ആരാകും മേയർ?
text_fieldsതിരുവനന്തപുരം - ചർച്ച തകൃതി; വി.വി. രാജേഷിന് സാധ്യത
തിരുവനന്തപുരം: കോർപറേഷന്റെ ആദ്യ എൻ.ഡി.എ മേയറാകാൻ ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷിന് സാധ്യതയേറി. മുൻ ഡി.ജി.പി ആർ. ശ്രീലേഖയെയും മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയിരുന്നെങ്കിലും പ്രവർത്തപരിചയം കണക്കിലെടുത്ത് വി.വി. രാജേഷിന് നറുക്ക് വീഴാനാണ് സാധ്യത. ഇതു സംബന്ധിച്ച ചർച്ചകൾ മാരാർജി ഭവനിൽ തുടരുകയാണ്. വി.വി. രാജേഷിനൊപ്പം എം.ആർ. ഗോപൻ, കരമന അജിത്ത് എന്നീ പേരുകളും ഉയരുന്നുണ്ടെങ്കിലും രാജേഷിനാണ് സംസ്ഥാന സമിതിയുടെ പിന്തുണ.
ഇക്കുറി തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിത സംവരണമായതിനാൽ കരകുളം ഡിവിഷനിൽനിന്ന് വിജയിച്ച ആർ. പ്രീതയും പോത്തൻകോട് ഡിവിഷനിൽനിന്ന് വിജയിച്ച എസ്. കാർത്തികയെയുമാണ് സി.പി.എം പരിഗണിക്കുന്നത്. ഇവരിൽ എസ്. കാർത്തികക്കാണ് കൂടുതൽ സാധ്യത. അന്തിമ തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകും.
കോഴിക്കോട്- പരിഗണനയിൽ നിരവധി പേരുകൾ
കോഴിക്കോട്: ചരിത്രനഗരത്തിന്റെ മേയർ പദവി ഇത്തവണയും വനിതക്ക് ലഭിക്കുമോ? കഴിഞ്ഞ തവണ വനിതസംവരണമായിരുന്നു കോഴിക്കോട് മേയർ പദവി. ഇത്തവണ ജനറൽ വിഭാഗത്തിൽനിന്നാണ് മേയർ എന്നതിനാൽ പുരുഷ മേയറെയാണ് പ്രതീക്ഷിച്ചിരുന്നത്. ഡെപ്യൂട്ടി മേയറായിരുന്ന സി.പി. മുസാഫർ അഹമ്മദായിരുന്നു എൽ.ഡി.എഫിന്റെ ഇത്തവണത്തെ മേയർ സ്ഥാനാർഥി. അദ്ദേഹം പരാജയപ്പെട്ടാൽ പ്ലാൻ ബി പ്രകാരം ഏരിയ കമ്മിറ്റി അംഗം ടി. സുജനായിരുന്നു സാധ്യത. അദ്ദേഹവും പക്ഷേ തോറ്റതോടെ ആരാണ് അടുത്ത മേയർ എന്ന ചർച്ച സജീവമായി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനായിരുന്ന ഡോ. എസ്. ജയശ്രീക്ക് മേയർ പദവി ലഭിക്കുമെന്ന് സൂചനയുണ്ട്.
പുതുതലമുറയെ മേയർ പദവിയിൽ ഇരുത്തുന്നതിനെക്കുറിച്ചും ആലോചന ശക്തമാണ്. ആദം മാലിക്, കെ. സന്ദേശ് എന്നിവരാണ് യുവസാരഥികളുടെ പട്ടികയിൽ ഉള്ളത്. എരിയ കമ്മിറ്റി മെംബർമാരായ കെ. രാജീവ്, പി.പി. ബീരാൻകോയ എന്നിവരുടെ പേരുകളും ചർച്ചയിലുണ്ട്. സി.പി.എം സംസ്ഥാന കമ്മിറ്റിയാണ് ആര് മേയറാവണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
കണ്ണൂർ - ഇന്ദിരയോ ശ്രീജയോ
കണ്ണൂർ: മികച്ച വിജയത്തിലൂടെ യു.ഡി.എഫ് നിലനിർത്തിയ കണ്ണൂർ കോർപറേഷനിൽ നിലവിലെ ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിരയോ മഹിള കോൺഗ്രസ് ജില്ല അധ്യക്ഷ ശ്രീജ മഠത്തിലോ മേയറാവും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ കോൺഗ്രസിൽ പുരോഗമിക്കുകയാണ്. ഇന്ദിരക്ക് പാർലമെന്ററി രംഗത്ത് മികച്ച അനുഭവസമ്പത്തുണ്ട്. എന്നാൽ, മഹിള കോൺഗ്രസ് അധ്യക്ഷ പദവിയിലൂടെ ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ശ്രീജക്കുവേണ്ടിയും നേതാക്കൾ സമ്മർദം ചെലുത്തുന്നുണ്ട്. തുടക്കത്തിൽ സീറ്റ് ലഭിക്കാതിരുന്ന ഇന്ദിരക്ക് അവസാന നിമിഷമാണ് പയ്യാമ്പലത്ത് സീറ്റ് ലഭിച്ചത്. മുണ്ടയാട് ഡിവിഷനിൽനിന്ന് ജയിച്ച ശ്രീജക്ക് കെ. സുധാകരൻ എം.പിയുടെ പിന്തുണയുണ്ട്. എന്നാൽ, ഇന്ദിരക്ക് എ.ഐ.സി.സി ജന. സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പിന്തുണയുമുണ്ട്. അതിനാൽതന്നെ, ആരാവും മേയർ എന്ന് ഒന്നും പറയാനാവാത്ത സ്ഥിതിയാണ്. കണ്ണൂരിൽ യു.ഡി.എഫ് ധാരണ പ്രകാരം ആദ്യ രണ്ടരവർഷം വീതം കോൺഗ്രസിനും പിന്നീട് മുസ്ലിം ലീഗിനുമാണ് മേയർ സ്ഥാനം. മുസ് ലിംലീഗ് ജില്ല വൈസ് പ്രസിഡന്റ് കെ.പി. താഹിർ ആയിരിക്കും ഡെപ്യൂട്ടി മേയറാവുക.
തൃശൂർ- കടുത്ത മത്സരം: വീതംവെക്കാൻ കോൺഗ്രസ്
പത്തു വർഷങ്ങൾക്കിപ്പുറം യു.ഡി.എഫ് വിജയക്കൊടി പാറിച്ച കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ഒന്നിലധികം പേരുകൾ ഉയർന്നതോടെ പദവികൾ വീതംവെക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ് നേതൃത്വം. കോർപറേഷനിൽ 33 ഡിവിഷനുകളിൽ വിജയിച്ച് കേവല ഭൂരിപക്ഷം നേടിയ യു.ഡി.എഫിൽ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾക്കായി കടുത്ത മത്സരമാണ് നടക്കുന്നത്. വനിത സംവരണമായ മേയർ സ്ഥാനത്തേക്ക് ലാലി ജെയിംസ്, ഡോ. നിജി ജസ്റ്റിൻ, അഡ്വ. സുബി ബാബു, ശ്യാമള മുരളീധരൻ തുടങ്ങിയവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. അഞ്ചു വർഷവും ഒരാൾതന്നെ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിൽ ഇരിക്കില്ലെന്നാണ് സൂചന. മൂന്നു തവണകളായി പദവി വീതംവെക്കാനാണ് കോൺഗ്രസിലെ ധാരണ.
ലാലൂർ ഡിവിഷനിൽനിന്ന് എൽ.ഡി.എഫ് മേയർ സ്ഥാനാർഥി ലിസി ജോയിയെ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയ ലാലി ജെയിംസിനാണ് സാധ്യത കൽപിക്കപ്പെടുന്നത്. കോർപറേഷനിൽ ഏറ്റവും കൂടിയ ഭൂരിപക്ഷം ലാലിക്കാണ്. കെ.പി.സി.സി സെക്രട്ടറി എ. പ്രസാദ്, ഡി.സി.സി ജനറൽ സെക്രട്ടറി ബൈജു വർഗീസ് എന്നിവരുടെ പേരുകളാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് സജീവമായിട്ടുള്ളത്. കോർപറേഷനിൽ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ പാർട്ടി നേതൃത്വം ഏകപക്ഷീയമായി അന്തിമ തീരുമാനം എടുക്കും.
കൊല്ലം - ഉറപ്പിച്ച് ഹഫീസ്
കൊല്ലം: യു.ഡി.എഫ് പിടിച്ചെടുത്ത കൊല്ലം കോർപറേഷനിൽ മേയറാവുക ട്രേഡ് യൂനിയൻ നേതാവ് എ.കെ. ഹഫീസ്. പ്രചാരണ ഘട്ടത്തിൽ തന്നെ എ.കെ. ഹഫീസിനെ മേയർ സ്ഥാനാർഥിയായാണ് യു.ഡി.എഫ് അവതരിപ്പിച്ചിരുന്നത്.
കൊല്ലം കോർപറേഷനിലെ ഡെപ്യൂട്ടി മേയറെ (വനിത സംവരണം) യു.ഡി.എഫ് യോഗം ചേർന്ന് തീരുമാനിക്കും. ആർ.എസ്.പിക്കും മുസ്ലിം ലീഗിനും ഓരോ വനിതകളുണ്ട്. എന്നാൽ, സാമുദായിക സമവാക്യങ്ങൾ ഉൾപ്പെടെ പരിഗണിക്കുമ്പോൾ ആർക്ക് നറുക്ക് വീഴുമെന്നത് കാത്തിരുന്ന് കാണണം.
കൊച്ചി - മുന്നിൽ മൂന്ന് പേരുകൾ
കൊച്ചി കോർപറേഷൻ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ആര് എന്ന ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചിട്ടില്ല. മേയർ, ഡെപ്യൂട്ടി മേയർ പദവികളിൽ കണ്ണുനട്ട് കോൺഗ്രസിൽ നിരവധി പേരുണ്ട്. മേയർ സ്ഥാനം വനിത സംവരണമാണ്. ദീപ്തി മേരി വർഗീസ്, വി.കെ. മിനിമോൾ, ഷൈനി മാത്യു എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയർന്നുകേൾക്കുന്നത്.
സാമുദായിക സമവാക്യങ്ങൾ പരിഗണിക്കുകയാണെങ്കിൽ കെ.വി.പി. കൃഷ്ണകുമാർ, വി.ആർ. സുധീർ, ദീപക് ജോയ് തുടങ്ങിയവർക്ക് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് സാധ്യതയേറും. സീനിയോറിറ്റിയും യോഗ്യതയുമാണ് മാനദണ്ഡമാവുകയെങ്കിൽ എം.ജി. അരിസ്റ്റോട്ടിൽ, ഹെൻട്രി ഓസ്റ്റിൻ തുടങ്ങിയവരും ഡെപ്യൂട്ടി മേയറാവാനിടയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

