ഫലമറിയാൻ മണിക്കൂറുകൾ ബാക്കി; മണിയാശാന്റെ ഉടുമ്പൻചോല ഇത്തവണ ഇടത്തോട്ടോ, അതോ വലത്തോട്ടോ?
text_fieldsഇടതു മുന്നണി സ്ഥാനാർഥി കെ.കെ. ജയചന്ദ്രൻ, യു.ഡി.എഫ് സ്ഥാനാർഥി സേനാപതി വേണു
നെടുങ്കണ്ടം: ഇരുമുന്നണികളും ശുഭപ്രതീക്ഷയിലും ആകാംഷയോടെയും കാത്തിരിക്കുന്ന ഉടുമ്പൻചോല ഇക്കുറി ഇടത്തോട്ടൊ വലത്തോട്ടോ എന്നറിയാൻ ഇനി മണിക്കുറുകൾ മാത്രം. മണിയാശാന്റെ തട്ടകമായ ഉടുമ്പൻചോലയിൽ ആരെ വാഴ്ത്തും ആരെ വീഴ്ത്തുമെന്ന് ജില്ല മാത്രമല്ല, സംസ്ഥാനവും ഉറ്റു നോക്കുന്നുണ്ട്. കാൽ നുറ്റാണ്ടായി ഇടത് മുന്നണിയുടെ ഉരുക്കു കോട്ടയായി മാറിയ മണ്ഡലത്തിന്റെ കോട്ട തകർക്കാൻ യു.ഡി.എഫ്. പതിനെട്ടടവും പയറ്റിയിട്ടാണ് കാത്തിരിക്കുന്നത്.
മണിയാശാനെപ്പോലെ ജനകീയനല്ലെങ്കിലും ജയചന്ദ്രനെ കളത്തിലിറക്കി മണ്ഡലം നിലനിർത്തുമെന്ന് ആത്മവിശ്വാസത്തിലാണ് ഇടത് മുന്നണി. ഇടുക്കി ജില്ലയിൽ ഏറ്റവും കുടുതൽ വോട്ട് രേഖപ്പെടുത്തിയതും വാശിയേറിയ തെരഞ്ഞെടുപ്പ് നടന്ന മണ്ഡലവുമാണ് ഉടുമ്പൻചോല. 2001ൽ കെ.കെ. ജയചന്ദ്രനിലൂടെ ആധിപത്യം സ്ഥാപിച്ച മണ്ഡലം പിന്നീട് ഇടത് മുന്നണിയിൽ നിന്നും വഴുതി പോയിട്ടില്ല. 2016ൽ 1109 വോട്ടുകൾക്ക് മാത്രമാണ് സേനാപതി പരാജയപ്പെട്ടതെന്നും അത് നികത്താൻ ഇത്തവണ യു.ഡി.എഫിന് കഴിയുമെന്നാണ് പ്രതീക്ഷ. ആ പ്രതീക്ഷ സഫലീകരിക്കാൻ ഇത്തവണയും കളത്തിലിറക്കിയത് അഡ്വ സേനാപതി വേണുവിനെ തന്നെയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എം.എം.മണി കോണഗ്രസിലെ മുതിർന്ന നേതാവായ അഡ്വ. ഇ.എം.ആഗസ്തിയെ പരാജയപ്പെടുത്തിയത് 38,305 വോട്ടുകൾക്കാണ്. ഇക്കുറി സി.പി.എം കളത്തിലിറക്കിയത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തെ തന്നെയാണ്. എം.എം മണിയെ വീണ്ടും മത്സരിപ്പിക്കാമെന്ന് ജില്ല നേതൃത്വം സംസ്ഥാന കമ്മറ്റിയെ അറിയിച്ചിട്ടും അത് മുഖവിലക്കെടുക്കാതെ ജയചന്ദ്രനെ മത്സരിപ്പിച്ചതിൽ ജനവികാരം ഇടതിന് എതിരാെണന്നും ആവോട്ടുകൾ യു.ഡി.എഫിന്റെ പെട്ടിയിൽ വീഴുമെന്ന പ്രതീക്ഷയും കോണഗ്രസ് പാളയത്തിലുണ്ട്.
എന്നാൽ മണ്ഡലത്തിന്റെ വികസനങ്ങൾ വോട്ടായി മാറുമെന്നും കുറഞ്ഞത് 5000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കാനാകുമെന്നാണ് ഇടത് മുന്നണിയുടെ വിലയിരുത്തൽ. 8000 മുതൽ 10000 വരെ വോട്ടിന്റെ ഭൂരിപഷത്തിൽ സേനാപതി വിജയിക്കുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്ഥമായി കൂടുതൽ വോട്ടുകൾ നേടാനാകുമെന്നണ് എൻ.ഡി.എ സ്ഥാനാർഥി സംഗീത വിശ്വനാഥനും ആതവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

