എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ഐക്യപ്പെട്ടാല്‍ എന്താണ് കുഴപ്പം?; മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവനക്ക് ജനം തലക്കടിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsതിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍ നടത്തിയതു പോലുള്ള പ്രസ്താവനകള്‍ നടത്തിയാല്‍ അവസാനം എന്താണ് ഉണ്ടാകുന്നതെന്ന് ജനങ്ങള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കാണിച്ചു കൊടുത്തതാണെന്നും ജനം തലക്കടിക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു അടികൂടി കിട്ടും. ഇത്രക്ക് പച്ചക്ക് വര്‍ഗീയത പറഞ്ഞ ഒരു പ്രസ്താവന കേരളത്തില്‍ ചൂണ്ടിക്കാണിക്കാനേ സാധിക്കില്ല. എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ഐക്യപ്പെട്ടാല്‍ എന്താണ് കുഴപ്പം? എന്‍.എസ്.എസിന്റെ രാഷ്ട്രീയം സമദൂരമാണെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞിട്ടുണ്ട്. ഐക്യത്തില്‍ എന്താണ് കുഴപ്പമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
സംസ്ഥാനത്ത് ന്യൂനപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കാന്‍ വളക്കൂറായി വന്ന പല സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ബാബരി മസ്ജിദ് തകര്‍ന്നതിനു ശേഷം കടുത്ത ന്യൂനപക്ഷ വര്‍ഗീയത വളര്‍ത്താന്‍ വേണ്ടി ഒന്നിലധികം പാര്‍ട്ടികള്‍ കേരളത്തില്‍ രൂപീകരിക്കപ്പെട്ടു. എല്ലാത്തിനെയും ആശയപ്രചരണത്തിലൂടെ ഇല്ലാതാക്കിയത് മുസ് ലിം ലീഗാണ്. ഇടതു പക്ഷം അത്തരം പാര്‍ട്ടികളെ പിന്തുണച്ചു. ലീഗിന്‍റേത് സൗഹൃദത്തിന്റെ താരാട്ട് പാടലാണെന്ന് പറഞ്ഞ് എത്രയെത്ര പുതിയ സംഘടനകളുണ്ടായി. അവരെയെല്ലാം എല്‍.ഡി.എഫ് കൊണ്ടുനടന്നു. ഞങ്ങള്‍ അവരെയെല്ലാം ശക്തമായി എതിര്‍ത്തു. അതുകൊണ്ടാണ് കേരളത്തിന്റെ മതേതര ഹൃദയത്തില്‍ ഞങ്ങള്‍ക്ക് സ്ഥാനം കിട്ടിയതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഞങ്ങളാണ് ഇതിനെയൊക്കെ ഇല്ലാതാക്കിയത്. ഇപ്പോഴും ഞങ്ങളാണ് ആ പണി ചെയ്തു കൊണ്ടിരിക്കുന്നത്. മുഖ്യധാരയില്‍ ഉറച്ചു നിന്ന് അത് തെളിയിച്ചതു കൊണ്ടാണ് പ്രതിപക്ഷത്തും ഭരണപക്ഷത്തും നിരന്തരമായി ഇരുന്നത്. കെ. കരുണാകരനൊപ്പവും എ.കെ. ആന്റണിക്കൊപ്പവും കെ.എം. മാണിക്കൊപ്പവും ഉമ്മന്‍ ചാണ്ടിയോടൊപ്പവും ഇരുന്നിട്ടുണ്ട്. സി.പി.എം ന്യൂനപക്ഷ കാര്‍ഡ് കളിക്കുമ്പോള്‍ തീവ്ര സംഘടനകളെയൊക്കെ ഇല്ലാതാക്കിയത് മുസ് ലിം ലീഗാണ്. അതുകൊണ്ടാണ് ഞങ്ങളുടെ മുഖം വികൃതമാക്കാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ പറയുന്നത്.
വിട്ടുവീഴ്ചയും ത്യാഗവും ചെയ്യാന്‍ ലീഗിന് മടിയില്ല. ഇപ്പോള്‍ വേണമെങ്കില്‍ ഒരു സ്ഥാനം ആവശ്യപ്പെടാം. പക്ഷെ അന്തരീക്ഷം മോശമാകുമെന്നതിനാല്‍ അത് വേണ്ടെന്നുവെക്കാന്‍ ആര്‍ജവം കാട്ടിയ പാര്‍ട്ടിയാണ് ലീഗ്. വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന ഒരു പ്രവര്‍ത്തനവും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല. ഞങ്ങള്‍ അത് മുളയിലേ നുള്ളിക്കളയും. അതുകൊണ്ട് തന്നെ ഇവര്‍ എന്ത് കാര്‍ഡ് കളിച്ചാലും ഒരു പ്രയോജനവുമില്ലാതാകുന്നത്. ഇത് ഉറച്ച നിലപാടാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

