പാലക്കാട് നഗരസഭ ആര് ഭരിക്കും? യു.ഡി.എഫും എൽ.ഡി.എഫും കൈകൊടുക്കുമോ...
text_fieldsപാലക്കാട്: ആർക്കും കേവലഭൂരിപക്ഷമില്ലാത്ത പാലക്കാട് നഗരസഭയിൽ ഭരണം ആര് പിടിക്കുമെന്നതാണ് ഇപ്പോൾ ആകാംക്ഷ. ആകെ 53 സീറ്റുള്ള നഗരസഭയിൽ 25 സീറ്റ് നേടിയ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. കേവലഭൂരിപക്ഷം തികക്കാൻ 27 സീറ്റ് വേണം. കഴിഞ്ഞ വർഷത്തേക്കാളും മൂന്നു സീറ്റ് നഷ്ടപ്പെട്ടതോടെയാണ് സുനിശ്ചിതമായിരുന്ന ബി.ജെ.പിയുടെ ഹാട്രിക് ഭരണം തുലാസ്സിലായത്. യു.ഡി.എഫ് 18 സീറ്റും എൽ.ഡി.എഫ് ഒമ്പത് സീറ്റുമാണ് ഇത്തവണ നേടിയത്. 10 വർഷം നീണ്ട ബി.ജെ.പി ഭരണം തുടരുന്നത് തടയാൻ യു.ഡി.എഫും എൽ.ഡി.എഫും പരസ്പരം കൈകൊടുത്തേക്കുമെന്നാണ് സൂചന.
ഇരുപാർട്ടികളുടെയും നേതാക്കൾ സഖ്യസാധ്യത തള്ളുന്നില്ല. നിലവിലെ വൈസ് ചെയർമാൻ ഉൾപ്പെടെ വിജയിച്ചതിനാൽ ഭരണം നിലനിർത്താനാകും ബി.ജെ.പി പരമാവധി ശ്രമിക്കുക. എന്നാൽ, 48ാം വാർഡ് പള്ളിപ്പുറത്തുനിന്ന് സ്വതന്ത്രനായി വിജയിച്ച എച്ച്. റഷീദിന്‍റെ നിലപാടാകും മുന്നണികൾക്ക് നിർണായകമാകുക. നഗരസഭയിൽ ഇത്തവണ ചെയർമാൻ സ്ഥാനം ജനറലാണ്. മുന്നണികൾ എച്ച്. റഷീദിന് പിന്തുണ നൽകിയേക്കുമെന്നും സൂചനയുണ്ട്. കോൺഗ്രസ് വിമതനായാണ് ഇദ്ദേഹം മത്സരരംഗത്തിറങ്ങിയത്. അതിനാൽ റഷീദ് ആർക്കൊപ്പം നിൽക്കുമെന്ന് കണ്ടറിയണം.
നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പരസ്പരം പിന്തുണ നൽകുന്നതിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും പരിമിതികളേറെയാണ്. ബി.ജെ.പിയെ മാറ്റിനിർത്താൻ ആവശ്യമെങ്കിൽ ഏതു മാർഗവും സ്വീകരിക്കുമെന്ന് പാലക്കാട് ഡി.സി.സി പ്രസിഡന്‍റ് എ. തങ്കപ്പൻ പറഞ്ഞു. ബി.ജെ.പിയെ പുറത്താക്കുകയാണ് ലക്ഷ്യമെന്നും അതിനുവേണ്ടി യു.ഡി.എഫുമായി സഹകരിക്കുന്നതിൽ എതിർപ്പില്ലെന്നും ആവശ്യമെങ്കിൽ സ്വതന്ത്രനുമായും സഹകരിക്കുമെന്നും സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു വ്യക്തമാക്കി. അതേസമയം, ജനവിധി അംഗീകരിക്കാൻ ഇരുകൂട്ടരും തയാറാവണമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. കൃഷ്ണകുമാർ പറഞ്ഞു. ജനവിധി മാനിച്ച് ബി.ജെ.പിക്ക് ഭരിക്കാൻ അവസരം നൽകണം. അവിശുദ്ധ സഖ്യം ജനങ്ങൾ തള്ളുമെന്നും കൃഷ്ണകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

