ആര് വാഴും, ആര് വീഴും...? മുന്നണികളുടെ നെഞ്ചിൽ പെരുമ്പറ
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന നാട്ടങ്കത്തിന്റെ വിധി ദിനത്തിലേക്ക് നെഞ്ചിൽ പെരുമ്പറയുമായി മുന്നണികൾ. വിജയത്തുടർച്ച ലക്ഷ്യമിടുന്ന എൽ.ഡി.എഫും തിരിച്ചുവരവിനായി പൊരുതുന്ന യു.ഡി.എഫും സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയും ഒരുപോലെ ആകാംക്ഷയിലാണ്. വോട്ടിങ് ശതമാനത്തിലെ വ്യത്യാസം ആർക്ക് തുണയാകും, ആർക്ക് പണിയാകുമെന്നതിൽ മുന്നണികൾക്ക് ആശങ്കയുണ്ട്. വോട്ടിങ് ശതമാനവും ബൂത്ത് തലങ്ങളിൽനിന്നുള്ള റിപ്പോർട്ടും ഇഴകീറി വിജയ പരാജയങ്ങൾ നിശ്ചയിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ രീതി സമീപകാലത്ത് പച്ച തൊടുന്നില്ലെന്ന വിലയിരുത്തൽ പൊതുവിലുണ്ട്.
ഫലത്തിൽ മെഷീനുകൾ തുറക്കുമ്പോൾ മാത്രമേ ആരുടെ മനസ്സിലാണ് ലഡുപൊട്ടുകയെന്നും ഏത് ക്യാമ്പിലാണ് ഇടിവെട്ടുകയെന്നും അറിയാനാകൂ. അതേസമയം, ഉന്നയിച്ച വിഷയങ്ങളും പ്രചാരണങ്ങളിലെ മേൽക്കൈയും ഒപ്പം ‘ഫീൽഡ് റിപ്പോർട്ടുകളും’ മുൻനിർത്തി വലിയ ആത്മവിശ്വാസത്തിലാണ് രാഷ്ട്രീയ ക്യാമ്പുകൾ. മധുര വിതരണം മുതൽ വിജയഗീതങ്ങൾ വരെയുള്ള തയാറെടുപ്പുകളെല്ലാം പ്രദേശികമായി പൂർത്തിയായി.
സർക്കാറിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നാണ് സി.പി.എമ്മിന്റെയും ഘടകകക്ഷികളുടെയും പ്രതീക്ഷ. ആത്മവിശ്വാസങ്ങൾക്കിടയിലും ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ടോ എന്നത് ഇടതുമുന്നണിയെ അലട്ടുന്നുണ്ട്. കനത്ത സർക്കാർ വിരുദ്ധ വികാരം ആഞ്ഞടിച്ചുവെന്ന് ഉറച്ച് വിശ്വസിക്കുന്ന യു.ഡി.എഫാകട്ടെ മികച്ച നേട്ടം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന ആരോപണങ്ങൾ പ്രതീക്ഷകളിൽ കരിനിഴൽ വീഴ്ത്തുമോ എന്ന ഉത്കണ്ഠയും മുന്നണിക്കുണ്ട്. പാർട്ടി തീരുമാനങ്ങൾക്ക് വിരുദ്ധമായി മത്സരിച്ച വിമതർ പിടിക്കുന്ന വോട്ടുകൾ നിർണായകമാണ്.
തിരുവനന്തപുരം കോർപറേഷനിൽ പ്രതീക്ഷ പുലർത്തുന്ന ബി.ജെ.പി, പഞ്ചായത്തുകളിലടക്കം കൂടുതൽ വാർഡുകൾ സ്വന്തമാക്കുമെന്ന വിശ്വാസത്തിലാണ്. കഴിഞ്ഞ തവണത്തെ സീറ്റുകൾ നിലനിർത്തുക എന്നത് തന്നെ അഭിമാനപ്രശ്നമാണ്. പുതിയ നേതൃത്വത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് എന്നതിനാൽ പ്രത്യേകിച്ചും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

