42 വർഷത്തെ നിഗൂഢത; സുകുമാരക്കുറുപ്പ് എവിടെ? കേസ് ഫയലുകൾ വീണ്ടും തുറന്ന് ക്രൈംബ്രാഞ്ച്
text_fieldsസുകുമാരക്കുറുപ്പ്
തിരുവനന്തപുരം: ജീവിച്ചിരിപ്പുണ്ടോ? മരിച്ചോ? കേരളത്തിലെ കുറ്റാന്വേഷണ ചരിത്രത്തിൽ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്ന സുകുമാരക്കുറുപ്പ് കേസിലേക്ക് അന്വേഷണ സംഘം വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നാല് പതിറ്റാണ്ടിലേറെയായിട്ടും പിടികൂടാൻ കഴിയാത്ത, സംസ്ഥാനത്തെ ഏറ്റവും കുപ്രസിദ്ധനായ പ്രതിയെ സംബന്ധിച്ച വിവരങ്ങൾ തേടി ക്രൈംബ്രാഞ്ച് പുതിയ നീക്കങ്ങൾ ആരംഭിച്ചു.
ഇൻഷുറൻസ് തുക കൈക്കലാക്കാൻ സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചുകളഞ്ഞ സംഭവത്തിന് ശേഷം ഒളിവിൽ പോയ കുറുപ്പിനെ കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. ഇയാൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ അതോ മരണത്തിന് കീഴടങ്ങിയോ എന്നത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ തുടരുന്നതിനിടെയാണ് കേസ് ഫയലുകൾ വീണ്ടും പരിശോധിക്കാൻ അധികൃതർ തീരുമാനിച്ചത്. ഐ.ജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിൽ ഉന്നതതല സംഘം ഇതിനകം തന്നെ കേസിന്‍റെ വിശദാംശങ്ങൾ വിലയിരുത്തിക്കഴിഞ്ഞു.
പൊലീസ് പട്ടികയിലെ പിടികിട്ടാപുള്ളികളിൽ ഏറ്റവും മുൻപന്തിയിലുള്ള കുറുപ്പിനെ കണ്ടെത്താനായി രഹസ്യാന്വേഷണ വിഭാഗം മുഖേനയുള്ള നീക്കങ്ങൾക്കാണ് ക്രൈംബ്രാഞ്ച് രൂപം നൽകിയിരിക്കുന്നത്. ദീർഘകാലമായി മരവിച്ചുകിടന്ന കേസിലെ തുമ്പുകൾ വീണ്ടും പരിശോധിക്കുന്നതിലൂടെ കുറ്റകൃത്യത്തിന്റെ ചുരുളഴിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

