അങ്കം മുറുകി; വടക്കുംനാഥന്റെ മണ്ണ് ആര് പിടിക്കും?
text_fieldsതൃശൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാജൻ ജെ. പല്ലൻ അയ്യന്തോളിൽ നടത്തിയ പര്യടനം, എൻ.ഡി.എ സ്ഥാനാർഥി പത്മജ വേണുഗോപാൽ തൃശൂർ
നഗരത്തിൽ നടന്ന ഓട്ടോറിക്ഷ റോഡ് ഷോയിൽ പങ്കെടുത്ത
ഓട്ടോ തൊഴിലാളികളോടൊപ്പം
നിയമസഭ തെരഞ്ഞെടുപ്പ് പൂരത്തിന്റെ ആവേശത്തിലാണ് തൃശൂർ. മണ്ഡലം നിലനിർത്താൻ ഇടതും പിടിച്ചെടുക്കാൻ യു.ഡി.എഫും എൻ.ഡി.എയും സർവ അടവുകളുമായി കച്ചമുറുക്കി രംഗത്തുണ്ട്. എൽ.ഡി.എഫിന് വേണ്ടി കവി ആലങ്കോട് ലീലാകൃഷ്ണനും യു.ഡി.എഫിന് വേണ്ടി രാജൻ ജെ. പല്ലനും എൻ.ഡി.എക്ക് വേണ്ടി പത്മജ വേണുഗോപാലുമാണ് അങ്കത്തിനുള്ളത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലെ വിജയത്തിന്റെ പൊൻതൂവലുമായിട്ടാണ് എൽ.ഡി.എഫ് കളത്തിലിറങ്ങുന്നത്. ലോക്സഭ തെരഞ്ഞടുപ്പിന്റെ കണക്കുകളിലാണ് ബി.ജെ.പി പ്രതീക്ഷ. ക്രൈസ്തവസഭയുടെ നിലപാടും ചായ്വും ഗുണകരമാകുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. യു.ഡി.എഫും എൻ.ഡി.എയും തമ്മിലാണ് മത്സരമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
കോർപറേഷനിൽ മേയറായും പ്രതിപക്ഷ നേതാവായും രാഷ്ട്രീയം ഉള്ളംകൈയിലിട്ട് അമ്മാനമാടിയ നേതാവാണ് രാജൻ ജെ. പല്ലൻ. കോർപറേഷൻ രൂപവത്കരിച്ച കാലം മുതൽ 25 വർഷം തുടർച്ചയായി അദ്ദേഹം കൗൺസിലറായി. അതിൽ രണ്ടുവർഷം മേയറുമായി. കോർപറേഷൻ ഡിവിഷനുകൾ മാത്രം ഉൾക്കൊള്ളുന്ന മണ്ഡലത്തിൽ അദ്ദേഹത്തെ ഒരിടത്തും പരിചയപ്പെടുത്തേണ്ടതില്ല. മണ്ഡലത്തിലെ പൗരപ്രമുഖരെയെല്ലാം അദ്ദേഹം നേരത്തെ കണ്ട് സഹായം തേടിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടു തവണ കോർപറേഷൻ ഭരണം യു.ഡി.എഫിന് നഷ്ടപ്പെട്ടിരുന്നു.
രണ്ടു തവണ നിയമസഭ മണ്ഡലവും കൈവിട്ടു. ഇപ്പോൾ കോർപറേഷൻ യു.ഡി.എഫ് തിരിച്ചുപിടിച്ചു അതുകൊണ്ടുതന്നെ നിയമസഭ മണ്ഡലവും തിരിച്ചുപിടിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് രാജൻ ജെ. പല്ലൻ. സർക്കാർ വികസനം പൊള്ളയാണെന്നും തൃശൂർ മണ്ഡലത്തിൽ കഴിഞ്ഞ 10 വർഷം ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്നുമാണ് രാജൻ പല്ലൻ പറയുന്നത്. മേയർ ഭരണകാലത്ത് താൻ ചെയ്ത നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചാണ് പോരാട്ടം. ഏറ്റവും അവസാനമാണ് രാജൻ ജെ. പല്ലൻ എത്തിയതെങ്കിലും വേഗത്തിൽ കളംനിറയാൻ കഴിഞ്ഞിട്ടുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ എല്‍.ഡി.എഫ് ഭരണസമിതിയുടെ ദുര്‍ഭരണത്തിനെതിരെ രാജന് ജെ. പല്ലന്റെ നേതൃത്വത്തില്‍ നടത്തിയ പോരാട്ടങ്ങളാണ് യു.ഡി.എഫിന്റെ കോര്‍പറേഷനിലെ തിരിച്ചുവരവിന് സഹായിച്ചത്.
സജീവ രാഷ്ട്രീയക്കാരനല്ല എൽ.ഡി.എഫ് സ്ഥാനാർഥി കവി ആലങ്കോട് ലീലാകൃഷ്ണൻ. സർക്കാറിന്റെ വികസന പ്രവർത്തനങ്ങളെ മുൻനിർത്തിയും മൂന്നാം വട്ടം ഭരണം ഉറപ്പാക്കുകയെന്ന മുദ്രാവാക്യമുയർത്തിയുമാണ് ആലങ്കോട് ലീലാ കൃഷ്ണന്റെ പ്രചാരണം. കവിത ചൊല്ലിയും മാനവ മൈത്രി പ്രസംഗിച്ചും ഇടത് വേദികളിൽ വലിയ ആവേശമായി മാറിയിട്ടുണ്ട് അദ്ദേഹം. കേന്ദ്രസർക്കാറിന്റെ കേരളത്തോടുള്ള അവഗണനയടക്കം പോരാട്ടത്തിൽ എടുത്തു കാണിക്കുന്നുണ്ട്. ഏതു വമ്പനെയും നേരിടാൻ തനിക്ക് കഴിവുണ്ടെന്ന് തെളിയിക്കുകയാണ് അദ്ദേഹം.
2021ൽ തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയും കെ. കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാലാണ് എൻ.ഡി.എ സ്ഥാനാർഥി. തൃശൂരിൽ ആദ്യം താമര വിരിയിച്ച സുരേഷ് ഗോപിയെപ്പോലെ നിയമസഭയിലേക്കും ഒന്നെടുക്കണമെന്ന മോഹത്തിലാണ് പത്മജ. അതിന് ആക്കം കൂട്ടാൻ സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിൽ റോഡ് ഷോക്ക് എത്തി. ഇടത് വലത് മുന്നണികൾ തൃശൂരിന് ബാധ്യതയാണെന്നും വികസനത്തിന് ദേശീയ നയവും പരിപാടികളും ആവശ്യമായതിനാൽ താമര വിരിയിക്കുമെന്നാണ് പത്മജയുടെ പ്രഖ്യാപനം. മാറാത്തത് മാറ്റാൻ ഉറച്ചു തന്നെയാണ് തന്റെ സ്ഥാനാർഥിത്വമെന്ന് പത്മജ പറയുന്നു. ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളിൽ എല്ലാം പത്മജ പരാജയപ്പെട്ടിരുന്നു. ഇതിൽ പരാജയപ്പെടില്ലെന്ന് വിശ്വാസം.
മൂന്ന് മുന്നണികൾക്കും തൃശൂരിൽ വിജയപ്രതീക്ഷയുണ്ട്. അതിനാൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശൂർ കോർപറേഷനിലെ 40 ഡിവിഷനുകളിൽ 24ലും യു.ഡി.എഫാണ് വിജയിച്ചത്. ഒമ്പതിടത്ത് എൽ.ഡി.എഫും ഏഴിടത്ത് എൻ.ഡി.എയും ജയിച്ചു. മൂന്ന് മാസം മുമ്പ് നേടിയ കോർപറേഷനിലെ വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. 2011 മുതൽ എൽ.ഡി.എഫിൽ സി.പി.ഐക്കായി നീക്കിവെച്ച മണ്ഡലമാണിത്. 2016ൽ വി.എസ്. സുനിൽകുമാറാണ് തൃശൂരിനെ വീണ്ടും ഇടതുപക്ഷത്തേക്ക് ചേർത്തുവെച്ചത്. 2021ൽ പിൻഗാമിയായി വന്ന പി. ബാലചന്ദ്രൻ 946 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ രണ്ട് തവണയും ലഭിച്ച വിജയം അവർത്തിക്കുമെന്നാണ് എൽ.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നത്. തെരഞ്ഞെടുപ്പിൽ ലീഡറുടെ മകളെന്ന പരിഗണനയും പത്മജക്ക് തുണയാകുമെന്നാണ് ബി.ജെ.പി പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

