ആത്മഹത്യ ചെയ്യണമെന്നാണോ; വ്യക്തിപരമായി തേജോവധം ചെയ്യുന്നുവെന്ന് സി.കെ ജാനു
text_fieldsകൽപ്പറ്റ: തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ശ്രമങ്ങളാണ് ഉണ്ടാവുന്നതെന്ന് സി.കെ ജാനു. ആദിവാസി സ്ത്രീയെന്ന നിലയിൽ എല്ലാതരത്തിലും തന്നെ കടന്നാക്രമിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. നിയമനടപടികളെ നേരിടാൻ തയാറാണെന്നും ജാനു പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സി.കെ ജാനുവിന് പണം കൈമാറിയെന്ന ജെ.ആർ.പി സംസ്ഥാന ട്രഷർ പ്രസീതയുടെ ആരോപണത്തിലാണ് അവരുടെ പ്രതികരണം.
തനിക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ ആദിവാസി സ്ത്രീകൾ രാഷ്ട്രീയരംഗത്തേക്ക് വരാൻ പാടില്ലെന്ന ചിന്തയാണ്. സി.കെ ജാനുവിന് പുതിയൊരു വീട് ഉണ്ടാക്കാൻ പറ്റില്ലേ, വണ്ടി വാങ്ങാൻ പറ്റില്ലേ, സാരി വാങ്ങാൻ പറ്റില്ലേ. പ്രാനീനയുഗത്തിലെ കാലഘട്ടമാണോ ഇപ്പോൾ നടക്കുന്നതെന്നും ജാനു ചോദിച്ചു.
എല്ലാതലത്തിലും കടന്നാക്രമിക്കുന്ന രീതി ശരിയല്ല. അത് ജനാധിപത്യ കേരളത്തിന് അപമാനമാണ്. താൻ ആത്മഹത്യ ചെയ്യണമെന്നാണോ ഉദ്ദേശിക്കുന്നതെന്നും അവർ ചോദിച്ചു.