന്ദുവിന് ലഭിച്ച 5949 എന്ന ഭൂരിപക്ഷം 10212 ആക്കി ഉയർത്തിയാണ് കേരള കോൺഗ്രസിലെ തോമസ് ഉണ്ണിയാടൻ ഇവിടെ വിജയിച്ചത്.ബിന്ദുവിന്റെ പരാജയം സി.പി.എമ്മിൽ വലിയ ചർച്ചയാകും.
സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 126 വോട്ടിനാണ് മണലൂരിൽ മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ പ്രഫ. സി. രവീന്ദ്രനാഥ് വിജയിച്ചത്. അതികായനായ കോൺഗ്രസിലെ ടി.എൻ. പ്രതാപനെ തോൽപിക്കാനും മണ്ഡലം നിലനിർത്താനും കഴിഞ്ഞു എന്ന നിലക്ക് ആശ്വാസമാകും.2021ലെ മുരളി പെരുനെല്ലിയുടെ 29,876 എന്ന ഭൂരിപക്ഷമാണ് നന്നേ ചുരുങ്ങി 126ൽ ഒടുങ്ങിയത്. ചേലക്കര മാത്രമാണ് ഭൂരിപക്ഷത്തിൽ പിടിച്ചുനിന്നത്. വിജയിച്ച മറ്റ് മണ്ഡലങ്ങളിലും സി.പി.എമ്മിന് ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു.
യു.ഡി.എഫ്
കേരളം മുഴുവൻ യു.ഡി.എഫ് സൂനാമി ആഞ്ഞുവീശിയിട്ടും ജില്ലയിൽ തരംഗമുണ്ടാക്കാൻ സാധിക്കാതെ പോയത് ഡി.സി.സി നേതൃത്വത്തിന്റെ പോരായ്മയാണെന്ന സംസാരം തുടങ്ങിക്കഴിഞ്ഞു.സ്ഥാനാർഥി ചർച്ചകളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കം ശക്തമായ അനിഷ്ടം രേഖപ്പെടുത്തിയ ഏക ജില്ലയും തൃശൂരായിരുന്നു. സതീശൻ പ്രചാരണത്തിന് എത്താത്ത ജില്ലയും തൃശൂർ തന്നെ.
സി.പി.ഐയിൽനിന്ന് തൃശൂർ തിരികെപ്പിടിച്ചു എന്നതാണ് കോൺഗ്രസിന്റെ വലിയ ആശ്വാസങ്ങളിലൊന്ന്. കൊടുങ്ങല്ലൂരിലെ ഒ.ജെ. ജനീഷിന്റെ വിജയവും ചർച്ചയായി.ചാലക്കുടിയിൽ 2021ൽ നേടിയ 1057 വോട്ടെന്ന ഭൂരിപക്ഷം 23156 ആക്കി ഉയർത്തിയാണ് സനീഷ് കുമാർ ജോസഫ് തുടർവിജയം സാധ്യമാക്കിയത്. ടി.എൻ. പ്രതാപന്റെ അപ്രതീക്ഷിത പരാജയം തന്നെയാകും വലിയ ചർച്ച.
ബി.ജെ.പി/എൻ.ഡി.എ
ലോക്സഭയിലെ അഞ്ചര ലക്ഷത്തിലേറെ വോട്ടുകളിൽനിന്ന് മൂന്നര ലക്ഷത്തിലേക്ക്.എവിടെ പോയി ബാക്കി വോട്ടുകൾ എന്നതാകും എൻ.ഡി.എ മുന്നണിയിലെ, പ്രത്യേകിച്ചും ബി.ജെ.പിയിലെ ചർച്ച.തൃശൂരിലെ പത്മജ വേണുഗോപാലിന്റെ പരാജയത്തെക്കാളേറെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും വലിയ ചർച്ചകൾക്ക് വഴിവെക്കും.ഘടക കക്ഷികളായ ട്വന്റി ട്വന്റിക്കോ ബി.ഡി.ജെ.എസിനോ ഒരു ചലനവും മുന്നണിക്ക് വേണ്ടി സൃഷ്ടിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

