സർക്കാർ ജീവനക്കാർക്ക് വാട്ട്സ്ആപ് സന്ദേശം: ഹരജികൾ ഹൈകോടതി തള്ളി, സ്വകാര്യത ലംഘനത്തിനും ചോർച്ചക്കും തെളിവില്ല
text_fieldsകൊച്ചി: സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫിസ് (സി.എം.ഒ) ചോർത്തി സന്ദേശമയക്കുന്നത് ചോദ്യംചെയ്യുന്ന ഹരജികൾ ഹൈകോടതി തള്ളി. ഐ.ടി മിഷൻ മുഖേന സന്ദേശങ്ങൾ അയച്ചതിൽ സ്വകാര്യത ലംഘനമുണ്ടായിട്ടില്ലെന്നും വ്യക്തിവിവരങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടുവെന്ന ആരോപണത്തിന് വസ്തുതകളില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.
‘സ്പാർക്ക്’ പോർട്ടലിൽനിന്ന് സന്ദേശങ്ങൾ അയച്ച് രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ച് അധ്യാപകൻ പി. റഷീദ് അഹമ്മദ്, സെക്രട്ടറിയറ്റ് ഉദ്യോഗസ്ഥൻ കെ.എം. അനിൽകുമാർ എന്നിവർ നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്. ക്ഷാമബത്ത ഗഡുക്കളും ഭവന നിർമാണ അഡ്വാൻസും അനുവദിച്ച കാര്യവും ജീവനക്കാരുടെ ക്ഷേമത്തിന് സർക്കാർ ഒപ്പമുണ്ടെന്ന അറിയിപ്പുമാണ് സന്ദേശമായി അയച്ചത്.
ഇത്തരം ആശയവിനിമയങ്ങൾ ഒരു ക്ഷേമ സംസ്ഥാനത്തിലെ സൽഭരണത്തിന്റെ ഭാഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇ-ഗവേണൻസിന്റെ ഭാഗമായി സ്പാർക്കും കൈകാര്യം ചെയ്യുന്നത് സർക്കാറിന്റെ ഭാഗം തന്നെയായ ഐ.ടി മിഷനാണ്. ശമ്പള വിതരണ നടപടികൾ നിർവഹിക്കുന്ന സ്പാർക്കിൽ ജഡ്ജിമാരുടെയടക്കം വ്യക്തിവിവരങ്ങളുണ്ട്. അത് ചോർന്നുവെന്ന ആരോപണത്തിന് തെളിവുകളില്ല. മുഖ്യമന്ത്രിയുടെ ഓഫിസിന് ഈ വിവരങ്ങൾ പ്രാപ്യമല്ല.
വാട്ട്സ്ആപ്പ് സന്ദേശങ്ങളിൽ ന്യായമായ അറിയിപ്പുകൾ മാത്രമാണുള്ളതെന്നതിനാൽ തെരഞ്ഞെടുപ്പ് കാലത്ത് പോലും ഇതിൽ എന്തെങ്കിലും ദുരുദ്ദേശ്യം കാണാനാവില്ല. സ്വീകർത്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായോ രാഷ്ട്രീയ കാമ്പയിനായോ കരുതാനാവില്ലെന്നും കോടതി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പേരിൽ സന്ദേശമയച്ചത് അനുചിതമാണെന്ന് കോടതി വ്യക്തമാക്കി. ‘കേരള സർക്കാർ’ എന്ന സെന്റർ ഐ.ഡിയിലാണ് ഇത്തരം സന്ദേശങ്ങൾ നൽകേണ്ടിയിരുന്നത് -കോടതി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

