Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദ്യുതി നിയന്ത്രണം...

വൈദ്യുതി നിയന്ത്രണം എന്തുകൊണ്ട് മുൻകൂട്ടി അറിയിക്കാൻ കഴിയുന്നില്ല? വിശദീകരണവുമായി കെ.എസ്.ഇ.ബി

text_fields
bookmark_border
വൈദ്യുതി നിയന്ത്രണം എന്തുകൊണ്ട് മുൻകൂട്ടി അറിയിക്കാൻ കഴിയുന്നില്ല? വിശദീകരണവുമായി കെ.എസ്.ഇ.ബി
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപനമില്ലാത്ത വൈദ്യുതി നിയന്ത്രണം തുടരുന്ന പശ്ചാത്തലത്തിൽ, എന്തുകൊണ്ട് മുൻകൂട്ടി സമയം അറിയിച്ച് ലോഡ്ഷെഡിങ് നടത്തുന്നില്ല എന്ന കാര്യത്തിൽ വിശദീകരണവുമായി കെ.എസ്.ഇ.ബി രംഗത്ത്. നിലവിലെ പ്രതിസന്ധി ഷെഡ്യൂൾഡ് ലോഡ്ഷെഡിങ് അല്ലാത്തതിനാലാണ് ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കാൻ സാധിക്കാത്തതെന്ന് ബോർഡ് അധികൃതർ വ്യക്തമാക്കി.

വൈദ്യുതി വില നൽകി വാങ്ങാൻ പണമില്ലാത്ത സാഹചര്യത്തിലോ, അല്ലെങ്കിൽ പുറത്തുനിന്ന് വൈദ്യുതി എത്തിക്കാനുള്ള ഗ്രിഡ് സംവിധാനങ്ങളുടെ അഭാവം ഉണ്ടാകുമ്പോഴോ ആണ് സാധാരണയായി മുൻകൂട്ടി സമയം പ്രഖ്യാപിച്ച് ലോഡ്ഷെഡിങ് ഏർപ്പെടുത്താറുള്ളത്. എന്നാൽ ഇപ്പോൾ അത്തരമൊരു സാഹചര്യമല്ല സംസ്ഥാനത്തുള്ളതെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു.

കാരണം വിപണിയിലെ അനിശ്ചിതത്വം

സ്വന്തം ഉൽപാദനത്തിന് പുറമെ കേന്ദ്ര വിഹിതവും വിവിധ കരാറുകളും വഴിയാണ് കെ.എസ്.ഇ.ബി പ്രാഥമികമായി വൈദ്യുതി ലഭ്യമാക്കുന്നത്. എന്നാൽ ഇതിനേക്കാൾ കൂടുതൽ ആവശ്യകത വരുമ്പോൾ 'ഡേ എഹെഡ്' വിപണിയിൽ നിന്നോ തത്സമയ (റിയൽ ടൈം) വിപണിയിൽ നിന്നോ വൈദ്യുതി വാങ്ങുകയാണ് ചെയ്യാറുള്ളത്. ഓഹരി വിപണിക്ക് സമാനമായി ഓരോ സെക്കൻഡിലും വിലയിലും ലഭ്യതയിലും മാറ്റം വരുന്ന തത്സമയ വിപണിയിൽ നിന്ന് വൈദ്യുതി കിട്ടുമോ ഇല്ലയോ എന്ന് ഒന്നര മണിക്കൂർ മുൻപ് മാത്രമേ അറിയാൻ സാധിക്കൂ. ഇതാണ് പെട്ടെന്നുള്ള നിയന്ത്രണങ്ങൾക്ക് കാരണമാകുന്നത്.

കെ.എസ്.ഇ.ബിയുടെ പക്കലുള്ള വൈദ്യുതിയെക്കാൾ ആവശ്യകത ഉയരുമ്പോൾ ഗ്രിഡ് ഫ്രീക്വൻസി 50 ഹെർട്‌സിൽ താഴാൻ തുടങ്ങും. ഇതോടെ ബെംഗളൂരുവിലെ ദക്ഷിണ മേഖലാ ലോഡ് ഡെസ്പാച്ച് സെന്ററിൽ നിന്നും കളമശേരിയിലെ സ്‌റ്റേറ്റ് ലോഡ് ഡെസ്‌പാച്ച് സെന്ററിന് നിയന്ത്രണം ഏർപ്പെടുത്താൻ മുന്നറിയിപ്പ് ലഭിക്കും. ഉടൻ തന്നെ ഫീഡറുകൾ ഓഫ് ചെയ്ത് ലോഡ് കുറച്ചില്ലെങ്കിൽ പുറത്തുനിന്ന് കേരളത്തിലേക്കുള്ള പ്രസരണ ശൃംഖല ഒന്നാകെ തകരാറിലാകാൻ സാധ്യതയുണ്ട്.

ഈ വലിയ അപകടം ഒഴിവാക്കാനാണ് പെട്ടെന്ന് തന്നെ ആവശ്യമായ ഫീഡറുകൾ ഓഫ് ചെയ്യുന്നത്. അപ്പോഴും മറുഭാഗത്ത് വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ കെ.എസ്.ഇ.ബി തുടരുന്നുണ്ടാകും. ലോഡ് കൂടുതലുള്ള സബ്‌സ്റ്റേഷനുകൾ നോക്കിയാണ് ഓഫ് ചെയ്യാനുള്ള നിർദേശം നൽകുന്നത് എന്നതിനാൽ ഏതെല്ലാം സബ് സ്റ്റേഷൻ പരിധിയിലാണ് നിയന്ത്രണം വരിക എന്ന് ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കുന്നതിൽ പ്രായോഗിക തടസ്സങ്ങളുണ്ടെന്നും ബോർഡ് ചൂണ്ടിക്കാണിക്കുന്നു.

ഉപഭോക്താക്കൾ ശ്രദ്ധിക്കാൻ

പ്രതിസന്ധി മറികടക്കാൻ വൈകിട്ട് 6 മണി മുതൽ രാത്രി 11 മണി വരെയുള്ള സമയങ്ങളിൽ നിയന്ത്രണം പാലിക്കാൻ ഉപഭോക്താക്കളോട് കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു.

എ.സി ഉപയോഗം: രാത്രി 10 മണിക്ക് ശേഷം മാത്രം എ.സി ഓൺ ചെയ്യുക. താപനില 26 ഡിഗ്രിക്ക് മുകളിൽ ക്രമീകരിക്കുന്നത് വൈദ്യുതി ലാഭിക്കാൻ സഹായിക്കും.

വാഹന ചാർജിങ്: ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് പരമാവധി പകൽ സമയങ്ങളിലേക്ക് മാറ്റുക. അല്ലാത്തപക്ഷം രാത്രി 11ന് ശേഷമാക്കുക.

ഉയർന്ന ശേഷിയുള്ള ഉപകരണങ്ങൾ: ഇൻഡക്‌ഷൻ സ്‌റ്റൗ, വാഷിങ് മെഷീൻ, പമ്പ് സെറ്റ്, ഇലക്ട്രിക് കെറ്റിൽ, തേപ്പുപെട്ടി എന്നിവ പീക്ക് അവറുകളിൽ (6 PM - 11 PM) പ്രവർത്തിപ്പിക്കാതിരിക്കുക.

ആധുനിക ഉപകരണങ്ങൾ: സാധാരണ ഫാനുകൾക്കും ലൈറ്റുകൾക്കും പകരം ബി.എൽ.ഡി.സി ഫാനുകളും എൽ.ഇ.ഡി ബൾബുകളും ഉപയോഗിക്കുക. ഫാനിന്റെ വേഗത കുറച്ചിടുന്നതും ഊർജ്ജം ലാഭിക്കും.

പവർ ഓഫ് ചെയ്യുക: ടി.വി, എ.സി തുടങ്ങിയ ഉപകരണങ്ങൾ റിമോട്ടിൽ മാത്രം ഓഫ് ചെയ്യാതെ മെയിൻ സ്വിച്ച് തന്നെ ഓഫ് ചെയ്യാൻ ശ്രദ്ധിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Govtpower cutelectricity cutKeralaKSEB
News Summary - Why can't electricity restrictions be announced in advance? KSEB explains
Next Story