ഉമ്മൻചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ 29 ബാറുകൾ, രണ്ടാം പിണറായി സർക്കാർ പടിയിറങ്ങുമ്പോൾ 884, തീരുമാനങ്ങളെല്ലാം ശരവേഗത്തിൽ
text_fieldsതിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ പൂട്ടിയ 462 ബാറുകൾ തുറന്നാണ് ഒന്നാം പിണറായി സർക്കാർ മദ്യനയം വ്യക്തമാക്കിയത്. ഉമ്മൻചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ 29 ബാറുകളും 813 ബിയർ-വൈൻ പാർലറുകളുമാണ് ഉണ്ടായിരുന്നത്. മദ്യ നിരോധമല്ല വർജനമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച ഒന്നാം പിണറായി സർക്കാർ 200 പുതിയ ബാറുകൾ അനുവദിക്കുകയും യു.ഡി.എഫ് സർക്കാർ പൂട്ടിയ ബാറുകൾ തുറക്കുകയും ചെയ്തു. രണ്ടാം പിണറായി സർക്കാർ 142 ബാറുകൾ കൂടി അനുവദിച്ചതോടെ ആകെ ബാറുകളുടെ എണ്ണം 884 ആയി.
മദ്യ ഉപഭോഗം കുറക്കാൻ ബാറുകളുടെ പ്രവർത്തന സമയം അരമണിക്കൂർ കുറിച്ചുകൊണ്ടാണ് ഒന്നാം പിറണായി സർക്കാർ അധികാരമേറ്റെതെങ്കിൽ രണ്ടാം പിണറായി സർക്കാർ പടിയിറങ്ങുമ്പോൾ ബാറുകളുടെ സമയം രണ്ടുമണിക്കൂറാണ് കൂട്ടിയത്. 2018-19 ലെ മദ്യനയത്തിലാണ് വിനോദസഞ്ചാരികളെ ആകർഷിക്കാൻവേണ്ടിയെന്ന പേരിൽ ബാർ സമയത്തിൽ കൈവെച്ചത്.
പ്രവർത്തന സമയം ദീർഘിപ്പിക്കാൻ തീരുമാനമെടുത്തത് ശരവേഗത്തിലാണ്. ഇടതുമുന്നണിയിൽ അറിയിക്കാതെയും മന്ത്രിസഭ യോഗത്തിലോ പ്രതിപക്ഷവുമായോ ചർച്ച ചെയ്യാതെയുമാണ് തീരുമാനമെന്നാണ് വിവരം. ബാറുകളുടെ സമയം രാവിലെ 10 മുതൽ 12 വരെ നീട്ടിയുള്ള വിജ്ഞാപനം ഇറക്കിയതാണ് വിവാദത്തിലായത്.
ഇതുസംബന്ധിച്ച ഭരണ-പ്രതിപക്ഷ തർക്കവും തുടരുകയാണ്. പ്രതിപക്ഷത്തിന് അറിവുണ്ടായിരുന്നെന്നും സർക്കാറിനെ താൽപര്യം അറിയിച്ചിരുന്നെന്നും ഇപ്പോൾ ഇത്രയേ പറയുന്നുള്ളൂവെന്നും എക്സൈസ് മന്ത്രി എം.ബി. രാജേഷ് പറയുമ്പോൾ ഒരു കൂടിയാലോചനയും നടന്നിട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ വാദം. ടൂറിസം മേഖലയിൽ മുമ്പ് പ്രഖ്യാപിച്ച ഇളവുകളും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മദ്യശാലകൾ പ്രവർത്തിക്കുന്ന സമയവും ചൂണ്ടിക്കാട്ടി ഇത് സമയത്തിന്‍റെ ഏകീകരണമാണെന്ന വാദമാണ് മന്ത്രിയുൾപ്പെടെ സർക്കാർ വൃത്തങ്ങൾ നിരത്തുന്നത്.
എന്നാൽ ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നും തെരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യമിട്ട് ബാറുടമകളുമായുള്ള ഒത്തുകളിയാണെന്നുമുള്ള ആക്ഷേപമാണ് പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്നത്. പ്രതിപക്ഷവുമായി ഈ വിഷയം ചർച്ച ചെയ്തില്ലെന്ന് വി.ഡി. സതീശൻ പറയുമ്പോൾ, കണക്കുകൾ നിരത്തി ബാറുടമകൾക്കും സർക്കാറിനുമുണ്ടാകുന്ന നേട്ടങ്ങൾ അക്കമിട്ട് നിരത്തുകയാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ. ബാറുകളുടെയും ബിയർ പാർലറുകളുടേയും സമയം ദീർഘിപ്പിച്ച നടപടിക്കെതിരെ ക്രൈസ്തവ സഭകൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടും തീരുമാനത്തിൽ നിന്ന് പിന്നാക്കം പോകില്ലെന്ന നിലപാടിലാണ് സർക്കാർ.
ബാറുകളുടെ പ്രവർത്തന സമയം നീട്ടണമെന്ന ആവശ്യവുമായി കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 11 തവണയാണ് ബാറുടമകൾ സർക്കാറിനെ സമീപിച്ചത്. എന്നാൽ അന്നൊന്നും അനുകൂല നിലപാടെടുക്കാതിരുന്ന സർക്കാർ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ അനുകൂല തീരുമാനമെടുത്തതിൽ കള്ളക്കളിയുണ്ടെന്ന ആക്ഷേപം ശക്തമാക്കുകയാണ്. ബാറുകളുടെ സമയം ദീർഘിപ്പിക്കാനുള്ള തീരുമാനം വളരെ വേഗത്തിലാണെന്ന് സർക്കാർ രേഖകളും വ്യക്തമാക്കുന്നു. ജനുവരി 29ന് ബജറ്റ് ദിനത്തിലാണ് ഇതുസംബന്ധിച്ച ഫയൽ എക്സൈസ് മന്ത്രി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നത്. 31ന് വിഷയത്തിൽ മുഖ്യമന്ത്രി തീരുമാനമെടുത്ത് ഫയൽ കൈമാറുകയും ചെയ്തു. അതിന്‍റെ അടിസ്ഥാനത്തിലാണ് വിജ്ഞാപനം. സാധാരണ ജനങ്ങളുടെ ഉൾപ്പെടെ നിരവധി ജീവൽപ്രശ്നങ്ങളുൾപ്പെട്ട ഫയലുകൾ സെക്രട്ടേറിയറ്റിലുൾപ്പെടെ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുമ്പോഴാണ് ബാറുടമകൾക്ക് വേണ്ടിയുള്ള ഈ അതിവേഗ നീക്കമെന്ന ആക്ഷേപവും ഉയരുകയാണ്.
മദ്യശാലകൾക്ക് കൂടുതൽ സമയം അനുവദിച്ചത് ടൂറിസം മേഖലയിൽ പ്രത്യേക ഉണർവുണ്ടാക്കിയെന്നും സമയ ഏകീകരണം വരുമാനം വർധിപ്പിക്കുമെന്നും സർക്കാർ വിശദീകരിക്കുന്നു. വർഷംതോറുമുള്ള മദ്യനയത്തിന് പകരം അഞ്ച് വര്‍ഷത്തിലൊരിക്കൽ നയം പുതുക്കുന്നതിനെക്കുറിച്ച് ഗൗരവമായി സർക്കാർ ചിന്തിക്കുന്ന സാഹചര്യവുമുണ്ട്. അതും ബാറുടമകൾക്ക് സഹായകമാക്കാനെന്നാണ് ആക്ഷേപം.
പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പുലർച്ചെ വരെ മദ്യം, ഡ്രൈഡേ ഒഴിവാക്കാനും സമ്മർദം
ബാറുകളുടെയും ബിയർ പാർലറുകളുടേയും പ്രവർത്തനസമയം ദീർഘിപ്പിച്ചതിനൊപ്പം ഫൈവ്സ്റ്റാർ ഹോട്ടലുകളിൽ പുലർച്ചെ വരെ മദ്യം വിളമ്പാനും ഒന്നാം തീയതികളിലെ ഡ്രൈഡേ ഒഴിവാക്കാനുമുള്ള സമ്മർദങ്ങളും അണിയറയിൽ പുരോഗമിക്കുന്നു. ഡ്രൈഡേ ഒഴിവാക്കാനുള്ള തീരുമാനം തൽക്കാലം വേണ്ടെന്നാണ് സർക്കാർ തീരുമാനം.
എന്നാൽ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പുലർച്ചെ മൂന്ന് വരെ മദ്യം വിളമ്പുന്നതിന് സർക്കാർ അനുമതി നൽകിയേക്കുമെന്നാണ് സൂചന. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ യോഗങ്ങളും സമ്മേളനങ്ങളും അർധരാത്രി വരെ നീളുന്നുണ്ടെന്നും അതിനാൽ മദ്യം വിളമ്പാൻ കൂടുതൽ സമയം അനുവദിക്കണമെന്നുമാണ് ബാറുടമകൾ മുന്നോട്ട് വെക്കുന്ന ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

