അട്ടപ്പാടിയിലെ റവന്യൂ ഓഫിസുകളിൽ ഭൂരേഖകൾ പൊടിഞ്ഞു പോകുന്നത് എന്തുകൊണ്ട്?
text_fieldsകോഴിക്കോട്: അട്ടപ്പാടി ട്രൈബൽ താലൂക്കിലെ റവന്യൂ ഓഫീസുകളിൽ ഭൂരേഖകൾ പൊടിഞ്ഞു പോകുന്നത് പുതിയൊരു പ്രതിഭാസമാണ്. പുരാവസ്തു വകുപ്പിൽ 19ാം നൂറ്റാണ്ടിലെ രേഖകൾ പൊടിയാതെ ഇരിപ്പുണ്ട്. 1920 കളുടെയും 30 കളുടെയും രേഖകൾ ഒക്കെ ഫോട്ടോ എടുക്കാൻ പാകത്തിൽ ലഭ്യവുമാണ്. അട്ടപ്പാടിയിലെ റവന്യൂ ഓഫീസുകളിൽ ആകട്ടെ 1970കളിലെ ഭൂരേഖകൾ പൊടിഞ്ഞുവെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ നൽകുന്ന മറുപടി.
ഒറ്റപ്പാലം ആർ.ഡി.ഒ, പാലക്കാട് കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ ഇത് വിശ്വസിക്കുകയും ചില ടി.എൽ.എ കേസുകളിൽ ഹൈകോടതിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തുവെന്നതാണ് അദ്ഭുതം. പൊടിഞ്ഞ രേഖകളുടെ പകർപ്പ് നോട്ടറി ഒപ്പിട്ട നിലയിൽ കൈയേറ്റക്കാരുടെ കൈവശം ലഭ്യമാണ്. ആദിവാസികൾ പകർപ്പ് ആവശ്യപ്പെടുമ്പോഴാണ് രേഖകൾ ലഭ്യമല്ലെന്ന മറുപടി ലഭിക്കുന്നത്.
രേഖയില്ലെങ്കിലും ആദിവാസി ഭൂമി പിടിച്ചെടുക്കുന്നതിന് ഉത്തരവ് നൽകാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് തടസമില്ല. ആദിവാസികൾക്ക് അനുകൂലമാണ് ഉത്തരവെങ്കിൽ അത് നടപ്പാക്കുകയുമില്ല. ടി.എൽ.എ കേസിലെ സുപ്രീംകോടതി ഉത്തരവ് പോലും നടപ്പാക്കിയിട്ടില്ല. അഗളി വില്ലേജ് 343/1, 343/3 എന്നീ സർവേ നമ്പരുകളിലെ 5:72 ഏക്കർ ഭൂമി പട്ടിക വർഗത്തിൽ ഉൾപ്പെട്ട മരുതനും, മരുതന്‍റെ മകനായ കാടനും അന്യാധീനപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് കേസിലാണ് ഒറിജിനൽ രേഖ പരിശോധിക്കാതെ കലക്ടർ ഭൂമി കൈവശം വെച്ചിരിക്കുന്നവർക്ക് അനുകൂലമായി 2016ൽ ഉത്തരവിട്ടത്.
കലക്ടറുടെ ഈ ഉത്തരവിനെതിരെ ഭൂമിയുടെ അവകാശികളായ രങ്കസ്വാമി, കണ്ണമ്മ, വിജയ എന്നിവരും ഹൈകോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തു. കേസ് പുനഃപരിശോധിക്കാനും ഇരു കക്ഷികളെയും കേട്ട ശേഷം നാല് മാസത്തിനകം കേസ് തീർപ്പാക്കാനും പട്ടയത്തിൻറെ ആധികാരികത സംബന്ധിച്ച് അന്വേഷണം നടത്തുവാനും 2021 നവംമ്പർ 12ന് ഹൈകോടതി ഉത്തരവിട്ടിരുന്നു.
ഹൈകോടതിയുടെ ഉത്തരവ് പ്രകാരം ഇരു കക്ഷികളെയും 2022 മാർച്ച് ഒമ്പതിന് വിചാരണക്ക് വിളിച്ചു. വിചാരണക്ക് ഇരു കക്ഷികളും ഹാജരായി. കക്ഷികൾക്ക് പറയാനുള്ളത് കേൾക്കുകയും കക്ഷികൾ ഹാജരാക്കിയ രേഖകൾ പരിശോധിക്കുകയും ചെയ്തു. രങ്കസ്വാമിക്കും മറ്റും വേണ്ടി ഹാജരായ അഭിഭാഷകൻ 1966ലെയും 1971 ലെയും ആധാരങ്ങൾ വ്യാജമാണെന്നും, അഗളി ലാൻഡ് ട്രൈബ്യൂണൽ അനുവദിച്ച് നൽകിയ 1977ലെ പട്ടയത്തിന് നിയമ സാധുത ഇല്ലെന്നും വാദിച്ചു.
ഭൂമി കൈവശം വെച്ചിരിക്കുന്ന മുരുകേശന് വേണ്ടി ഹാജരായ അഭിഭാഷകൻ 1966, 1971 വർഷങ്ങളിലെ ആധാരങ്ങളുടെ ശരിപകർപ്പും. അഗളി ലാൻറ് ട്രൈബ്യണൽ 1977ൽ അനുവദിച്ച പട്ടയത്തിന്റെ സർട്ടിഫൈഡ് കോപ്പിയും ഹാജരാക്കി. രണ്ട് ആധാരങ്ങളും വെവ്വേറെ കണക്കാക്കുമ്പോൾ രണ്ട് ഹെക്ടറിൽ താഴെ ഭൂമി മാത്രമാണ് കൈമാറ്റം ചെയ്തിട്ടുള്ളതെന്നും വാദിച്ചു.
രേഖകളുടെ ആധികാരികത പരിശോധിക്കുന്നതിനായി ബന്ധപ്പെട്ട ഓഫിസുകളിൽ നിന്ന് സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഹാജരാക്കി. പട്ടിക വർഗത്തിൽ ഉൾപ്പെട്ടവരാകട്ടെ 1966ലെയും 1971ലെയും ആധാരങ്ങളുടെ സർട്ടിഫൈഡ് കോപ്പി ലഭിക്കാൻ മണ്ണാർക്കാട് സബ് രജിസ്ട്രാറിനോട് ആവശ്യപ്പെട്ടു. 1966ലെ ആധാരം പൊടിഞ്ഞു പോയതിനാൽ പകർപ്പ് എടുക്കാനാകില്ലെന്നാണ് സബ് രജിസ്ട്രാറുടെ ഓഫിസ് അറിയിച്ചത്. ഇക്കാര്യത്തിൽ ഹൈകോടതി പാലക്കാട് കലക്ടറോട് ഭൂരേഖകളുടെ ആധികാരികത പരിശോധിക്കാൻ വീണ്ടും ആവശ്യപ്പെട്ടു. ഒറിജിനൽ രേഖയില്ലാതെ എങ്ങനെയാണ് ഉത്തരവുകൾ പുറപ്പെടുവിക്കുന്നതെന്ന ചോദ്യമാണ് ആദിവാസികൾ ഉയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

