
ആർക്കൊപ്പം അണകെട്ടും ഇടുക്കിയുടെ ജനവിധി?
text_fieldsതൊടുപുഴ: ഇടുക്കിയുടെ ഭൂപ്രകൃതി പോലെയാണ് ജില്ലയുടെ രാഷ്ട്രീയ മനസ്സും. ചിലയിടത്ത് ജനപിന്തുണ യു.ഡി.എഫിനൊപ്പം എക്കാലവും അണകെട്ടി നിൽക്കും. മറ്റുചില ഭാഗങ്ങളിൽ അതിെൻറ പച്ചപ്പും കുളിരുമെല്ലാം എൽ.ഡി.എഫിനൊപ്പമാണ്. ചിലയിടങ്ങളിൽ മുന്നണികളുടെ പരസ്പര കൈയേറ്റത്തിൽ രാഷ്ട്രീയ ഭൂപടത്തിെൻറ നിറം ഒാരോ തവണയും മാറിമറിയും. മണ്ഡലം ഒഴിപ്പിച്ചെടുക്കണമെങ്കിൽ സ്ഥാനാർഥികൾ ബുൾഡോസർ ശക്തിതന്നെ പ്രയോഗിച്ച് വോട്ടർമാരുടെ മനസ്സ് കീഴടക്കേണ്ടിവരും.
തദ്ദേശത്തിൽ നേട്ടമുണ്ടാക്കിയത് എൽ.ഡി.എഫ്, പ്രതാപം തിരിച്ചുപിടിക്കാൻ യു.ഡി.എഫും
യു.ഡി.എഫിന് വളക്കൂറുള്ള മണ്ണാണ് ഇടുക്കി എന്നാണ് പൊതുവെ പറയാറ്. കാലം പോകപ്പോകെ അതിനൊക്കെ മാറ്റംവന്നു. അഞ്ചു മണ്ഡലങ്ങളുള്ള ജില്ലയിൽ കോൺഗ്രസിന് ഒരു എം.എൽ.എയുണ്ടായിട്ട് ഒന്നരപ്പതിറ്റാണ്ട് കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയത് എൽ.ഡി.എഫ്. കഴിഞ്ഞതവണ ഡീൻ കുര്യാക്കോസ് ഇടുക്കി പാർലമെൻറ് മണ്ഡലം മികച്ച ഭൂരിപക്ഷത്തോടെ തിരിച്ചുപിടിച്ചത് യു.ഡി.എഫിന് ആശ്വസിക്കാൻ വക നൽകി.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടുക്കിയും തൊടുപുഴയും യു.ഡി.എഫിനും ദേവികുളം, ഉടുമ്പൻചോല, പീരുമേട് എന്നിവ എൽ.ഡി.എഫിനും ലഭിച്ചു. ഇടുക്കിയിൽ ജയിച്ച കേരള കോൺഗ്രസ് -എമ്മിലെ റോഷി അഗസ്റ്റിൻ എൽ.ഡി.എഫിെൻറ ഭാഗമായതോടെ യു.ഡി.എഫിന് പറയാൻ പി.ജെ. ജോസഫിെൻറ തൊടുപുഴ മാത്രമായി. അഞ്ചു മണ്ഡലവും കൈയടക്കാൻ എൽ.ഡി.എഫും പ്രതാപം തിരിച്ചുപിടിക്കാൻ യു.ഡി.എഫും ഇത്തവണ ഭഗീരഥപ്രയത്നത്തിലാണ്. മലയോര ജില്ലയിൽ സ്വാധീനം വർധിപ്പിക്കാനാണ് എൻ.ഡി.എ ശ്രമം.
തൊടുപുഴയിൽ പി.ജെ. ജോസഫിെൻറ 11ാം മത്സരം; എതിരാളി പഴയ തേരാളി
തൊടുപുഴയിൽ പി.ജെ. ജോസഫിെൻറ 11ാം മത്സരമാണിത്. ഇതുവരെ നടന്ന 11 തെരഞ്ഞെടുപ്പുകളിൽ ഒരുതവണ മാത്രമേ ജോസഫ് മാറിനിന്നിട്ടുള്ളൂ. എൽ.ഡി.എഫിനൊപ്പമായിരുന്ന ഒരു തവണയൊഴിച്ച് ഒമ്പതു തവണയും വിജയിച്ചു. 2016ൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം സ്വന്തമാക്കി. മണ്ഡലത്തിെൻറ ഇൗ യു.ഡി.എഫ് പാരമ്പര്യം തന്നെയാണ് ഇക്കുറിയും ജോസഫിെൻറ ആത്മബലം. ജോസഫിെൻറ ഇതുവരെയുള്ള തെരഞ്ഞെടുപ്പുകൾക്കെല്ലാം ചുക്കാൻ പിടിച്ച കേരള കോൺഗ്രസ് -എമ്മിലെ പ്രഫ. കെ.െഎ. ആൻറണിയെ ആണ് എൽ.ഡി.എഫ് രംഗത്തിറക്കിയത്. പി. ശ്യാംരാജാണ് ബി.ജെ.പി സ്ഥാനാർഥി.
ഇടുക്കിയിൽ മുന്നണി മാറി അങ്കം
കഴിഞ്ഞ തവണത്തെ സ്ഥാനാർഥികൾ മുന്നണി മാറി ഏറ്റുമുട്ടുന്നു എന്നതാണ് ഇടുക്കി മണ്ഡലത്തിെൻറ പ്രത്യേകത. യു.ഡി.എഫ് സ്ഥാനാർഥിയായി 2001 മുതൽ തുടർച്ചയായി നാലുതവണ ജയിച്ച കേരള കോൺഗ്രസ് -എമ്മിെൻറ റോഷി അഗസ്റ്റിൻ ഇത്തവണ എൽ.ഡി.എഫിനൊപ്പം നിന്ന് ജനവിധി തേടുന്നു. കഴിഞ്ഞതവണ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന കേരള കോൺഗ്രസിെൻറ അഡ്വ. കെ. ഫ്രാൻസിസ് ജോർജാണ് എതിരാളി. രാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധങ്ങളും മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളും തുണക്കുമെന്ന് റോഷിയും യു.ഡി.എഫിനൊപ്പം നിന്ന മണ്ഡലത്തിെൻറ പാരമ്പര്യം അനുകൂല ഘടകമായി ഫ്രാൻസിസും കണക്കുകൂട്ടുന്നു. ബി.ഡി.ജെ.എസിെൻറ സംഗീത വിശ്വനാഥനാണ് എൻ.ഡി.എ സ്ഥാനാർഥി.
ഉടുമ്പൻചോല ചതിക്കില്ലെന്ന വിശ്വാസത്തിൽ മണി
യു.ഡി.എഫും എൽ.ഡി.എഫും ആറുതവണ വീതം ജയിച്ച ചരിത്രമാണ് ഉടുമ്പൻചോലയുടേത്. വൈദ്യുതി മന്ത്രി എം.എം. മണിയും കോൺഗ്രസിലെ ഇ.എം. ആഗസ്തിയും തമ്മിലാണ് ഏറ്റുമുട്ടൽ. 1996ൽ കന്നിമത്സരത്തിനിറങ്ങിയ എം.എം. മണിയെ 4667 വോട്ടിന് തോൽപിച്ചത് ആഗസ്തിയാണ്. പിന്നീട് നടന്ന നാലു തെരഞ്ഞെടുപ്പിലും സി.പി.എം ജയിച്ചു. മൂന്നുതവണ സി.പി.എം ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രനും കഴിഞ്ഞതവണ മണിയും. ഇത്തവണയും ഉടുമ്പൻചോല ചതിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് മണിയാശാനും കൂട്ടരും. ബി.ഡി.െജ.എസിെൻറ സന്തോഷ് മാധവനാണ് എൻ.ഡി.എക്കുവേണ്ടി കളത്തിൽ.
ദേവികുളത്ത് കടുത്ത പോരാട്ടം
പുതുമുഖങ്ങളുടെ മത്സരത്തിലൂടെ ശ്രദ്ധേയമാണ് തോട്ടം മേഖലയായ ദേവികുളം. യു.ഡി.എഫിനുവേണ്ടി ഡി. കുമാറും എൽ.ഡി.എഫിലെ എ. രാജയുമാണ് മത്സര രംഗത്ത്. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിലും തുടർച്ചയായി വിജയിച്ചത് സി.പി.എമ്മിലെ എസ്. രാജേന്ദ്രൻ. ഇത്തവണ ഏറെ കടുത്ത മത്സരത്തിനാണ് ദേവികുളം സാക്ഷ്യംവഹിക്കുന്നത്. എൻ.ഡി.എ നിർത്തിയ എ.െഎ.എ.ഡി.എം.കെ സ്ഥാനാർഥിയുടെ പത്രിക തള്ളിയതോടെ സ്വതന്ത്ര സ്ഥാനാർഥി ഗണേശന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പീരുമേട്ടിൽ യു.ഡി.എഫിന് ശുഭപ്രതീക്ഷ
തോട്ടംതൊഴിലാളി മേഖലയായ പീരുമേട് ഇത്തവണ പിടിച്ചെടുക്കാമെന്ന ശുഭപ്രതീക്ഷയിലാണ് യു.ഡി.എഫ്. കഴിഞ്ഞതവണ കോൺഗ്രസിെൻറ അഡ്വ. സിറിയക് തോമസ് 314 വോട്ടിനാണ് സി.പി.െഎയിലെ ഇ.എസ്. ബിജിമോളോട് തോറ്റത്. 2006 മുതൽ തുടർച്ചയായി ജയിച്ച ബിജിമോൾക്ക് പകരം സി.പി.െഎയുടെതന്നെ വാഴൂർ സോമനാണ് സിറിയക്കിനോട് ഏറ്റുമുട്ടുന്നത്. ജില്ലയിൽ തൊടുപുഴ കഴിഞ്ഞാൽ യു.ഡി.എഫ് ഏറ്റവും കൂടുതൽ പ്രതീക്ഷ വെക്കുന്ന മണ്ഡലം കൂടിയാണിത്. എൻ.ഡി.എക്കുവേണ്ടി ബി.ജെ.പിയുടെ ശ്രീനഗരി രാജനും രംഗത്തുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.