ശബരിമലയിലെ ഒന്നര കിലോ സ്വർണം എവിടെ?; പിടിച്ചെടുക്കാനായത് 584 ഗ്രാം മാത്രം
text_fieldsതിരുവനന്തപുരം: ശബരിമല സന്നിധാനത്തുനിന്ന് ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും കടത്തിയ രണ്ടുകിലോയോളം സ്വർണത്തിൽ ഒന്നരകിലോ സ്വർണം പോയ വഴിയറിയാതെ പ്രത്യേക അന്വേഷണസംഘം. ഈഞ്ചക്കലിലെ ഓഫിസിലും ക്രൈംബ്രാഞ്ച് ആസ്ഥാനത്തും പോറ്റിയെയും സ്വർണം വേർതിരിച്ചെടുത്ത സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരി ജ്വല്ലറി ഉടമ ഗോവർധനെയും മാറിമാറിയും ഒപ്പമിരുത്തിയും മണിക്കൂറുകൾ ചോദ്യംചെയ്തെങ്കിലും കൂടുതൽ വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചില്ല. മുൻമൊഴികളിൽ മൂവരും ഉറച്ചുനിന്നതോടെ അന്വേഷണം വഴിമുട്ടിയ നിലയിലാണ്.
ദ്വാരപാലക ശിൽപത്തിൽനിന്ന് വേർതിരിച്ചെടുത്ത സ്വർണത്തിലെ ഒരു ഭാഗം 14 ലക്ഷം രൂപക്ക് ഗോവർധനന് നൽകിയത് പോലെ ഇതരസംസ്ഥാനക്കാരായ മറ്റു പല സമ്പന്നർക്കും വിറ്റതായാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. ഇവരെക്കുറിച്ച് വെളിപ്പെടുത്താൻ പോറ്റി തയാറാകുന്നില്ലെന്നതാണ് അന്വേഷണസംഘത്തെ കുഴക്കുന്നത്.
പാളികളിൽനിന്ന് ലഭിച്ച സ്വർണം ഭണ്ഡാരിക്കും ഗോവർധനനും മാത്രമാണ് നൽകിയതെന്നും ഭണ്ഡാരിക്ക് നൽകിയത് പാളികളിൽ സ്വർണം പൂശിയതിനുള്ള കൂലിയാണെന്നും ഗോവർധനന് നൽകിയ സ്വർണത്തിനുള്ള തുക പണമായും 10 പവന്‍റെ ആഭരണമായും ദേവസ്വം ബോർഡിന് തിരിച്ചുനൽകിയെന്നുമാണ് പോറ്റി ആവർത്തിക്കുന്നത്.
എന്നാൽ, ഈ മൊഴി അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ഏകദേശം 2000 ഗ്രാം സ്വർണം കവർന്നെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക കണ്ടെത്തൽ. ഇതിൽ 584.203 ഗ്രാം സ്വർണത്തിന്‍റെ ഉറവിടം മാത്രമാണ് കണ്ടെത്താനായത്. ഭണ്ഡാരിയിൽ നിന്ന് 109.243 ഗ്രാമും ഗോവർധനനിൽ നിന്ന് 474.960 ഗ്രാമുമാണ് പിടിച്ചെടുത്തത്.
മോഷ്ടിച്ച സ്വർണം എത്രയാണെന്ന് പോറ്റിയും കൂട്ടരും വെളിപ്പെടുത്താത്ത സാഹചര്യത്തിൽ സന്നിധാനത്തുനിന്ന് എത്ര സ്വർണം നഷ്ടമായി എന്നത് ശാസ്ത്രീയ പരിശോധയിലൂടെ കണ്ടെത്താൻ വിക്രം സാരാഭായി സ്പേസ് സെന്‍ററിന്റെ (വി.എസ്.എസ്.സി) സഹായം ക്രൈംബ്രാഞ്ച് മേധാവിയും പ്രത്യേക അന്വേഷണസംഘത്തിന്‍റെ തലവനുമായ എച്ച്. വെങ്കിടേഷ് തേടിയിട്ടുണ്ട്.
സന്നിധാനത്തുനിന്ന് എസ്.ഐ.ടി ശേഖരിച്ച സാമ്പിളുകൾ കഴിഞ്ഞ മാസം തന്നെ വി.എസ്.എസ്.സിക്ക് കൈമാറിയെങ്കിലും റിപ്പോർട്ട് ലഭിച്ചിട്ടില്ല. സ്വർണം പതിപ്പിച്ച പാളികൾ മാറ്റി പകരം പോറ്റിയും കൂട്ടരും സ്വർണം പൂശിയ ചെമ്പുപാളികൾ തിരികെ എത്തിച്ചതിനാൽ സാമ്പിളുകളിൽനിന്ന് കൃത്യമായ കണക്ക് കണ്ടെത്തുക പ്രയാസമാണെന്ന് വി.എസ്.എസ്.സിയിലെ വിദഗ്ധർ ‘മാധ്യമ’ത്തോട് പറഞ്ഞു. എങ്കിലും പരാമവധി ഫലത്തിനായി തലപുകക്കുകയാണ് അധികൃതർ.
ഗോവർധനനെപ്പോലെ ഉണ്ണികൃഷ്ണൻ പോറ്റി മറ്റുപലർക്കും സ്വർണം വിറ്റിട്ടുണ്ടെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് ദിണ്ടിഗൽ സ്വദേശിയായ എം.എസ്.മണിയെയും രാജപാളയം സ്വദേശി ശ്രീകൃഷ്ണനെയും കഴിഞ്ഞദിവസം ചോദ്യം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

