മോദി സർക്കാറിനെതിരായ യാത്രയിൽ മറ്റുള്ളവർക്ക് അസ്വസ്ഥത എന്തിന് -പവൻ ഖേര
text_fieldsതൃശൂർ: മോദി സർക്കാറിന്‍റെ നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തുന്ന ഭാരത് ജോഡോ പദയാത്ര ബി.ജെ.പി ഇതര ഭരണമുള്ള സംസ്ഥാനങ്ങളിലെ ഭരണാധികാരികളെയോ പാർട്ടികളെയോ അസ്വസ്ഥരാക്കുന്നത് എന്തിനെന്ന് എ.ഐ.സി.സി മാധ്യമ വിഭാഗം ചെയർമാൻ പവൻ ഖേര.
കേരളം കോൺഗ്രസിന് പ്രധാനപ്പെട്ട ഇടമാണ്. അതിനാൽ ഭൂമിശാസ്ത്രപരമായ ദൈർഘ്യം കുറക്കുന്നതെങ്ങനെയെന്നും ഖേര ചോദിച്ചു. രാജ്യത്ത് കോൺഗ്രസ് അപ്രസക്തമായെന്നും അത് ബി.ജെ.പിയെ നേരിടാൻ തയാറാകുന്നില്ലെന്നും യു.പിയിലേതിനെക്കാൾ യാത്ര അധിക ദിവസം കേരളത്തിലാണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മറ്റും വിമർശനത്തെക്കുറിച്ചുള്ള ചോദ്യത്തോട് തൃശൂർ പ്രസ് ക്ലബിന്‍റെ മീറ്റ് ദ പ്രസ് പരിപാടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസ് നിയന്ത്രിക്കുന്ന കേന്ദ്ര ഭരണത്തിൽ നഷ്ടപ്പെട്ട ഇന്ത്യയുടെ ആത്മാവ് തിരിച്ചു പിടിക്കുകയെന്ന മഹത്തായ ലക്ഷ്യമാണ് യാത്രക്കുള്ളത്. കോൺഗ്രസ് ഒരിക്കലുമൊരു കേഡർ പാർട്ടിയല്ലെന്നും ആരെയും കേൾക്കാതെ അങ്ങോട്ട് പറയുക മാത്രം ചെയ്യുന്ന സംവിധാനമല്ലെന്നും ഖേര പറഞ്ഞു. എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായി നടക്കും. ബി.ജെ.പിയെപ്പോലുള്ള പാർട്ടികൾക്ക് അത്തരത്തിൽ ചിന്തിക്കാനേയാവില്ല. പാർട്ടിക്ക് ഔദ്യോഗിക സ്ഥാനാർഥിയില്ല.
അതേസമയം, താനടക്കമുള്ള ഏത് കോൺഗ്രസുകാരനും രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനാകണമെന്ന് ആഗ്രഹിക്കാനും പറയാനും അവകാശമുണ്ട്. രാഹുൽ ഒരു പ്രതീക്ഷയാണ്. അതിനർഥം, മറ്റ് നേതാക്കളെക്കുറിച്ച് പ്രതീക്ഷയില്ലെന്നല്ല. യാത്രക്കെതിരെ ബി.ജെ.പി നാൾക്കുനാൾ ഹീനമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഏറ്റവുമൊടുവിൽ പദയാത്രയിൽ പങ്കെടുത്ത കെ.എസ്.യു പ്രവർത്തക പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചയാളാണ് എന്നുവരെ പറഞ്ഞു.
ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെ എതിർക്കപ്പെടേണ്ടതാണെന്ന്, പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡിനെക്കുറിച്ചും അറസ്റ്റിനെക്കുറിച്ചുമുള്ള ചോദ്യത്തോട് ഖേര പ്രതികരിച്ചു. ആർ.എസ്.എസും പോപുലർ ഫ്രണ്ടും പരസ്പരം ജീവവായു പകരുന്ന ആശയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വി.ടി. ബൽറാമും മീറ്റ് ദ പ്രസിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

