'മാറ്റാരുണ്ട് എൽ.ഡി.എഫ് അല്ലാതെ' മുദ്രാവാക്യം ജനങ്ങൾക്കിടയിൽ മറ്റൊരുബോധം സൃഷ്ടിച്ചു -പി. രാജീവ്
text_fieldsമലപ്പുറം: ‘എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന പ്രചാരണം തിരിച്ചടിച്ചെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി. രാജീവ്. ‘ഇ.എം.എസിന്റെ ലോകം’ ദേശീയ സെമിനാറിന്റെ ഭാഗമായ ഓപൺ ഫോറത്തിൽ, പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുദ്രാവാക്യം ശരിയായില്ലെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ട്. അത് ജനങ്ങൾക്കിടയിൽ മറ്റൊരു ബോധം രൂപപ്പെടാൻ ഇടയാക്കി. വർഗ ബഹുജന സംഘടനകളുടെ പ്രവർത്തനം സ്വതന്ത്രമല്ല. എസ്.എഫ്.ഐ അടക്കമുള്ളവയുടെ പ്രവർത്തനം സ്വതന്ത്രമെന്നത് രേഖകളിൽ മാത്രമുള്ള യാഥാർഥ്യമാണ്. അതിൽ കാലോചിതമായ മാറ്റം ഉണ്ടാകണം. അംഗത്വത്തിലും പ്രസിദ്ധീകരണങ്ങളുടെ കാര്യത്തിലും ആ മാറ്റം വേണം എന്ന ചർച്ചയെല്ലാം ഇപ്പോൾ വന്നിട്ടുണ്ട്.
വെള്ളാപ്പള്ളി വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റി. ഇത്തരം കാര്യങ്ങൾ, കമ്പ്യൂട്ടറിൽ ചെയ്യുന്ന പോലെ അൺഡൂ ചെയ്യാൻ പറ്റില്ല. അനുഭവത്തിൽനിന്ന് പഠിച്ച്, ഭാവിയിൽ എങ്ങനെ ഇടപെടണമെന്ന് ധാരണയുണ്ടാക്കുകയേ നിർവാഹമുള്ളു. ശബരിമല സ്വർണക്കൊള്ളയിലും പാർട്ടിക്ക് തെറ്റി.
ആ സന്ദർഭത്തിൽ തന്നെ നടപടി വേണ്ടതായിരുന്നു. ലോക്സഭയിലും തദ്ദേശത്തിലും ഉണ്ടായ പരാജയങ്ങൾ പാർട്ടി പരിശോധിച്ച് മറികടക്കാനുള്ള കാര്യങ്ങൾ ആലോചിച്ചിരുന്നു. എന്നാൽ, സംസ്ഥാന സർക്കാറിന്റെ പ്രകടനവും അതിലൂടെ നാട്ടിലുണ്ടായ മാറ്റവും കാരണം വലിയ കുഴപ്പമില്ല എന്ന ചിന്ത ഉണ്ടായി എന്നത് യാഥാർഥ്യമാണ്. പരാജയം മറികടക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും മറികടക്കാൻ കഴിയാതെ പോയി എന്നുള്ളതാണ് വസ്തുത.
എസ്.ഐ.ആറിൽ സംഘടനപരമായി ഇടപെടുന്നതിൽ പാർട്ടിക്ക് കുറവുകൾ സംഭവിച്ചിട്ടുണ്ടെന്ന് പി. രാജീവ് ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ, നമ്മുടെ സമീപനം വോട്ടർമാരെ ഒഴിവാക്കുന്നതിനെതിരെ ആയിരുന്നു. എന്നാൽ, വലതുപക്ഷത്തിന് എസ്.ഐ.ആറിലൂടെ വലിയതോതിലുള്ള ഉണർവുണ്ടായി എന്നുള്ളത് നമ്മൾ കാണണം.
കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് പുറത്തുള്ള വനിതകളുടെ മാത്രമല്ല, പാർട്ടി കുടുംബങ്ങളിലുള്ളവരുടെ വോട്ടും പാർട്ടിക്ക് നഷ്ടമായിട്ടുണ്ടെന്ന് ഓപൺ ഫോറത്തിൽ പങ്കെടുത്ത സി.പി.എം കേന്ദ്രകമ്മിറ്റിയംഗം സി.എസ്. സുജാത പറഞ്ഞു. അത് തിരിച്ചുപിടിക്കാനുള്ള ഫലപ്രദമായ നിർദേശങ്ങളുമായിട്ടാണ് നമ്മൾ മുന്നോട്ടുപോകുന്നതെന്നും അവർ കൂട്ടിചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

