വെടിക്കെട്ട് സ്ഥലത്തേക്ക് ആനകളെ കൊണ്ടുപോകുന്നത് എന്തിന്? - ഹൈകോടതി
text_fieldsകൊച്ചി: വെടിക്കെട്ടുള്ള സ്ഥലങ്ങളിലേക്ക് ആനകളെ എഴുന്നള്ളിപ്പിന് കൊണ്ടുപോകുന്നത് ഒഴിവാക്കേണ്ടതല്ലേയെന്ന് ഹൈകോടതി. വെടിക്കെട്ടുള്ളിടത്ത് ആനകളെ കൂച്ചുവിലങ്ങിടാതെ നിർത്താൻ പറ്റില്ലെന്ന് പറയുന്നതിന്‍റെ അർഥം അവയെ ഈ ശബ്ദം അത്രകണ്ട് അലോസരപ്പെടുത്തുന്നുവെന്നാണ്. ഇക്കാര്യത്തിൽ സർക്കാറും ഗുരുവായൂർ ദേവസ്വവുമടക്കം നിലപാട് വ്യക്തമാക്കണമെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.
കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെ, ഗുരുവായൂർ പുന്നത്തൂർ കോട്ടയിൽനിന്ന് കൊണ്ടുപോയ ഗോകുൽ, പീതാംബരൻ എന്നീ ആനകൾ വിരണ്ടോടിയതിനെത്തുടർന്ന് മൂന്നുപേർ മരിച്ചിരുന്നു. ആനകൾക്കും പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ഗുരുവായൂർ ദേവസ്വം വെറ്ററിനറി സർജൻ സമർപ്പിച്ച റിപ്പോർട്ടിലാണ് വെടിക്കെട്ട് നടക്കുന്നിടത്ത് ആനകളെ കൂച്ചുവിലങ്ങിട്ട് നിർത്തിയില്ലെങ്കിൽ ഭയന്നോടാനിടയുണ്ടെന്ന് പറയുന്നത്.
100 മീറ്റർ അകലെയാണെങ്കിലും വെടിക്കെട്ടിന്‍റെ ശബ്ദം ആനകൾക്ക് അലോസരമുണ്ടാക്കാമെന്നും കോടതി വിലയിരുത്തി. പീതാംബരൻ എന്ന ആനക്ക് ഇൻഷുറൻസ് ഉണ്ടെങ്കിലും ഉടമസ്ഥതാ സർട്ടിഫിക്കറ്റ് ഇല്ലെന്നും സർട്ടിഫിക്കറ്റ് ഇല്ലാത്ത 10 ആനകൾ പുന്നത്തൂർ കോട്ടയിലുണ്ടെന്നും ദേവസ്വം അറിയിച്ചു.
എഴുന്നള്ളിപ്പിന് കൊണ്ടുപോകുന്ന ആനകളുടെ ഭക്ഷണകാര്യത്തിൽ ആർക്കും ഉത്തരവാദിത്തമില്ലാത്ത സ്ഥിതിയാണ്. നൽകിയ തീറ്റയുടെ പട്ടിക രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തണം. ഉത്സവസ്ഥലങ്ങളിൽ ആനകളെ വി.ഐ.പികളായി പരിഗണിച്ച് ആളുകൾ ധാരാളം തീറ്റ നൽകാറുണ്ടെന്ന് ദേവസ്വം അറിയിച്ചു. ഈ രീതിയും ആശാസ്യകരമല്ലെന്ന് കോടതി പറഞ്ഞു.
ഹരജിയിൽ മാർച്ച് നാലിന് വിശദവാദം നടക്കും. പുന്നത്തൂർ ആനക്കോട്ടയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഏഷ്യൻ എലിഫന്‍റ് സൊസൈറ്റി പ്രസിഡന്‍റ് സംഗീത അയ്യർ സമർപ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

