ജില്ല പഞ്ചായത്തിനെ ആരു നയിക്കും?
text_fieldsഎറണാകുളം; രാധാകൃഷ്ണൻ പരിഗണനയിൽ
ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസിലെ മുതിർന്ന നേതാവും പാമ്പാക്കുട ഡിവിഷൻ വിജയിയുമായ കെ.ജി. രാധാകൃഷ്ണനെ പരിഗണിക്കുന്നു. എസ്.സി., എസ്.ടി ജനറൽ വിഭാഗത്തിനായി സംവരണം ചെയ്ത പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസിലെ ഏക പ്രതിനിധിയാണ് നിലവിൽ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ രാധാകൃഷ്ണൻ. പാമ്പാക്കുട ഡിവിഷനിൽ സി.പി.ഐയിലെ സി.ടി. ശശിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
ആകെയുള്ള 28 ഡിവിഷനുകളിൽ 25 എണ്ണവും കരസ്ഥമാക്കിയാണ് യു.ഡി.എഫ് ജില്ല പഞ്ചായത്ത് ഭരണം നിലനിർത്തിയത്. വൈസ് പ്രസിഡന്റ് സ്ഥാനം വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ളതിനാൽ ആരാകും വൈസ് പ്രസിഡന്റ് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയായിട്ടില്ല. മുൻ വൈസ് പ്രസിഡന്റ് എൽസി ജോർജിന്റെ പത്രിക തള്ളിയതോടെ മുതിർന്ന വനിതാ നേതാക്കൾ വിജയികളുടെ നിരയിലില്ലാത്തതാണ് ആശയക്കുഴപ്പത്തിന് കാരണം.
കാസർകോട്; സാബു എബ്രഹാം പ്രസിഡന്റാകും
ജില്ല പഞ്ചായത്തത് നിലനിർത്തിയ എൽ.ഡി.എഫിൽ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ സാബു എബ്രഹാം പ്രസിഡന്റാകും. കുറ്റിക്കോല ഡിവിഷനിൽനിന്ന് വലിയ ഭൂരിപക്ഷത്തിലാണ് സാബു ജയിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനം സി.പി.ഐക്ക് നൽകിയേക്കും. പെരിയ ഡിവിഷനിൽനിന്ന് ജയിച്ച കെ.കെ. സോയ വൈസ് പ്രസിഡന്റായേക്കും.
പത്തനംതിട്ട; അമ്പിളിയും സ്റ്റെല്ലയും പരിഗണനയിൽ
വമ്പൻ തിരിച്ചുവരവിലൂടെ യു.ഡി.എഫ് സ്വന്തമാക്കിയ പത്തനംതിട്ട ജില്ല പഞ്ചായത്തിൽ, അധ്യക്ഷ സ്ഥാനത്തേക്ക് പരിചയസമ്പന്നർക്ക് നറുക്കുവീണേക്കും. പ്രസിഡന്റ് സ്ഥാനം വനിത സംവരണമായതിനാൽ മലയാലപ്പുഴ ഡിവിഷനിൽ വിജയിച്ച എം.വി. അമ്പിളി, ഇലന്തൂരിൽനിന്നുളള സ്റ്റെല്ല തോമസ് എന്നിവരെയാണ് കോൺഗ്രസ് പ്രധാനമായും പരിഗണിക്കുന്നത്.
പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായിരുന്ന രേഷ്മ മറിയം റോയിയെ തോൽപിച്ചാണ് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന എം.വി. അമ്പിളി വിജയിച്ചത്. എന്നാൽ, സമുദായിക സമവാക്യങ്ങൾ കണക്കിലെടുത്ത് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ സ്റ്റെല്ല തോമസിന് നേരിയ മുൻതൂക്കമുണ്ട്. യുവപ്രാതിനിധ്യമെന്ന ആവശ്യവുമായി കോയിപ്രം ഡിവിഷനിൽ വിജയിച്ച നീതു മാമ്മൻ കൊണ്ടൂരിന്റെ പേരും ഉയരുന്നുണ്ട്.
വയനാട്; ചന്ദ്രിക കൃഷ്ണനും ജിനി തോമസിനും സാധ്യത
തദ്ദേശ തെരഞ്ഞെടുപ്പിൽ 17ൽ 15 സീറ്റുമായി യു.ഡി.എഫ് വലിയ മുന്നേറ്റം നടത്തിയ വയനാട് ജില്ല പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനത്തിന് നിരവധിപേർ രംഗത്ത്. വനിത സംവരണമായ പ്രസിഡന്റ് സ്ഥാനത്തിന് കോൺഗ്രസിൽനിന്ന് പരിഗണന പട്ടികയിലുള്ളത് മൂന്നുപേരുകളാണ്.
പ്രസിഡന്റ്/വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ കോൺഗ്രസും ലീഗും പകുതി ടേം വീതം പങ്കിട്ടെടുക്കാനാണ് സാധ്യത. ആദ്യ ചാൻസ് കോൺഗ്രസിന് നൽകുമ്പോൾ ചന്ദ്രിക കൃഷ്ണനോ ജിനി തോമസിനോ സാധ്യതയെന്നാണ് വിലയിരുത്തൽ. മഹിള കോൺഗ്രസ് ജില്ല പ്രസിഡന്റ് അമ്പലവയൽ ഡിവിഷനിലെ ജിനി തോമസിനുവേണ്ടി ഡി.സി.സി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ രംഗത്തുണ്ടെന്നാണ് വിവരം.
അതേസമയം, നിലവിലെ കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വൈത്തിരി ഡിവിഷനിൽനിന്ന് ജയിച്ച ചന്ദ്രിക കൃഷ്ണനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ട്. പരിചയസമ്പത്ത് ഇവർക്ക് അനുകൂല ഘടകമാണ്. മുൻ ഡി.സി.സി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ചന്ദ്രികക്ക് വേണ്ടി രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണൻ മുള്ളൻകൊല്ലി ഡിവിഷനിൽനിന്ന് ജയിച്ചിട്ടുണ്ട്. ഇവരെ പരിഗണിക്കണമെന്ന ആവശ്യവുമായി ജില്ലയിലെ ചില കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
വൈസ് പ്രസിഡന്റ് സ്ഥാനം മുസ്ലിം ലീഗിലെ ടി. ഹംസക്ക് നൽകാനാണ് സാധ്യത. അതേസമയം, ആദ്യ ടേം മുസ്ലിം ലീഗിന് നൽകിയാൽ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഫീദ തസ്നി, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് നസീമ ടീച്ചർ എന്നിവരെ പരിഗണിക്കാനാണ് സാധ്യത.
കോട്ടയം; പ്രസിഡന്റ് സ്ഥാനം പങ്കുവെക്കും
ജില്ല പഞ്ചായത്തിൽ ഇത്തവണയും പ്രസിഡന്റ് സ്ഥാനം പങ്കുവെക്കുമെന്നുറപ്പായി. എത്ര വർഷത്തേക്കായിരിക്കും ധാരണ എന്നേ വ്യക്തമാകാനുള്ളൂ. 12 സീറ്റിലാണ് കോൺഗ്രസ് ജയിച്ചത്. കേരള കോൺഗ്രസ് നാലു സീറ്റിലും. പ്രസിഡന്റ്സ്ഥാനം അഞ്ചുവർഷവും കോൺഗ്രസിനു വേണമെന്ന് പ്രവർത്തകർ വാദിക്കുന്നുണ്ടെങ്കിലും ഈ സമയത്ത് ജോസഫ് വിഭാഗത്തെ പിണക്കാൻ വഴിയില്ല. എന്നാൽ, പ്രവർത്തകരെ തൃപ്തിപ്പെടുത്താൻ കോൺഗ്രസിൽ രണ്ടുപേർക്ക് പ്രസിഡന്റ് സ്ഥാനം നൽകാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ കോൺഗ്രസിന് മൂന്നുവർഷം പ്രസിഡന്റ് പദവി ലഭിക്കും. കോൺഗ്രസിനായിരിക്കും ആദ്യടേം.
വാകത്താനം ഡിവിഷനിൽ ജയിച്ച ജോഷി ഫിലിപ്പ് ആയിരിക്കും പ്രസിഡന്റ്. മുൻ ഡി.സി.സി പ്രസിഡന്റ് കൂടിയായ ഇദ്ദേഹം 2015 ൽ ആദ്യടേമില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്നു. നിലവിൽ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയാണ്. രണ്ടുതവണ വാകത്താനം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ്, ഡി.സി.സി ജനറല്‍ സെക്രട്ടറി പദവികളും വഹിച്ചിട്ടുണ്ട്.
കേരള കോൺഗ്രസിൽ കാഞ്ഞിരപ്പള്ളി ഡിവിഷനില്‍ ജയിച്ച തോമസ് കുന്നപ്പള്ളി, കുറവിലങ്ങാട്ട് ജയിച്ച ജോസ്മോന് മുണ്ടക്കൽ എന്നിവർക്കാണ് സാധ്യത. മുന്‍ പ്രസിഡന്റ് കൂടിയായ തോമസ് കുന്നപ്പള്ളി നാലാംതവണയാണ് ജില്ല പഞ്ചായത്തിലേക്ക് ജയിക്കുന്നത്. ജോസ്മോൻ മൂന്നാം തവണയും.
ഇടുക്കിയിൽ പ്രഥമ പരിഗണന മിനി സാബുവിന്
ഇടുക്കി ജില്ല പഞ്ചായത്തില്‍ ഇത്തവണ അധ്യക്ഷസ്ഥാനം വനിത സംവരണമാണ്. 17 സീറ്റിൽ 14 ഉം നേടിയാണ് യു.ഡി.എഫ് ഇത്തവണ വൻ തിരിച്ചുവരവ് നടത്തിയത്. ഇതിൽ നാല് സീറ്റ് കേരള കോൺഗ്രസ് ജോസഫിന്റെതാണ്.
അധ്യക്ഷ സ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രഥമ പരിഗണന വാഗമണ്‍ ഡിവിഷനില്‍ വിജയിച്ച മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് മിനി സാബുവിനാണ്. പാമ്പാടുംപാറ ഡിവിഷനില്‍ വിജയിച്ച ജില്ല വൈസ് പ്രസിഡന്റ് മിനി പ്രിന്‍സിനും സാധ്യതയുണ്ട്.
കേരള കോണ്‍ഗ്രസിൽ അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെടുന്നതില്‍ മുന്നിൽ കരിങ്കുന്നം ഡിവിഷനില്‍ വിജയിച്ച ഷീല സ്റ്റീഫനാണ്. മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് ഷീല സ്റ്റീഫന്‍.
കണ്ണൂർ; ബിനോയ് കുര്യൻ പ്രസിഡന്റാവും
ജില്ല പഞ്ചായത്തിൽ നിലവിലെ വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷനാവും. പെരളശ്ശേരി ഡിവിഷനിൽനിന്ന് 9,497 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. നിലവിൽ സി.പി.എം ജില്ല കമ്മിറ്റി അംഗമാണ്. ബിനോയ് ഒഴികെ ജില്ല പഞ്ചായത്തിൽ എല്ലാവരും പുതുമുഖങ്ങളാണ്. എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റും സി.പി.എം ജില്ല കമ്മിറ്റി അംഗവുമായ കെ. അനുശ്രീ വൈസ് പ്രസിഡന്റായേക്കും. പിണറായി ഡിവിഷനിൽനിന്ന് 14,193 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അനുശ്രീ വിജയിച്ചത്.
കൊല്ലത്തിൽ ആർ. ലതാദേവിക്ക് സാധ്യത
തിളക്കം കുറഞ്ഞ വിജയമാണെങ്കിലും ജില്ല പഞ്ചായത്ത് നിലനിർത്തിയ എൽ.ഡി.എഫ് ക്യാമ്പിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച ചർച്ച തുടരുകയാണ്. പ്രസിഡന്റ് സ്ഥാനം വനിത സംവരണമാണ്. മുൻ വർഷങ്ങളിലേത് പോലെ ആദ്യം പ്രസിഡന്റ് സ്ഥാനം സി.പി.ഐക്ക് നൽകാൻ സി.പി.എം തയാറായാൽ ചടയമംഗലം ഡിവിഷനിൽ നിന്ന് ജയിച്ച മുൻ എം.എൽ.എ ആർ. ലതാദേവിക്കാണ് സാധ്യത.
കലയപുരം ഡിവിഷനിൽ വിജയിച്ച ജി. സരസ്വതി, തൊടിയൂർ ഡിവിഷനിൽ നിന്നുള്ള ദീപ ചന്ദ്രൻ എന്നിവരാണ് സി.പി.ഐയുടെ മറ്റ് വനിത പ്രതിനിധികൾ. കോർപറേഷനിൽ ഭരണം കിട്ടാത്ത സ്ഥിതിക്ക് ജില്ല പഞ്ചായത്തിൽ ആദ്യം പ്രസിഡന്റ് പദവി സി.പി.എം വിട്ടുകൊടുക്കുമോ എന്ന സംശയവുമുണ്ട്. സി.പി.എം പ്രസിഡന്റ് പദവി ഏറ്റെടുത്താൽ, കഴിഞ്ഞ തവണ വൈസ് പ്രസിഡന്റായിരുന്ന അഡ്വ. വി. സുമ ലാൽ, പെരിനാട് പിടിച്ച ബി. ജയന്തി, മുഖത്തലയിൽ രണ്ടാം വട്ടം ജയിച്ച സെൽവി എന്നീ നേതാക്കളാണ് സാധ്യത പട്ടികയിലുള്ളത്. വൈസ് പ്രസിഡന്റ് ആദ്യം സി.പി.എം ഏറ്റെടുത്താൽ എസ്.ആർ. അരുൺബാബുവിനെ പോലെ യുവനേതാക്കൾക്കാണ് സാധ്യത.
തൃശൂർ; മേരി തോമസിന് സാധ്യത
എൽ.ഡി.എഫ് ഭരണം നിലനിർത്തിയ ജില്ല പഞ്ചായത്തിൽ സി.പി.എം ജില്ല കമ്മിറ്റി അംഗം മേരി തോമസ് പ്രസിഡന്റായേക്കും. വാഴാനി ഡിവിഷനിൽനിന്ന് റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിച്ച മേരി തോമസിനാണ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രഥമ പരിഗണന.
14,623 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർഥി മെറീന ബാബുവിനെയാണ് മേരി തോമസ് പരാജയപ്പെടുത്തിയത്. ജില്ല പഞ്ചായത്ത് ഡിവിഷനിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. ആദ്യ ടേമിൽ മേരി തോമസിനും രണ്ടാം ടേമിൽ സി.പി.ഐയുടെ കെ.എസ്. ജയക്കുമാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

