എന്താണ് എസ്.ഐ.ആർ? എന്തെല്ലാം രേഖകൾ ഹാജരാക്കാം? നടപ്പാക്കുന്നത് എങ്ങനെ? വിശദമായറിയാം...
text_fieldsകേരളമടക്കം 12 സംസ്ഥാനങ്ങളിൽ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം അഥവാ സ്പെഷൽ ഇന്‍റൻസീവ് റിവിഷൻ (എസ്.ഐ.ആര്‍) നടപ്പാക്കാനുള്ള നടപടികൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. യോഗ്യരായ ഒരു വോട്ടറെയും ഒഴിവാക്കിയിട്ടില്ലെന്നും അർഹരല്ലാത്ത ഒരാളും ഉൾപ്പെട്ടിട്ടില്ലെന്നും ഉറപ്പാക്കാനുള്ള നടപടിയാണ് എസ്.ഐ.ആർ.
2002ലെ വോട്ടര്‍പട്ടികയെ അടിസ്ഥാനമാക്കിയാണ് എസ്.ഐ.ആര്‍ നടത്തുന്നത്. പുതിയ പേരുകൾ ഇടക്ക് കൂട്ടിച്ചേർക്കാറുണ്ടെങ്കിലും മരണമടഞ്ഞവർ വരെ പട്ടികയിൽ തുടരുന്നതായി കാണാം. ഒന്നിലേറെ സ്ഥലങ്ങളിൽ വോട്ടുണ്ടാകുന്നതും പലപ്പോഴും വിവാദമാകാറുണ്ട്. അത്തരം അപാകങ്ങളെല്ലാം പരിഹരിച്ച് പട്ടിക ശുദ്ധീകരിക്കാൻ എസ്.ഐ.ആറിലൂടെ തെരഞ്ഞെടുപ്പ് കമീഷൻ ലക്ഷ്യമിടുന്നു.
വോട്ടർമാരുടെ യോഗ്യത
ഇന്ത്യൻ പൗരരായ, 18 വയസ്സ് പൂർത്തിയായ, മണ്ഡലത്തിലെ സ്ഥിരതാമസക്കാരെയാണ് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുക. 2002ലെ പട്ടികയിലുള്ളവർക്കും അവരുടെ മക്കൾക്കും പൗരത്വം തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടതില്ല. 2002ലെ പട്ടികയിൽ ബന്ധുക്കൾ ഉള്ളവർക്കും ഇളവു നൽകുമെന്ന് പറയുന്നുണ്ടെങ്കിലും, അതിൽ വ്യക്തതയില്ല.
എസ്.ഐ.ആർ നടപ്പാക്കുന്നത് ഇങ്ങനെ
ഓരോ ബൂത്തിലും ശരാശരി 1000 വോട്ടർമാർ ഉണ്ടാകും. ചിലയിടത്ത് ഇത് 1200 വരെ പോകും. ബൂത്തുകളിൽ നിയമിക്കുന്ന ബൂത്ത് ലെവൽ ഓഫിസർ (ബി.എൽ.ഒ) നിലവിലെ വോട്ടർമാർക്ക് എന്യൂമറേഷൻ ഫോമുകൾ എത്തിക്കും. പുതുതായി വോട്ട് ചേർക്കാൻ ഫോം സിക്സും ഒഴിവാക്കാൻ ഫോം സെവനും തിരുത്താനോ വോട്ടുമാറ്റാനോ ഫോം എയ്റ്റുമാണ് നൽകേണ്ടത്. താൽക്കാലികമായി സ്ഥലംമാറി നിൽക്കുന്നവർക്ക് ഓൺലൈനായും ഫോം സമർപ്പിക്കാം.
അതായത് മരിച്ചുപോയവരെയും താമസം മാറിയവരെയും ഒന്നിലേറെ സ്ഥലങ്ങളിൽ വോട്ടുള്ളവരെയും തിരിച്ചറിയേണ്ടത് ബി.എൽ.ഒമാരാണ്. ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ കരടു വോട്ടർപട്ടിക തയാറാക്കേണ്ടത് നിയമസഭാ മണ്ഡലത്തിൽ നിയോഗിച്ചിട്ടുള്ള ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസറാണ്. രേഖ ആവശ്യമുള്ളവർക്ക് ഇ.ആർ.ഒ നോട്ടീസ് അയക്കും. പിന്നീട് അന്തിമ പട്ടികയും പ്രസിദ്ധീകരിക്കും.
അപ്പീൽ
അന്തിമ പട്ടികയിൽ പരാതിയുണ്ടെങ്കിൽ ആദ്യം ജില്ലാ കലക്ടർക്ക് അപ്പീൽ നൽകാം. പരിഹാരമായില്ലെങ്കിൽ സംസ്ഥാന തെരഞ്ഞെടുപ്പു കമീഷണറെ സമീപിക്കാനുള്ള അവസരവും സമ്മതിദായകർക്ക് ഉണ്ടായിരിക്കും.
2002ലെ വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തവർ ചെയ്യേണ്ടത്
കേരളത്തിൽ 2002ലെ വോട്ടർപട്ടികയിൽ സ്വന്തം പേരോ മാതാപിതാക്കളുടെ പേരോ ഇല്ലാത്തവരെ ജനന തീയതിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ മൂന്നായി തരംതിരിച്ചിട്ടുണ്ട്. വോട്ടവകാശം ലഭിക്കാൻ ഇവർ സമർപ്പിക്കേണ്ട രേഖകളും കമീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
- 1987 ജൂലൈ ഒന്നിന് മുമ്പ് ജനിച്ചവർ: സ്വന്തം ജനന തീയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖ സമർപ്പിക്കണം.
- 1987 ജൂലൈ ഒന്നിനും 2004 ഡിസംബർ രണ്ടിനുമിടയിൽ ജനിച്ചവർ: സ്വന്തം ജനന തിയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖ കൂടാതെ മാതാവിന്റെയോ പിതാവിന്റെയോ ഏതെങ്കിലുമൊരാളുടെ ജനന തിയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖയും സമർപ്പിക്കണം.
- 2004 ഡിസംബർ രണ്ടിന് ശേഷം ജനിച്ചവർ: സ്വന്തം ജനന തിയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖ കൂടാതെ രക്ഷിതാക്കളിൽ മാതാവിന്റെയും പിതാവിന്റെയും ജനന തിയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖയും സമർപ്പിക്കണം. വോട്ടറുടെ രക്ഷിതാക്കളിൽ ആരെങ്കിലും ഇന്ത്യൻ പൗരൻ അല്ലെങ്കിൽ ജനന സമയത്തുള്ള രക്ഷിതാവിന്റെ വിസയുടെയും പാസ്പോർട്ടിന്റെയും പകർപ്പ് നൽകണം.
പേരുള്ളവരും അപേക്ഷ നൽകണം
2002 വോട്ടർ പട്ടികയിൽ സ്വന്തം പേരുള്ളവരും മാതാപിതാക്കളുടെ പേരുള്ളവരും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകണം. എന്നാൽ അവർ അപേക്ഷക്കൊപ്പം പൗരത്വം തെളിയിക്കുന്നതിനുള്ള 12 രേഖകളിൽ ഒന്നും സമർപ്പിക്കേണ്ടതില്ല. കമീഷൻ പ്രസിദ്ധീകരിച്ച 2002ലെ വോട്ടർപട്ടികയിൽ പേരുള്ളതിന്റെ രേഖ നൽകിയാൽ മതി.
പൗരത്വം തെളിയിക്കാൻ ഹാജരാക്കാവുന്ന രേഖകൾ
- സർക്കാർ ജീവനക്കാരെങ്കിൽ ഐഡി കാർഡ്, പെൻഷനറെങ്കിൽ പെൻഷൻ പേയ്മെന്‍റ് ഓർഡർ
- സർക്കാർ, പ്രാദേശിക ഭരണകൂടങ്ങൾ, ബാങ്കുകൾ, പോസ്‌റ്റ് ഓഫിസുകൾ, എൽ.ഐ.സി പൊതുമേഖലാ ബാങ്കുകൾ 1987നു മുമ്പ് ഇഷ്യു ചെയ്‌ത ഐ.ഡി കാർഡുകൾ
- ജനന സർട്ടിഫിക്കറ്റ്
- പാസ്പോർട്ട്
- സർവകലാശാലകളും ബോർഡുകളും നൽകുന്ന വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്
- സ്‌ഥിരതാമസം തെളിയിക്കുന്ന സംസ്‌ഥാന സർക്കാർ സർട്ടിഫിക്കറ്റ്
- വനാവകാശ സർട്ടിഫിക്കറ്റ്
- ജാതി സർട്ടിഫിക്കറ്റ്
- നാഷനൽ രജിസ്ട്രാർ ഓഫ് സിറ്റിസൻസ്
- സംസ്‌ഥാനം തയാറാക്കുന്ന ഫാമിലി രജിസ്റ്റർ
- സർക്കാർ ഭൂമിയോ വീടോ അനുവദിച്ചതിന്റെ സർട്ടിഫിക്കറ്റ്
- ആധാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

