ആർക്കാണ് മോദിപ്പേടി? യശ്വന്ത് സിൻഹയെ ചൊല്ലി വാക്പോരുമായി കെ. സുധാകരനും മന്ത്രി റിയാസും
text_fieldsകേരളത്തിലെത്തിയ യശ്വന്ത് സിൻഹയെ വിമാനത്താവളത്തിൽ യു.ഡി.എഫ് നേതാക്കൾ സ്വീകരിക്കുന്നു (ഇടത്ത്),
മന്ത്രി പി രാജീവ് യശ്വന്ത് സിൻഹ താമസിക്കുന്ന ഹോട്ടലിലെത്തി സന്ദർശിച്ചപ്പോൾ (വലത്ത്)
തിരുവനന്തപുരം: വോട്ടഭ്യർഥിക്കാൻ കേരളത്തിലെത്തിയ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹക്ക് സ്വീകരണം നൽകിയതിനെ ചൊല്ലി സി.പി.എം -കോൺഗ്രസ് വാക്പോര്. വിമാനത്താവളത്തിൽ സിൻഹയെ സ്വീകരിക്കാനെത്തിയ കെ.പി.സി.സി പ്രസിഡന്ററ് കെ. സുധാകരന്റെ ഫേസ്ബുക് പോസ്റ്റാണ് വിവാദത്തിന് തുടക്കമിട്ടത്. പിന്നാലെ മറുപടിയുമായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസും രംഗത്തെത്തി.
യശ്വന്ത് സിൻഹയെ സ്വീകരിക്കാൻ ഇടതുപക്ഷത്തുനിന്നും ആരും വിമാനത്താവളത്തിലെത്താതിരുന്നത് ദുരൂഹമാണെന്നായിരുന്നു സുധാകരന്റെ കുറിപ്പ്. യു.ഡി.എഫ് നേതാക്കൾ അദ്ദേഹത്തെ സ്വീകരിക്കുന്ന ഫോട്ടോ പങ്കുവെച്ചായിരുന്നു ഈ ആരോപണം. 'നരേന്ദ്രമോദിയെ പേടിച്ചാകാം പിണറായിയും കൂട്ടരും വിമാനത്താവളത്തിൽ എത്താതിരുന്നത്. സീതാറാം യെച്ചൂരി കൂടി ചേർന്നാണ് ഡൽഹിയിൽ യശ്വന്ത് സിൻഹക്ക് വേണ്ടി നോമിനേഷൻ കൊടുത്തത്. എന്നിട്ടും കേരളത്തിൽ സി.പി.എമ്മിൽ നിന്നും യശ്വന്ത് സിൻഹയെ സ്വീകരിക്കാൻ ആരും വന്നില്ലയെന്നത് അത്ഭുതപ്പെടുത്തുന്നു. സ്വർണ്ണക്കള്ളക്കടത്തു കേസ് ഒത്തുതീർപ്പിന്റെ ഭാഗമായി രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സി.പി.എം മോദിക്കൊപ്പം നിൽക്കുമെന്ന് വ്യക്തമാകുകയാണ്' എന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
എന്നാൽ, കെ.പി.സി.സി പ്രസിഡന്ററിന്റെ കുറിപ്പ് വായിച്ചപ്പോൾ അത്ഭുതവും ആശ്ചര്യവും തോന്നിയെന്ന ആമുഖത്തോടെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി റിയാസ് രംഗത്തെത്തി. 'അങ്ങയെപോലെ ഉത്തരവാദിത്ത സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ ഫേസ്ബുക്കിൽ പോസ്റ്റ് ഇടുമ്പോൾ വസ്തുതകൾ മനസ്സിലാക്കണം. ഞങ്ങളെ അടിക്കാൻ ഇതാ കിട്ടിപ്പോയി വടി എന്ന് കരുതി നമ്മൾ ഒരുമിച്ച് നിൽക്കുന്ന രാഷ്ട്രപതി തെരെഞ്ഞെടുപ്പ് വിഷയത്തിലെങ്കിലും ചാടരുതായിരുന്നു' -റിയാസ് ഓർമിപ്പിച്ചു.
യശ്വന്ത് സിൻഹ താമസിക്കുന്ന ഇടത്ത് പോയി മന്ത്രി പി രാജീവ് അദ്ദേഹത്തെ നേരിൽ കണ്ട ചിത്രം പങ്കുവെച്ചായിരുന്നു റിയാസിന്റെ ഫേസ്ബുക് പോസ്റ്റ്.
റിയാസിന്റെ കുറിപ്പിൽനിന്ന്:
'പ്രതിപക്ഷത്തിന്റെ സംയുക്ത രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ സന്ദർശന വിവരം അറിഞ്ഞ ഉടൻ തന്നെ ചുമതല ഏറ്റെടുത്ത് ഇടപെട്ടവരിൽ ഒരാൾ മന്ത്രി പിരാജീവാണ്. മന്ത്രി സൂചിപ്പിച്ചതിന്റെ ഭാഗമായി അദ്ദേഹത്തെ സ്വീകരിക്കാനും താമസം ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഒരുക്കാനും ഞങ്ങൾ ഇടപെട്ടിരുന്നു. യശ്വന്ത്സിൻഹയെയും ടീമിനെയും സഹായിക്കുവാൻ എന്റെ ഓഫിസിലെ ഉത്തരവാദിത്തപ്പെട്ട ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ഇപ്പോഴും അത് നിർവ്വഹിച്ചുകൊണ്ടിരിക്കുകയാണ്.
അങ്ങയുടെ പോസ്റ്റിൽ ഇടതുപക്ഷത്തിൻറെ മോദി പേടിയെ കുറിച്ച് വായിച്ചു. ഇടതുപക്ഷ നേതാക്കളെ പോലെ തന്നെ മോദി ഭരണത്തെ തെല്ലും ഭയമില്ലാത്ത ആളാണ് ഈ ചുമതലപെടുത്തിയ വ്യക്തിയും. രഞ്ജിത്ത് എന്നാണ് പേര്. മോദി ഭരണത്തിന്റെ മർദ്ദനം ഡൽഹിയിൽ വെച്ച് ഒരുപാട് അനുഭവിച്ച വ്യക്തികൂടിയാണ് രഞ്ജിത്ത്. യശ്വന്ത് ജിയെ കാണാൻ അങ്ങ് പോകുന്നുണ്ടെങ്കിൽ പരിചയപ്പെടണം. അവിടെയുണ്ട്.
രാഷ്ട്രീയനിലപാടുകൾ ക്യാമറക്കണ്ണുകൾക്ക് മുന്നിലെ പ്രദർശന വസ്തുക്കൾ മാത്രമല്ല, മറിച്ച് അടിയുറച്ച പ്രത്യയശാസ്ത്ര ബോധ്യങ്ങൾ കൂടിയാണ്. പ്രത്യയശാസ്ത്ര ബോധ്യങ്ങളുടെ കുറവാകാം മോദിജിക്കെതിരെ ശബ്ദിക്കാൻ നിങ്ങളിൽ പലരും തയ്യാറാകാത്തത്''