കിഫ്ബിയിൽ സിംഹഭാഗവും കണ്ണൂരിന്, ഈ മൂന്ന് ജില്ലകൾക്കും കൂടി 50%; കടുത്ത പ്രാദേശിക അസമത്വമെന്ന് ധവളപത്രം
text_fieldsതിരുവനന്തപുരം: കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ്) വഴിയുള്ള പദ്ധതി വിതരണത്തിൽ വൻ പ്രാദേശിക അസമത്വം നിലനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ധവളപത്രം. അനുവദിച്ച പദ്ധതികളിൽ 20 ശതമാനത്തിലധികവും കണ്ണൂർ ജില്ലയിലാണെന്നും ഇത് സാമ്പത്തിക നീതിക്ക് നിരക്കാത്തതാണെന്നും കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ സമിതി തയാറാക്കിയ റിപ്പോർട്ട് വിമർശിക്കുന്നു.
കിഫ്ബി അംഗീകരിച്ച ആകെ പദ്ധതി തുകയുടെ 20.4 ശതമാനവും നൽകിയിരിക്കുന്നത് കണ്ണൂർ ജില്ലക്കാണ്. ഇതിനോടകം വിതരണം ചെയ്ത തുകയുടെ 19.1 ശതമാനവും കണ്ണൂരിലെ പദ്ധതികൾക്കാണ് ലഭിച്ചത്. കണ്ണൂരിന് പുറമെ തിരുവനന്തപുരം (16.7%), എറണാകുളം (11.4%) എന്നീ ജില്ലകളെ കൂടി ചേർത്താൽ ആകെ ഫണ്ടിന്റെ പകുതിയോളം ഈ മൂന്ന് ജില്ലകൾക്ക് മാത്രമായാണ് ലഭിക്കുന്നത്.
പത്തനംതിട്ട (2.4%), ഇടുക്കി (2.0%), വയനാട് (1.4%) തുടങ്ങിയ ജില്ലകൾ പദ്ധതി വിഹിതത്തിൽ അവഗണിക്കപ്പെട്ടതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. വികസന സൂചികകളോ സാമ്പത്തികമായ പിന്നാക്കാവസ്ഥയോ അടിസ്ഥാനമാക്കിയല്ല ഫണ്ട് വിതരണം നടന്നത്. വികസന വിടവുകൾ നികത്താനുള്ള ശാസ്ത്രീയമായ പഠനത്തിന് പകരം രാഷ്ട്രീയവും ഭരണപരവുമായ താൽപര്യങ്ങൾ മുൻനിർത്തിയാണ് പദ്ധതികൾ തെരഞ്ഞെടുത്തത്. അടിസ്ഥാന സൗകര്യ വികസനത്തിൽ തന്ത്രപരമായ മുൻഗണന നൽകുന്നതിൽ കിഫ്ബി പരാജയപ്പെട്ടുവെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു.
ജില്ലാ അടിസ്ഥാനത്തിലുള്ള വിവേചനത്തിന് പുറമെ, മേഖല തിരിച്ചുള്ള വിഹിതത്തിലും അസമത്വമുണ്ട്. കിഫ്ബി ഫണ്ടിന്റെ 68 ശതമാനവും പൊതുമരാമത്ത് (34%), വ്യവസായം (25%), ആരോഗ്യ-ക്ഷേമ (9%) വകുപ്പുകളിലേക്കായി പരിമിതപ്പെടുത്തി. വിദ്യാഭ്യാസം, കുടിവെള്ളം, ശുചിത്വം തുടങ്ങിയ പ്രധാന മേഖലകൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

