റിപ്പബ്ലിക് ദിനത്തിലെ പച്ചക്കൊടി, പച്ചയായ യാഥാർഥ്യമെന്ത്...?
text_fields‘‘ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തുന്നതിനു പകരം, കേരളത്തിലെ മുസ്ലിം വിദ്യാർത്ഥികൾ ഉയർത്തിയത് പച്ചക്കൊടി. അതും വെള്ളനിറത്തിൽ ചന്ദ്രക്കലയും നക്ഷത്രവും ആലേഖനം ചെയ്ത മുസ്ലിം ലീഗിന്‍െറ പച്ചക്കൊടി...’’
കേരളത്തെക്കുറിച്ച് വടക്കേയിന്ത്യയിലെ സോഷ്യൽ മീഡിയകളിൽ ആസൂത്രിതമായി നുണ പ്രചരിപ്പിക്കുന്ന സംഘ്പരിവാരങ്ങൾ പുറത്തിറക്കിയ ഏറ്റവും പുതിയ നുണയാണിത്. സംഘ്പരിവാരങ്ങൾ നടത്തുന്ന ‘നുണയുദ്ധങ്ങളുടെ’ വാസ്തവം നിരന്തരം വെളിച്ചത്തുകൊണ്ടുവരുന്ന ‘ആൾട്ട്ന്യൂസ്.കോം’ ആണ് ‘റിപ്പബ്ലിക് ദിനത്തിലെ പച്ചക്കൊടി’യുടെ പച്ച തെളിയിച്ചത്.

‘റിപ്പബ്ലിക് ദിനം ബഹിഷ്കരിച്ച് കേരളത്തിലെ മുസ്ലിം വിദ്യാർത്ഥികൾ സ്കൂളുകളിൽ ഇസ്ലാമിക് പതാക ഉയർത്തി’ എന്ന തലക്കെട്ടിൽ സഞ്ജയ് ഗുപ്ത എന്നയാൾ ട്വിറ്ററിൽ ചിത്രം സഹിതമാണ് വ്യാജ വാർത്ത പ്രചരിപ്പിച്ചു തുടങ്ങിയത്.

സാധാരഗതിയിൽ അന്തവും കുന്തവുമില്ലാതെ കൈയിൽ കിട്ടുന്നതൊക്കെ ഫോർവേഡ് ചെയ്യുന്ന സംഘ്പരിവാരത്തിനു പോലും സംശയമായി..
കൂടെ കിടക്കുന്നവനല്ലേ പനിച്ചൂടറിയൂ...!
നിരന്തരം നുണ പ്രചരിപ്പിക്കുന്നവരായതു കൊണ്ട് ബി.ജെ.പിയുടെ വക്താവ് വൈഭവ് അഗർവാളിനെ തന്നെ സംശയം പിടികൂടി. ഇത്തരം കള്ളത്തരങ്ങൾ കൈയോടെ പിടികൂടി പരിചയമുള്ള ആൾട്ട് ന്യൂസ്.കോമിനെത്തന്നെയാണ് വാസ്തവമറിയാൻ വൈഭവ് അഗർവാൾ ട്വിറ്ററിലൂടെ സമീപിച്ചത്.

‘ആൾട്ട്ന്യുസ്’ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ വസ്തുത ബഹു കോമഡിയാണ്. ഇതേ തലക്കെട്ടിൽ ഇതേ വാർത്ത 2014ലും 2017 ലും സംഘ്പരിവാരം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിട്ടുണ്ട് എന്ന് അവർ കണ്ടെത്തി. ‘ശംഖ്നാദ്’ എന്ന അക്കൗണ്ടിൽ നിന്നാണ് 2014ൽ ഇൗ വ്യാജം പ്രചരിച്ചിരുന്നത്. കേശവ് മിശ്ര എന്നയാളിന്‍െറ ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് 2017ൽ പ്രചരിച്ചത്.

വാസ്തവമാണ് അതിലേറെ രസകരമായത്....
Iuml - Voice of Indian Muslims എന്ന ഫേസ്ബുക്ക് പേജിൽ ‘ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്‍െറ ഭാവി തലമുറ’ എന്ന കുറിപ്പോടെ 2013 മേയ് 17ന് പോസ്റ്റ് ചെയ്തതാണ് ഇൗ ചിത്രം. മുസ്ലിം ലീഗിന്‍െറ കൊടിയും പിടിച്ച് പ്രകടനമായി കുട്ടികൾ പോകുന്ന ഇൗ ചിത്രത്തിൽ അരികിലൂടെ കടന്നുപോകുന്ന പച്ച നിറമുള്ള ബസും പിന്നിൽ മഞ്ഞ നിറമടിച്ച വാനും കാണാം. വ്യാജനെ പടച്ചപ്പോൾ ഇൗ ബസും വാനുമൊന്നും നീക്കം ചെയ്യാതെ കൈയിൽ കിട്ടിയ അതേപടി ‘റിപ്പബ്ലിക് ദിനം ബഹിഷ്കരിച്ചു’ എന്ന തലക്കെട്ടിൽ അങ്ങ് പ്രചരിപ്പിക്കുകയായിരുന്നു.

ആയിരക്കണക്കിന് പേർ ഷെയർ ചെയ്യുന്ന ഇത്തരം വ്യാജങ്ങളുടെ സത്യാവസ്ഥ വളരെ കുറച്ചുപേരേ അന്വേഷിക്കൂ എന്നതും ബഹുഭൂരിപക്ഷം ഇത് വിശ്വസിക്കുമെന്നതുമാണ് നിരന്തരം നുണകൾ പ്രചരിപ്പിക്കാൻ സംഘ്പരിവാരത്തിന് ആത്മവിശ്വാസം നൽകുന്നത്.

പ്രളയകാലവും ശബരിമല മണ്ഡലകാവുമായിരുന്നു മുമ്പ് ഉത്തരേന്ത്യൻ സംഘ്പരിവാരത്തിന്‍െറ സൈബർ യോദ്ധാക്കളുടെ നുണയുദ്ധഭൂമി. കേരളത്തെ ആവുന്നത്ര താറടിച്ചുകാണിക്കാൻ നുണകളുടെ പ്രളയംതന്നെ സോഷ്യൽ മുഡിയകളിൽഅവർ ഒഴുക്കി. അതിപ്പോഴും തുടരുന്നുമുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നതോടെ ഇൗ നുണകാമ്പയിനുകൾ ശക്തമാകുമെന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
