എവിടെ റാം? നിതിൻ രാജിന്റെ മരണത്തിന് രണ്ടു മാസം
text_fieldsകണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജ് മരിച്ചിട്ട് ഇന്നേക്ക് രണ്ട് മാസം തികയുമ്പോഴും ഒന്നാം പ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാമിനെ പിടികൂടാനായില്ല. പ്രതി ഇപ്പോഴും ഒളിവിലാണ്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി പി.ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി കെ. സുധീറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. പ്രതിയെ തേടി ആന്ധ്രയിലും മറ്റും അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇയാളുമായി ഫോണിൽ ബന്ധപ്പെട്ട ചിലരെ ചോദ്യം ചെയ്തെങ്കിലും പ്രതി എവിടെയുണ്ടെന്ന വിവരമൊന്നും ലഭിച്ചില്ല. ഉപയോഗിച്ച ഫോണുകൾ പിന്നീട് പരിശോധിച്ചെങ്കിലും അത് പ്രവർത്തന രഹിതമായിരുന്നു. അതിനിടെ ഈ മാസം 12 വരെ അറസ്റ്റ് ചെയ്യരുതെന്ന കോടതിയുടെ നിർദേശമുള്ളതിനാലാണ് പിന്നീട് പ്രതിയെ തേടി പോകാതിരുന്നതെന്നാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിക്കുന്ന വിവരം. ഇൻസ്പെക്ടർ ശിവൻ ചോടത്ത്, എസ്.ഐ സുധീഷ്, എ.എസ്.ഐ പുരുഷോത്തമൻ എന്നിവരടങ്ങുന്ന സംഘമാണ് തിരുവനന്തപുരത്തെ വീട്ടിലെത്തി നിധിൻരാജിന്റെ പിതാവ് രാജൻ, സഹോദരിമാർ, സഹോദരീ ഭർത്താവ്, പിതൃസഹോദരൻ തുടങ്ങി ആറ് പേരുടെ മൊഴിയെടുത്തിരുന്നത്. ജാതി അധിക്ഷേപത്തിൽ മനംനൊന്താണ് നിതിൻ രാജ് മരിച്ചതെന്ന് എല്ലാവരും മൊഴി നൽകിയിരുന്നു.
തുടർന്ന് ക്രൈംബ്രാഞ്ച് എസ്.സി, എസ്.ടി വകുപ്പ് ചേർക്കുകയും ചെയ്തു. ഇനി ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കണം. വരും ദിവസങ്ങളിൽ അഞ്ചരക്കണ്ടി കോളജിലെത്തി പ്രിൻസിപ്പലടക്കമുള്ള അധ്യാപകരുടെയും നിതിന്റെ സഹപാഠികളുടെയും മൊഴിയെടുക്കും. ആദ്യം നടത്തിയ അന്വേഷണത്തിനെതിരെ പ്രതിഷേധം കനത്തതോടെയാണ് അന്വേഷണം എസ്.ഐ.ടിയിൽ നിന്ന് സർക്കാർ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ആത്മഹത്യ പ്രേരണക്കേസിൽ
രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാർക്ക് ജില്ല കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ ആദ്യ അന്വേഷണ സംഘം അവരെ നേരത്തെ അറസ്‌റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിൽ 10 നാണ് നിതിൻ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്. ലോൺ ആപ്പ് ചതിയിൽ കുടുക്കിയതിനാൽ അതുമായി ബന്ധപ്പെട്ട മൂന്ന് പേരെ പൊലീസ് നേരത്തെ അറസ്‌റ്റ് ചെയ്തിരുന്നു. ലോൺ ആപ്പ് സംബന്ധിച്ച കേസിൽ ഡിവൈ.എസ്.പി ജീവൻ ജോർജിന്റെ നേതൃത്വത്തിലാണ് തുടരന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

