ആ കത്ത് ആരുണ്ടാക്കി, വിടാതെ സണ്ണി ജോസഫ്
text_fieldsകണ്ണൂർ: കെ. സുധാകരൻ എം.പിയെ കണ്ണൂർ മണ്ഡലത്തിൽ മൽസരിപ്പിക്കരുതെന്ന നിലക്ക് എ.ഐ.സി.സിക്ക് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരിൽ നൽകിയ ആ കത്ത് ആരുണ്ടാക്കി?. നിയമസഭ തെരഞ്ഞെടുപ്പിനു രണ്ടുദിവസം മുമ്പ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട കത്ത് കണ്ണൂർ, പേരാവൂർ മണ്ഡലങ്ങളിൽ കോൺഗ്രസിന് നേരിയ തിരിച്ചടിയുണ്ടാക്കിയെന്നാണ് സൂചനകൾ. രണ്ടിടത്തും തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ സുധാകര അനുയായികൾ നിർജീവമായി. ഇരു മണ്ഡലങ്ങളിലും ജയിക്കുമെങ്കിലും കത്ത് ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ടി.ഒ. മോഹനെതിരെയാണ് കത്ത് കാര്യമായി സ്വാധീനിച്ചത്. സുധാകര അനുയായികൾ ഏറെയുള്ള നടാൽ, എടക്കാട് ഭാഗങ്ങളിൽ ചില കുടുംബങ്ങൾ നിർജീവമായി. യു.ഡി.എഫിന് വോട്ട് ചെയ്യരുതെന്നും ചിലർ അടുപ്പക്കാരോട് പറഞ്ഞു. എതിർ സ്ഥാനാർഥിയായ രാമചന്ദ്രൻ കടന്നപ്പള്ളിക്കു പകരം ബി.ജെ.പി സ്ഥാനാർഥി സി. രഘുനാഥിന് വോട്ട് മറിച്ചെന്നും സൂചനയുണ്ട്. കോൺഗ്രസിലെ ഒരുവിഭാഗം തനിക്ക് വോട്ടു ചെയ്യുമെന്ന് ബി.ജെ.പി സ്ഥാനാർഥി തന്നെ വെളിപ്പെടുത്തുകയും ചെയ്തു. കത്ത് കെ. സുധാകരനെയും പ്രകോപിപ്പിക്കുകയും അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സുധാകരൻ വളർത്തിയ നേതാക്കൾ തിരിഞ്ഞുകുത്തുന്നുവെന്നാണ് അനുയായികളുടെ പരിഭവം. സണ്ണി ജോസഫ് ഉൾപ്പെടെയുള്ളവരോട് അതൃപ്തി നിലനിൽക്കുന്നതിനിടെയാണ് വോട്ടെടുപ്പിന് രണ്ടുദിവസം മുമ്പ് വിവാദ കത്ത് പുറത്തുവരുന്നത്. കത്തുമായി ഒരുബന്ധവുമില്ലെന്ന് സണ്ണി ജോസഫ് ആവർത്തിക്കുന്നു. അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്കും തെരഞ്ഞെടുപ്പ് കമീഷനും പരാതിയും നൽകി. കത്ത് താനാണ് എഴുതിയതെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കാനും വിജയിച്ചാല്‍ എം.എൽ.എ സ്ഥാനം രാജിവെക്കാനും തയാറാണെന്നും സണ്ണി ജോസഫ് വെല്ലുവിളിച്ചു. കത്തിനെ കുറിച്ച് തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സമൂഹമാധ്യമത്തിൽ ആരുടെ അക്കൗണ്ടിലാണ്, പോസ്റ്റിലാണ് കത്ത് പ്രത്യക്ഷപ്പെട്ടതെന്നും അത്തരം ലിങ്കുകൾ കണ്ടെത്താനുമാണ് കണ്ണൂരിലെ ഇലക്ഷൻ വിഭാഗത്തിന് നൽകിയ നിർദേശം. കണ്ണൂരിൽ കെ. സുധാകരന് ജയസാധ്യതയില്ലെന്നും ടി.ഒ. മോഹനൻ മിടുക്കനാണെന്നും ചൂണ്ടിക്കാട്ടി എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെക്കാണ് കത്ത്. ഇത്തരം കാര്യങ്ങൾ കത്തിലൂടെ പറയുന്ന പതിവില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. സി.പി.എം സൈബർ ടീമാണ് കത്തിനു പിന്നിലെന്നും കോൺഗ്രസ് സംശയിക്കുന്നു. ഡി.ജി.പിക്ക് പരാതി നൽകിയിട്ടും കേസെടുക്കാത്തതിനു പിന്നിൽ അതാണെന്നും വടകരയിലെ കാഫിർ സ്ക്രീൻഷോട്ടിലേതുപോലെ കോടതിയെ സമീപിക്കേണ്ടി വരുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

