കുഞ്ഞാലിക്കുട്ടിക്ക് എതിരെ 'കൈവിട്ട' സ്റ്റാറ്റസിൽ വെട്ടിലായി എം. ഉമ്മർ
text_fieldsമഞ്ചേരി: അബദ്ധത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ ചിത്രം വാട്സ്ആപ്പിൽ സ്റ്റാറ്റസിട്ട മഞ്ചേരി മുന്‍ എം.എല്‍.എ അഡ്വ. എം. ഉമ്മര്‍ വെട്ടിലായി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറയും കുഞ്ഞാലിക്കുട്ടിയുടെയും ഫോട്ടോകൾ കൂട്ടിച്ചേര്‍ത്തതാണ് ചിത്രം.
'ബി.ജെ.പി അല്ല, സി.പി.എം ആണ് മുഖ്യശത്രു. സ്വാമി കുഞ്ഞാലി ഐസ്ക്രീമാനന്ദ തിരുവടികള്‍' എന്നാണ് ചിത്രത്തിലെ വാചകം. അബദ്ധം മനസ്സിലായി അഞ്ചു മിനിറ്റിനകം സ്റ്റാറ്റസ് നീക്കം ചെയ്തു.
ആരോ അയച്ച ഫോട്ടോ ഡിലിറ്റ് ചെയ്യുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണെന്നും വാട്സ്ആപ് പ്രവര്‍ത്തനത്തെക്കുറിച്ച് തനിക്ക് വലിയ അറിവില്ലെന്നും ഉമ്മർ പറഞ്ഞു. പ്രവർത്തകർ തന്നെ വിളിച്ച് അറിയിച്ചപ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു. ഉടനെ അത് നീക്കം ചെയ്യുകയും ചെയ്തു.

