സി.പി.എം തന്നെ ബി.ജെ.പിക്കാരനാക്കിയപ്പോൾ കോൺഗ്രസ് പ്രതിരോധിച്ചില്ല- ചെന്നിത്തല
text_fieldsതിരുവനന്തപുരം: തന്നെ സി.പി.എം ബി.ജെ.പിക്കാരനെന്ന് വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും പ്രതിരോധമുണ്ടായില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചിരിക്കുന്നവരെല്ലാം സ്നേഹിതരല്ലെന്ന് തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരൻ ചുമതലയേറ്റെടുക്കുന്ന ചടങ്ങിലായിരുന്നു രമേശിന്റെ ആക്ഷേപം.
കേരളത്തിലെ കോണ്‍ഗ്രസിലെ ഇല്ലായ്മ ചെയ്യാന്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നു. കഴിഞ്ഞ ദിവസം കെ സുധാകരനെ കുറിച്ച് അദ്ദേഹം ബി.ജെ.പി വാല്‍ ആണെന്ന് പറയുന്നു. ഇതിനെതിരെ താൻ പ്രസ്താവന ഇറക്കി. അന്ന് എനിക്കെതിരെ പറഞ്ഞപ്പോള്‍ ആരും പ്രസ്താവന ഇറക്കാത്തതിന്റെ വേദന ഞാന്‍ അനുഭവിച്ചതാണ്. ഓർമവെച്ച് നാള്‍ മുതല്‍ കോണ്‍ഗ്രസുകാരനായി വളര്‍ന്നുവന്ന എന്നെകുറിച്ച് ബി.ജെ.പിക്കാരണെന്ന് പറഞ്ഞപ്പോള്‍ നമ്മുടെ പല സ്‌നേഹിതന്മാരും എനിക്കെതിരെ പോസ്റ്റിട്ടതായി ശ്രദ്ധയില്‍പ്പെട്ടു. ആ മനോവികാരം കണ്ടത് കൊണ്ടാണ് ഇന്നലെ സുധാകരനെ പിന്തുണച്ചുകൊണ്ട് പോസ്റ്റിട്ടത്. അതായിരിക്കണം നമ്മുടെ വികാരം.
സുധാകരനെതിരെ ഒരു അമ്പെയ്താല്‍ അത് നമ്മളോരോരുത്തര്‍ക്കും കൊള്ളുമെന്ന വികാരം ഉണ്ടാവണം. അത് രമേശ് ചെന്നിത്തലക്കെതിരെ പറഞ്ഞതല്ലേ, അതുകൊണ്ട് തള്ളികളയാം, അല്ലെങ്കില്‍ സ്വകാര്യമായി പിന്തുണക്കാം എന്നല്ല കരുതേണ്ടത്. നമ്മുടെ ശത്രു നമ്മള്‍ തന്നെയാണ്. ഒരു പിണറായി വിജയന് മുന്നിലും തളരില്ല, ചിരിക്കുന്നവരെല്ലാം സ്‌നേഹിതരാണെന്ന് കരുതരുതെന്ന് മാത്രമാണ് സുധാകരനോട് പറയാനുള്ളത്. മുമ്പില്‍ വന്ന് പുകഴ്ത്തുന്നവരൊന്നും നമ്മളോടൊപ്പം ഉണ്ടാവില്ലായെന്ന് അനുഭവപാഠമാണ് സുധാകരനോട് പറയാനുള്ളത്. കൂടുതല്‍ പറയുന്നത് ശരിയല്ല. രമേശ് ചെന്നിത്തല പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.