ഉയരങ്ങൾ കീഴടക്കി റിൻഷയുടെ ജൈത്രയാത്ര
text_fieldsറിൻഷ
തിരൂർ: അകക്കണ്ണിെൻറ വെളിച്ചത്തിൽ ഉയരങ്ങൾ കീഴടക്കി ജൈത്രയാത്ര തുടരുകയാണ് പുറത്തൂരിെൻറ വാനമ്പാടി എന്നറിയപ്പെടുന്ന റിൻഷ എന്ന കൊച്ചുമിടുക്കി. ബാലശാസ്ത്ര കോൺഗ്രസ്സിൽ ദേശീയതലത്തിൽ പങ്കെടുത്ത ആദ്യത്തെ ഭിന്നശേഷിക്കാരി കൂടിയാണ് റിൻഷ.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു റിൻഷയുടെ ഈ നേട്ടത്തെ പ്രത്യേകമായി അഭിനന്ദിക്കുകയും ഇത്തവണത്തെ ബാലശാസ്ത്ര കോൺഗ്രസ്സിെൻറ പ്രത്യേകതയാണിതെന്നും പറയുകയും ചെയ്തിരുന്നു. പരിമിതികളോട് പൊരുതി ജൈത്രയാത്ര തുടരുന്ന റിൻഷയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ ഗവർണർ ജസ്റ്റിസ് പി. സദാശിവം എന്നിവർ നേരിട്ട് അഭിനന്ദനം അറിയിച്ചിരുന്നു. ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി വീണ്ടും അഭിമാനമായി മാറി.
മങ്കട ബ്ലൈൻഡ് സ്കൂളിൽ ഏഴാം തരം വരെ പഠിച്ച റിൻഷ പുറത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്നാണ് എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നും വിജയം നേടിയത്. സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ പദ്യം ചൊല്ലലിൽ ഒന്നാം സമ്മാനവും ലളിതഗാനത്തിൽ രണ്ടും മാപ്പിള പാട്ടിൽ മൂന്നാം സ്ഥാനവും നേടിയിരുന്നു.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിെൻറ ഉജ്വലബാല്യം അവാർഡ് കഴിഞ്ഞ വർഷം തേടിയെത്തി. ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിെൻറ കുട്ടി ശാസ്ത്രജ്ഞയായി അംഗീകാരം നേടി. സാധാരണ കുട്ടികളോട് മത്സരിച്ച് ജില്ലയിൽ മൂന്ന് തവണ മാപ്പിള പാട്ടിൽ എ ഗ്രേഡ് നേടി.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അകക്കണ്ണിെൻറ വെളിച്ചം എന്ന ഒരു മാഗസിൻ തയാറാക്കി. ദർശന ടി.വി കുട്ടിക്കുപ്പായം റിയാലിറ്റി ഷോയിൽ സെമി ഫൈനലിസ്റ്റ്, സ്കൂൾതല ബ്ലോസം റേഡിയോ ആർ.ജെ, ലിറ്റിൽ കൈറ്റ് ന്യൂസ് ചാനലിെൻറ ന്യൂസ് റീഡർ, ജെ.ആർ.സി അംഗം എന്നിവക്കുപുറമെ ആകാശവാണിയിൽ നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
നിരവധി ദേശീയ മൽസര പരീക്ഷകളിലും പങ്കെടുത്ത് സ്കോളർഷിപ്പുകൾ നേടിയ ഈ മിടുക്കിക്ക് ഐ.എ.എസ് നേടുക എന്നതാണ് സ്വപ്നം. പുറത്തൂർ നായ്കരിമ്പിൽ ഷംസുദ്ദീൻ-ഹാജറ ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. ഷെെമയാണ് സഹോദരി.