കൊച്ചി: മുൻ മിസ് കേരള അൻസി കബീറും സുഹൃത്തുക്കളായ രണ്ടുപേരും കൊല്ലപ്പെടാനിടയായ വാഹനാപകടം നടന്ന ഒക്ടോബർ 31ലെ രാത്രിയിൽ ഫോർട്ട്കൊച്ചിയിലെ നമ്പർ18 ഹോട്ടലിൽ സംഭവിച്ചതെന്ത്? പല കഥകളും ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും ആ രാത്രിയിൽ വൻതോതിൽ മയക്കുമരുന്നിെൻറയും മദ്യത്തിെൻറയും ഉപയോഗം ഇവിടെ നടെന്നന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്. കൂടാതെ, കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ മയക്കുമരുന്ന് റാക്കറ്റിലെ സംഘങ്ങൾ ഇവിടെ എത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്.
സി.സി ടി.വി ദൃശ്യങ്ങൾ നശിപ്പിച്ചതിലൂടെ ഇതിലേക്ക് എത്താവുന്ന ഏറ്റവും വലിയ തെളിവാണ് ഇല്ലാതാക്കിയത്. എന്നാൽ, സമീപത്തെ മറ്റ് സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് ഇവിടേക്ക് എത്തിയത് ആരൊക്കെയാണെന്ന് കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. ഇതിനൊപ്പം ഹോട്ടലിൽ ഒത്തുകൂടിയവരുടെ സ്വകാര്യ ഭാഗങ്ങൾ വിഡിയോയിൽ പകർത്തിയതായാണ് സംശയിക്കുന്നത്. ഐ.ടി ആക്ടിലെ 66ഇ വകുപ്പ് പ്രകാരമുള്ള ഇൗ കുറ്റത്തിന് മൂന്നുവർഷംവരെ തടവും ഒരുലക്ഷം രൂപ വരെ പിഴയും ലഭിക്കാം.
സംഭവത്തിെൻറ യഥാർഥ വിവരങ്ങൾ കണ്ടെത്താൻ അപകടമുണ്ടായ കാറിനെ പിന്തുടർന്ന ഔഡി കാർ ഓടിച്ചിരുന്ന സൈജുവിനെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കവും പൊലീസ് തുടങ്ങി. അപകടത്തിൽപെട്ട ബൈക്ക് ഓടിച്ചിരുന്ന കാഞ്ഞൂർ സ്വദേശി ഡിനിൽ ഡേവിഡിനെയും പൊലീസ് വീണ്ടും ചോദ്യംചെയ്യും. രാത്രി പാർട്ടി കഴിഞ്ഞ് മടങ്ങിയ അൻസി കബീർ അടക്കമുള്ളവരുടെ വാഹനം ഡിനിലിെൻറ ബൈക്കിൽ ഇടിച്ച ശേഷമാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്.
സൈജു അപകടസ്ഥലത്ത് എത്തിയതായി പൊലീസ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ഇയാൾ എന്തിനാണ് ഇവരെ പിന്തുടർന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇയാളെ കസ്റ്റഡിയിൽ ചോദ്യംചെയ്യുന്നതോടെ ഹോട്ടലിലും തുടർന്ന് ചക്കരപ്പറമ്പ് വരെയുള്ള ഹൈവേകളിലും സംഭവിച്ചതെന്താണെന്ന കൃത്യമായ വിവരം പുറത്തുകൊണ്ടുവരാനാവുമെന്നാണ് പൊലീസിെൻറ പ്രതീക്ഷ.