മോദിയും പിണറായിയും തമ്മില്‍ എന്ത് വ്യത്യാസം; കള്ളക്കണക്കുകൾ പറഞ്ഞ് സമരത്തെ തകർക്കാൻ ശ്രമം -ചെന്നിത്തല
text_fieldsതിരുവല്ല: പി.എസ്.സി നിയമനങ്ങളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച കണക്കുകള്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളക്കണക്കുകള്‍ പറഞ്ഞു കൊണ്ട് സമരത്തെ തകര്‍ക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു.
സത്യം വിളിച്ചു പറയുന്ന കണക്കുകള്‍ എന്നദ്ദേഹം പറഞ്ഞത്. എന്നാല്‍, വാസ്തവത്തില്‍ അസത്യം വിളിച്ചു പറയുന്ന കണക്കുകളാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി അവതരിപ്പിച്ചത്. ഈ സര്‍ക്കാറിന്‍റെ കാലത്ത് പൊലീസില്‍ 13,825 നിയമനങ്ങള്‍ നടത്തിയപ്പോള്‍ കഴിഞ്ഞ സര്‍ക്കാര്‍ 4791 നിയമനങ്ങള്‍ മാത്രമേ നടത്തിയുള്ളൂവെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. മൂന്നിരട്ടി നിയമനം നടത്തിയെന്നായിരുന്നു പ്രചരണം. മുഖ്യമന്ത്രിക്ക് ഈ കണക്കുകള്‍ എവിടെ നിന്ന് കിട്ടിയെന്നറിയില്ല.
സത്യത്തില്‍ 2011-2014 യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് 10,185 നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്. അന്ന് ഞാനായിരുന്നു ആഭ്യന്തരമന്ത്രി. ഏറ്റവും കൂടുതല്‍ നിയമനം നടന്ന വകുപ്പായിരുന്നു പൊലീസ് വകുപ്പ്. ഈ സര്‍ക്കാറിന്‍റെ കാലത്ത് 1,57,909 നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, 1,58,680 നിയമനങ്ങളാണ് യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് നടത്തിയത്. ഇത് ഇടത് സര്‍ക്കാറിന്‍റെ കണക്കുകളേക്കാള്‍ കൂടുതലാണ്. ഈ കണക്കുകള്‍ മറച്ചുവെച്ചാണ് മുഖ്യമന്ത്രിയുടെ വിശദീകരണമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
പിന്‍വാതില്‍ നിയമനങ്ങള്‍ മാത്രം നടത്തുന്ന സര്‍ക്കാരായി ഇടത് സര്‍ക്കാര്‍ മാറി. എല്ലാ മാനദണ്ഡങ്ങളും യോഗ്യതകളും നോക്കിയാണ് പിന്‍വാതില്‍ നിയമനം നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എസ്.എസ്.എൽ.സി പോലും പാസാവാത്ത സ്വപ്‌ന സുരേഷിനെ ഒന്നേ മുക്കാല്‍ ലക്ഷം ശമ്പളത്തില്‍ നിയമിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ശിപാര്‍ശ പ്രകാരമാണ്. അത് എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്ന് ചെന്നിത്തല ചോദിച്ചു.
മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ആരെയും വേദനിപ്പിക്കുന്ന സംഭവങ്ങളാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്നത്. ഈ കാഴ്ചകളൊന്നും മുഖ്യമന്ത്രിയെയോ സര്‍ക്കാരിനെയോ അലോസരപ്പെടുത്തുന്നില്ല. അതാണ് ഏറ്റവും ദുഃഖകരം. അര്‍ഹതപ്പെട്ട ആളുകള്‍ക്ക് ജോലി കൊടുക്കേണ്ടത് സര്‍ക്കാറിന്‍റെ ഉത്തരവാദിത്തമാണ്. സമരം ചെയ്യുന്ന ജനതയോട് ചര്‍ച്ച നടത്തില്ലെന്നത് ജനാധിപത്യ വിരുദ്ധമാണ്, ഏകാധിപത്യപരമാണ്. ഇങ്ങനെയാണെങ്കില്‍ നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

