ആ 13 കണ്ടെയ്നറുകളിൽ എന്ത്?, അടിമുടി ദുരൂഹത, ഒന്നും വിട്ടുപറയാതെ അധികൃതർ
text_fieldsകൊച്ചി: ശനിയാഴ്ച ഉച്ചക്ക് കൊച്ചി കടലിൽ അപകടത്തിൽപെട്ട് ഞായറാഴ്ച മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പൽ എം.എസ്.സി എൽസയിൽ നിന്നുള്ള 13 കണ്ടെയ്നറുകളിൽ എന്താണ് ഉള്ളതെന്ന കാര്യത്തിൽ ദുരൂഹത തുടരുന്നു. കപ്പൽ മുങ്ങി കണ്ടയിനറുകൾ കടലിൽ ഒഴുകി വിവിധ തീരങ്ങളിൽ അടിയാൻ തുടങ്ങിയിട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും അപകടകരമായ ചരക്കുകളെ കുറിച്ച് ഒന്നും വിട്ടു പറയാതെ അധികൃതർ.
അപകടകരമായതും ജനങ്ങൾ അടുക്കരുതെന്നും പറയുമ്പോഴും ആശങ്കകള്‍ പരിഹരിക്കാന്‍ അധികൃതര്‍ക്കു കഴിയുന്നില്ല. കപ്പലിലെ 643 കണ്ടെയ്നറുകളില്‍ 13 എണ്ണം അപകടകരമായ വസ്തുക്കളും 12 എണ്ണം കാല്‍സ്യം കാര്‍ബൈഡും ആണെന്നാണ് കോസ്റ്റ് ഗാര്‍ഡ് നല്‍കുന്ന വിവരം. എന്നാല്‍ അപകടകരമായ ചരക്കിനെക്കുറിച്ച് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയില്‍ നിന്നോ എം.എസ്.സി എൽസ-3ന്റെ ഉടമകളില്‍ നിന്നോ, തുറമുഖ അധികൃതരില്‍ നിന്നോ, കസ്റ്റംസ് വകുപ്പില്‍ നിന്നോ തൃപ്തികരമായ വിശദീകരണം ലഭിക്കാത്തത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്. കാല്‍സ്യം കാര്‍ബൈഡിന്റെ മലിനീകരണവും പാരിസ്ഥിതിക ആഘാതവും ഏതാനും നോട്ടിക്കല്‍ മൈലുകളില്‍ മാത്രമായി പരിമിതപ്പെടുമെന്നും കടല്‍ പ്രക്ഷുബ്ധമാകുന്നതിനാല്‍ അത് അലിഞ്ഞുപോകുമെന്നും വിദഗ്ദ്ധര്‍ പറഞ്ഞു.
സംശയങ്ങള്‍ ദൂരീകരിക്കേണ്ടത് ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിന്റെ (ഡി.ജി) ഉത്തരവാദിത്തമാണ്. കൊച്ചിയിലെ മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച ഷിപ്പിങ് സ്ഥാപനത്തിന്റെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും കപ്പലിലെ മുഴുവന്‍ ചരക്കുകളുടെയും വിവരങ്ങള്‍ അടങ്ങിയ കാര്‍ഗോ മാനിഫെസ്റ്റ് ആവശ്യപ്പെടുകയും ചെയ്തു. മുങ്ങിയ കപ്പലിന്റെ ക്യാപ്റ്റന്റെ മൊഴിയും അവര്‍ രേഖപ്പെടുത്തി. ഡി.ജി ഷിപ്പിങ്ങിന്റെ ഓഫിസിലെ ഉദ്യോഗസ്ഥരും ചൊവ്വാഴ്ച കൊച്ചിയിലെത്തിയിരുന്നു.
ബുധനാഴ്ച രാവിലെ സംസ്ഥാന സര്‍ക്കാരുമായും ഇന്ത്യന്‍ നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും ഉന്നതരുമായും മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തും. അതിനിടെ, ആശങ്കകള്‍ ദൂരീകരിക്കുന്നതിന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ ബുധനാഴ്ച തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിനിധികളെ കാണും. അപകടകരമായ രാസവസ്തുക്കള്‍ സമുദ്ര ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും ഉപജീവനമാർഗത്തെ ബാധിക്കുകയും ചെയ്യുമെന്നതിനാല്‍ കേരളത്തിലെ മത്സ്യത്തൊഴിലാളി സംഘടനകള്‍ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

