ആരാകും നിലമ്പൂരിൽ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി? ഷറഫലിയടക്കം പേരുകൾ, നാളെ അറിയാം
text_fieldsമലപ്പുറം: കഴിഞ്ഞ രണ്ടു തവണയായി നിലമ്പൂർ നിയമസഭ സീറ്റ് കൈവശം വെക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥിയെ വെള്ളിയാഴ്ച അറിയാം. അൻവർ ഉയർത്തിയ വെല്ലുവിളികളെ മറികടന്ന് ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതു വഴി യു.ഡി.എഫ് മുന്നിലെത്തിയ സ്ഥിതിയാണ്.
യു.ഡി.എഫ് സ്ഥാനാർഥിയെ നിർത്തിയ ശേഷം സ്ഥനാർഥിയെ പ്രഖ്യാപിക്കുമെന്നായിരുന്നു എൽ.ഡി.എഫ് അറിയിച്ചിരുന്നത്. പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥി ഉണ്ടാകുമോ അതോ സ്വതന്ത്രനായിരിക്കുമോ എന്ന കാര്യവും സജീവ ചർച്ചയായിട്ടുണ്ട്. വെള്ളിയാഴ്ച നടക്കുന്ന എൽ.ഡി.എഫ് യോഗത്തിനു ശേഷം സ്ഥാനാർഥിയെ പ്രഖ്യാപിക്കും എന്നാണ് എൽ.ഡി.എഫ് വൃത്തങ്ങൾ അറിയിക്കുന്നത്.
യു.ഡി.എഫാകട്ടെ പ്രചാരണം തുടങ്ങുകയും ചെയ്തിട്ടുണ്ട്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ് എന്നിവര്‍ എൽ.ഡി.എഫ് പട്ടികയിലുണ്ട്. എന്നാൽ പാർട്ടിയിലെ യുവനേതാവ് എം.സ്വരാജ് സ്ഥാനാർഥിയായി എത്താനിടയില്ല.
തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന സ്വരാജിനെ സ്ഥാനാര്‍ഥിയായി പരിഗണിക്കില്ലെന്നാണ് സൂചന. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാര്‍ഥി പട്ടിക ചര്‍ച്ച ചെയ്തപ്പോള്‍ മുതല്‍ ഉയരുന്ന പേരാണ് എം. സ്വരാജിന്റേത്. മണ്ഡലത്തില്‍ ജനിച്ചു വളര്‍ന്ന ആളെന്ന നിലയിലാണ് പ്രധാനമായും പേര് ഉയര്‍ന്നു വന്നത്. മണ്ഡലത്തിന്റെ പ്രധാനപ്പെട്ട ചുമതലക്കാരനാണ് എന്നതാണ് കാരണമായി ഉയര്‍ത്തിക്കാട്ടുന്നത്. മുഖ്യ ചുമതലക്കാരനായി എ. വിജയരാഘവന്‍ ഉണ്ടെങ്കിലും മണ്ഡലത്തിന്റെ സംഘടനാ ചുമതലയുടെ ചുക്കാന്‍ പിടിക്കുന്നത് സ്വരാജാണ്. അതുകൊണ്ട് സ്വരാജിനെ മത്സരരംഗത്തേക്ക് ഇറക്കുന്നില്ലെന്നാണ് നിലപാട്.
യു. ഷറഫലിക്കാകട്ടെ താഴേത്തട്ടിലുള്ള പ്രവർത്തകരുടെയടക്കം പിന്തുണയില്ലാത്തത് വിപരീത ഫലമുണ്ടാകുമെന്ന ആശങ്ക എൽ.ഡി.എഫ് കേന്ദ്രങ്ങളിലുണ്ട്. 1987 മുതൽ 2016 വരെയുള്ള ആര്യാടൻ യുഗത്തിൽനിന്ന് മണ്ഡലം എൽ.ഡി.എഫ് പിടിച്ചത് പി.വി. അൻവറിനെ സ്വതന്ത്രനായി നിർത്തിക്കൊണ്ടായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ വർഷം മുതൽ പിണറായി വിജയനെയും സി.പി.എമ്മിനെയും ശത്രുപക്ഷത്ത് നിർത്തി പടക്കിറങ്ങി അൻവർ അനഭിമതനാവുകയായിരുന്നു.
അൻവർ രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് ആസന്നമായത്. ശക്തനായ സ്ഥാനാർഥിയെ നിർത്തി അൻവറിനെ അപ്രസക്തനാക്കുകയും മണ്ഡലം നിലനിർത്തുകയും ചെയ്യുന്ന സമീപനമാണ് എൽ.ഡി.എഫ് സ്വീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

