എന്തു സംഭവിക്കും ഏറ്റുമാനൂരിൽ?
text_fieldsവി.എൻ. വാസവൻ
ഏറ്റുമാനൂർ: മന്ത്രി വി.എൻ. വാസവന്‍റെ തട്ടകം, ജില്ലയിൽ സി.പി.എമ്മിന്‍റെ ഏക മണ്ഡലം, കാലങ്ങൾക്കുശേഷം കോൺഗ്രസിന് കൈപ്പത്തിയിൽ മത്സരം, മത്സരിക്കുന്നത് ജില്ല കോൺഗ്രസ് അധ്യക്ഷൻ, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയുടെ സാന്നിധ്യം... അങ്ങനെ ഏറ്റുമാനൂരിലെ തെരഞ്ഞെടുപ്പിന് പ്രാധാന്യമേറെ.
കേരള കോൺഗ്രസിൽനിന്ന് ഏറ്റെടുത്ത സീറ്റിൽ ജയിക്കുക എന്നത് കോൺഗ്രസിന്‍റെയും ഡി.സി.സി പ്രസിഡന്‍റിനു മുന്നിൽ വിജയിച്ച് മണ്ഡലം നിലനിർത്തുക എന്നത് എൽ.ഡി.എഫിന്‍റെയും അഭിമാനപ്രശ്നമാണ്. കോൺഗ്രസിനെയും കേരള കോൺഗ്രസിനെയും ജനത മുന്നണിയെയും സ്വതന്ത്രനെയും വരെ വിജയിപ്പിച്ച ചരിത്രമാണ് മണ്ഡലത്തിന്. കേരള കോൺഗ്രസിന്‍റെ തണലിൽ കാലങ്ങളോളം യു.ഡി.എഫിനൊപ്പം നിന്നിരുന്ന മണ്ഡലം 2011ൽ സുരേഷ് കുറുപ്പാണ് ഇടത്തേക്ക് ഗതിമാറ്റുന്നത്. അങ്കത്തട്ടിലെ ഭാഷയിൽ പറഞ്ഞാൽ വലതുമാറി ഇടതുചേർന്ന മണ്ഡലം.
തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് കാര്യമായ പരിക്കേറ്റെന്നത് ശ്രദ്ധേയമാണ്. ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയും അയ്മനം, ആർപ്പൂക്കര, അതിരമ്പുഴ, കുമരകം, തിരുവാർപ്പ്, നീണ്ടൂർ എന്നീ ആറു പഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് മണ്ഡലം.
1957ലും 1960ലും കോൺഗ്രസിലെ ജോർജ് ജോസഫ് പൊടിപാറ ആയിരുന്നു വിജയി. 1965ൽ എം.എം. ജോസഫ് (കേരള കോൺഗ്രസ്), 1967ൽ പി.പി. വിത്സൺ (എസ്.എസ്.പി), 1970 ൽ പി.ബി.ആർ. പിള്ള (എസ്.എസ്.പി) എന്നിവരും വിജയിച്ചു.
1980ൽ വൈക്കം വിശ്വന് അവസരം നൽകിയെങ്കിലും തുടർച്ചയുണ്ടായില്ല. പിന്നീട് സി.പി.എമ്മിന് മണ്ഡലം കിട്ടിയത് 2011ൽ മാത്രമാണ്. 1991 മുതൽ തോമസ് ചാഴികാടന്‍റെ ജൈത്രയാത്ര ആയിരുന്നു. സുരേഷ് കുറുപ്പിന്‍റെ വരവാണ് അതിന് കടിഞ്ഞാണിട്ടത്.
2016 ലും സുരേഷ് കുറുപ്പ് വിജയം തുടർന്നു. 2021ൽ അഡ്വ. പ്രിൻസ് ലൂക്കോസിനെ 14,303 വോട്ടുകൾക്കാണ് വാസവൻ തോൽപിച്ചത്. ഇത്തവണ മന്ത്രി വി.എൻ. വാസവൻ രണ്ടാമൂഴം തേടിയിറങ്ങുമ്പോൾ യു.ഡി.എഫ് സ്ഥാനാർഥിയായി ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷാണ് രംഗത്ത്.
ഈഴവ- ക്രിസ്ത്യൻ വോട്ടുകൾക്ക് നിർണായക സ്വാധീനമുണ്ട് മണ്ഡലത്തിൽ. ഈഴവ വോട്ടുകൾ പരമ്പരാഗതമായി എൽ.ഡി.എഫിനാണ് കിട്ടിക്കൊണ്ടിരുന്നത്.
ഇത്തവണ ഇരുമുന്നണികളുടെയും സ്ഥാനാർഥികൾ ഈഴവ സമുദായത്തിൽനിന്നാണെന്നത് ശ്രദ്ധേയം. എൻ.ഡി.എക്കായി മത്സരിക്കുന്നത് ട്വന്‍റി-20 പ്രതിനിധി ആതിര ഡി. നായരാണ്. സംഗീതജ്ഞയും സമൂഹമാധ്യമങ്ങളിലെ താരവും സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയുമാണ് ഈ 25കാരി.
വി.എൻ. വാസവൻ -എൽ.ഡി.എഫ്
സഹകരണ രജിസ്ട്രേഷൻ മന്ത്രി, മുൻ കോട്ടയം എം.എൽ.എ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം, മുൻ ജില്ല സെക്രട്ടറി, സി.ഐ.ടി.യു ജില്ല സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയന്റ് സെക്രട്ടറി, പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പാമ്പാടി സ്വദേശി.
വാഗ്ദാനം; 4200 കോടിയുടെ വികസനമാണ് മണ്ഡലത്തിൽ നടപ്പാക്കിയത്. തെരഞ്ഞെടുപ്പുകാലത്ത് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കി. വികസനത്തുടർച്ച ഉറപ്പുനൽകുന്നു. നാനാതലങ്ങളിലെ വികസനം നടപ്പാക്കും. ജനകീയ പ്രശ്നങ്ങളിൽ പരിഹാരം കാണും. ജനങ്ങൾ അർപ്പിച്ച സ്നേഹവും വിശ്വാസവും കാത്തുസൂക്ഷിക്കും. നാടിന്റെ ശോഭനമായ ഭാവി കെട്ടിപ്പടുക്കും.
പ്രതീക്ഷ; ഏറ്റുമാനൂരിൽ മാത്രമല്ല ഒമ്പതു മണ്ഡലങ്ങളിലും ഇടതുവിജയം ഉറപ്പ്.
നാട്ടകം സുരേഷ് -യു.ഡി.എഫ്
ഡി.സി.സി പ്രസിഡന്‍റ്. 15 വർഷം നാട്ടകം പഞ്ചായത്ത് മെംബറും അഞ്ചുവർഷം പ്രസിഡന്റുമായിരുന്നു. കെ.എസ്.യു യൂനിറ്റ് പ്രസിഡൻറ്, താലൂക്ക് സെക്രട്ടറി, ജില്ല സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഡി.സി.സി ജനറൽ സെക്രട്ടറി, കെ.പി.സി.സി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
വാഗ്ദാനം; തെരഞ്ഞെടുപ്പിനുശേഷം ജനങ്ങളുമായി കൂടിയാലോചിച്ച് പദ്ധതികൾ വിഭാവനം ചെയ്ത് നടപ്പാക്കും. നടപ്പാക്കാൻ കഴിയുന്ന വാഗ്ദാനങ്ങളേ നൽകൂ. ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ പറയില്ല. കഴിഞ്ഞ അഞ്ചു വർഷം മണ്ഡലത്തിൽ ഊതിപ്പെരുപ്പിച്ച വികസനമാണ് അരങ്ങേറിയത്. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് മണ്ഡലത്തിൽ തുടക്കം കുറിച്ച വികസനങ്ങളേ അവിടെ നടന്നിട്ടുള്ളു.
പ്രതീക്ഷ; ഒമ്പതു മണ്ഡലങ്ങളിലും ജയിക്കും. തദ്ദേശവിജയം ആവർത്തിക്കും.
ആതിര ഡി. നായർ -എൻ.ഡി.എ
സംഗീതജ്ഞ, നർത്തകി, സംരംഭക, സമൂഹമാധ്യമങ്ങളിലെ താരം. ബി.എസ്.സി ഫോറൻസിക് സയൻസും എം.എസ്.എസി കമ്പ്യൂട്ടര്‍ സയന്‍സും പൂര്‍ത്തിയാക്കി. മാന്നാനം കെ.ഇ. സ്കൂളിൽ അധ്യാപികയായിരുന്നു. ഏറ്റുമാനൂർ പുന്നത്തുറ സ്വദേശിനി.
വാഗ്ദാനം; കിഴക്കമ്പലം മോഡൽ വികസനം മണ്ഡലത്തിൽ നടപ്പാക്കും. ഇതുവരെ കണ്ടതിനുമപ്പുറം കാലഘട്ടത്തിനനുസരിച്ച് എന്തുചെയ്യാൻ പറ്റുമെന്ന് പഠിക്കും. യുവ കേന്ദ്രീകൃത വികസനത്തിന് മുൻഗണന നൽകും. ജനങ്ങളെ സേവിക്കുകയാണ് ജനപ്രതിനിധിയുടെ ചുമതല. രാഷ്ട്രീയം തൊഴിലായിക്കാണുന്നില്ല. ജനങ്ങൾക്കുവേണ്ടി ഏതുസമയത്തും കൂടെയുണ്ടാവും.
പ്രതീക്ഷ; വിജയത്തിൽ കുറച്ചൊന്നും പ്രതീക്ഷിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

