'വോട്ടിന് പോകുേമ്പാൾ ഗ്യാസിനെ നമസ്കരിക്കൂ...' -മോദിയുടെ ഗ്യാസ് ട്വീറ്റ് കുത്തിപ്പൊക്കി നെറ്റിസൺസ്
text_fieldsന്യൂഡൽഹി: പാചകവാതക വില കുതിച്ചുയരുന്നതിനിടെ പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി നെറ്റിസൺസ്. യു.പി.എ ഭരണകാലത്ത് ഗ്യാസിന് വില കൂട്ടിയപ്പോൾ മോദി നടത്തിയ പ്രതികരണമാണ് ഇപ്പോൾ തിരിച്ചുകുത്തുന്നത്.
'നിങ്ങൾ വോട്ടുചെയ്യാൻ പോകുമ്പോൾ, വീട്ടിലെ ഗ്യാസ് സിലിണ്ടറിനെ നമസ്കരിക്കൂ.. അതും അവർ തട്ടിപ്പറിച്ചെടുക്കുകയാണ്' എന്നായിരുന്നു നരേന്ദ്ര മോദി ഇൻ എന്ന ട്വിറ്റർ ഹാൻഡിലിൽ ട്വീറ്റ് ചെയ്തത്. മോദി അധികാരത്തിലേറുന്നതിന് മുമ്പ്, 2013 നവംബർ 23 നായിരുന്നു ട്വീറ്റ്. വിലവർധനക്കെതിരെ അദ്ദേഹം നടത്തിയ പ്രസംഗത്തിന്‍റെ സംക്ഷിപ്ത രൂപമായിരുന്നു ഇത്. പ്രസംഗത്തിന്‍റെ വിഡിയോയും പ്രചരിക്കുന്നുണ്ട്.
മോദി ഭരണത്തിലേറിയ ശേഷം നിരവധി തവണയാണ് ഗാർഹിക പാചകവാതകത്തിന് വിലകൂട്ടിയത്. ഏറ്റവുമൊടുവിൽ മൂന്നുമാസത്തിനിടെ 225 രൂപ വർധിപ്പിച്ചു. സിലിണ്ടറിന് 826 രൂപയാണ് വില. 2019 ജൂണിൽ സബ്സിഡിയുള്ള എൽ.പി.ജി സിലിണ്ടറിെൻറ വില 497 രൂപയായിരുന്നു.
വാണിജ്യ സിലിണ്ടറിനും അമിതനിരക്കിലാണ് വില ഉയരുന്നത്. 19 കിലോ സിലിണ്ടറിന് നൂറുരൂപയാണ് ഇന്ന് വർധിപ്പിച്ചത്. 1618 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ വില. ഫെബ്രുവരി ഒന്നിന് 191 രൂപയും ജനുവരി ആദ്യം 17 രൂപയും വർധിപ്പിച്ചിരുന്നു. ഡിസംബറിലും രണ്ടുതവണ വാണിജ്യ സിലിണ്ടറിെൻറ വില കൂട്ടിയിരുന്നു.
അതിനിടെ ഗാർഹിക ഉപഭോക്താക്കൾക്ക് നൽകിയിരുന്ന സബ്സിഡി ഒരുവർഷത്തിലേറെയായി നിലച്ച മട്ടാണ്. സബ്സിഡി ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത ശേഷം തുടക്കത്തിൽ ഏതാനും മാസങ്ങൾ കൃത്യമായി അക്കൗണ്ടിൽ വന്നിരുന്നുവെങ്കിലും പിന്നീട് അതേക്കുറിച്ച് മിണ്ടാട്ടമില്ല. കഴിഞ്ഞ ദിവസം ഗോ ഇലക്ട്രിക് കാമ്പയിൻ ഉദ്ഘാടനത്തിനിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി സബ്സിഡി നിർത്തുന്നത് സംബന്ധിച്ച സൂചന നൽകിയിരുന്നു.