Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘കെ.എം. ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായപ്പോൾ മറ്റൊരു വാഹനം ഉപയോഗിച്ചു, നിർഭാഗ്യവശാൽ അത് വില കൂടിയ വാഹനമായി’; ന്യായീകരിച്ച് പിഎംഎ സലാം

text_fields
bookmark_border
PMA Salam
cancel
camera_alt

പി.എം.എ. സലാം

മലപ്പുറം: മന്ത്രി കെ.എം. ഷാജി ഔദ്യോഗിക യാത്രകൾക്കായി ആഢംബര വാഹനം ഉപയോഗിച്ചതിനെ ന്യായീകരിച്ച് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായപ്പോൾ അത് വർക്ക്ഷോപ്പിൽ കൊടുക്കുകയും താൽക്കാലികമായി അദ്ദേഹത്തിന്‍റെ മണ്ഡലത്തിൽ സഞ്ചരിക്കാൻ സുഹൃത്തിന്‍റെ ഒരു വാഹനം ഉപയോഗിക്കുകയുമായിരുന്നു. നിർഭാഗ്യവശാൽ അത് അൽപം വിലകൂടിയ ഒരു വാഹനമായിപോയി എന്നതാണ് കുറ്റം. ഷാജിയുടെ വാഹനം തിരിച്ചുകിട്ടിയപ്പോൾ അന്നു തന്നെ അത് തിരിച്ചേൽപിച്ചു. അന്നു തന്നെ വിവാദം അവസാനിച്ചെന്നും പി.എം.എ സലാം മാധ്യമങ്ങളോട് പറഞ്ഞു.

ഷാജിക്ക് ജാഗ്രത കുറവ് ഉണ്ടായിട്ടില്ല. പിണറായിയുടെ മാതൃക വിദേശപര്യടനത്തിൽ എന്തായാലും കാട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ചാർട്ടേഡ് ഫ്ലൈറ്റ് യാത്രാ വിവാദത്തിലും സലാം പ്രതികരിച്ചു. പിണറായിക്കും റിയാസിനുമെതിരായ പ്രാഥമികാനേഷണത്തിൽ ആർക്കെതിരെയും വിദ്വേഷമില്ല. ഒരു ലൂപ്പ് ഹോളുമില്ലാതെ അന്വേഷണം നടക്കട്ടെ. ആരോടും പ്രതികാരത്തിനില്ല. ഇ.ഡിയേയും പൂർണവിശ്വാസമില്ല. ഇഡി കത്ത് നൽകിയാൽ അന്വേഷിച്ചേ നടപടിയുണ്ടാകൂ. യു.ഡി.എഫ് നേതാക്കൾക്കെതിരെ വന്നാലും അന്വേഷണം നടക്കുമെന്നും പി.എം.എ സലാം വ്യക്തമാക്കി.

അതേസമയം, സുഹൃത്തിന്‍റെ ആഡംബര കാറിൽ കേരള സർക്കാർ ബോർഡ് വച്ചുള്ള മന്ത്രി ഷാജിയുടെ യാത്രക്ക് പൊതുഭരണ വകുപ്പ് അനുമതിയില്ലെന്ന് സൂചന. ആഗസ്റ്റ് 16, 17 തിയതികളിൽ കൂർഗിൽ മന്ത്രി നടത്തിയ സന്ദർശനവുമായി ബന്ധപ്പെട്ട് കർണാടക ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് സംസ്ഥാന പ്രോട്ടോകോൾ ഓഫിസർ നൽകിയ കത്തിൽ രേഖപ്പെടുത്തിയത് വിവാദമായ റേഞ്ച് റോവർ കാറിന്‍റെ നമ്പറാണ്. ആഗസ്റ്റ് 14നാണ് ഈ കത്ത് നൽകിയത്. മന്ത്രി യാത്രക്കായി ഉപയോഗിച്ച കാറുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പിൽ നിന്നുണ്ടായ നിർദേശം കൂർഗ് യാത്രയുമായി ബന്ധപ്പെട്ട് മാത്രമാണെന്നാണ് സൂചന. സുഹൃത്തിന്‍റെ റേഞ്ച് റോവർ കാർ മന്ത്രിയുടെ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നതിന് സർക്കാറിൽ നിന്ന് അനുമതി വാങ്ങിയെന്ന് വാർത്തകൾ വന്നിരുന്നു.

എന്നാൽ കർണാടക സർക്കാറിന് നൽകിയ കത്തിൽ കാറിന്‍റെ നമ്പർ രേഖപ്പെടുത്തിയത് മാത്രമാണ് രേഖ. വിവാദമാകുന്നത് വരെ റേഞ്ച് റോവറിലായിരുന്നു മന്ത്രിയുടെ യാത്ര. പിന്നാലെ കാർ തിരികെ ഏൽപ്പിച്ചു. മന്ത്രിക്ക് നൽകിയ ഇന്നോവ നാല് ലക്ഷം കിലോമീറ്ററിലധികം ഓടിയ വാഹനമായതിനാലാണ് സുഹൃത്തിന്‍റെ വാഹനം ഉപയോഗിക്കാൻ തീരുമാനിച്ചതെന്നായിരുന്നു വിശദീകരണം. വിവാദമായതോടെ ഷാജി റേഞ്ച് റോവർ കാർ ഉടമക്ക് തിരിച്ചു നൽകിയിരുന്നു. ഷാജി ഉപയോഗിച്ച KL 78 A 0009 റേഞ്ച് റോവറാണ് ഉടമയായ തില്ലങ്കേരി സ്വദേശി യാക്കൂബിന് തിരിച്ചേൽപ്പിച്ചത്.

മന്ത്രിയുടെ ഔദ്യോഗിക വാഹനമായി പുറത്തുനിന്ന് വാഹനം ഉപയോഗിക്കുന്നത് പ്രതിപക്ഷം വിവാദമാക്കിയിരുന്നു. സർക്കാർ നൽകിയത് കണ്ടം ചെയ്ത വണ്ടിയായതുകൊണ്ടാണ് നാട്ടിലോടാൻ സുഹൃത്തിന്റെ വണ്ടിയെ ആശ്രയിച്ചതെന്നും സർക്കാരിന്റെ അനുമതിയോടെയാണ് പതിമൂന്നാം നമ്പർ പതിച്ചതെന്നും കെ.എം. ഷാജി പറഞ്ഞിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - When KM Shaji's official vehicle broke down, he used another vehicle -P.M.A. Salam justifies
Next Story