Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുരോഗമനവാദികളെന്ന്...

പുരോഗമനവാദികളെന്ന് അറിയപ്പെടുന്ന സംഘടന റാഗിങ്ങിന് നേതൃത്വം നല്‍കുന്നത് എന്തൊരു നാണക്കേട് -വി.ഡി. സതീശൻ

text_fields
bookmark_border
VD Satheesan
cancel

തിരുവനന്തപുരം: പൂക്കോട് വെറ്റനറി കോളജ് വിദ്യാർഥി സിദ്ധാർഥിനെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ പ്രതികളായ എസ്.എഫ്.ഐക്കാരെ രക്ഷിക്കാനുളള ശ്രമമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേസ് അട്ടിമറിച്ച് എസ്.എഫ്.ഐ ക്രിമിനലുകളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് സി.പി.എം. മകനെ കൊന്ന് കെട്ടിത്തൂക്കിയത് എസ്.എഫ്.ഐക്കാരാണെന്ന് മാതാപിതാക്കള്‍ പറഞ്ഞിട്ടും വിദ്യാര്‍ഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും തര്‍ക്കം മാത്രമാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത് എസ്.എഫ്.ഐയെ ഒഴിവാക്കാനുള്ള ഹീനശ്രമമാണെന്നും സതീശൻ കുറ്റപ്പെടുത്തി.

ഹോസ്റ്റലിന്റെ നടുത്തളത്തില്‍ നൂറ്റിമുപ്പതോളം വിദ്യാര്‍ഥികളുടെ സാന്നിധ്യത്തില്‍ അതിക്രമം നടന്നിട്ടും ഹോസ്റ്റല്‍ വാര്‍ഡനും ഡീനും അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാകില്ല. ക്രൂരമായ കുറ്റകൃത്യം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയ ഡീനിനെ കേസില്‍ പ്രതി ചേര്‍ക്കണം. കൊലപാതകം മൂടിവെക്കാനും പ്രതികളെ സംരക്ഷിക്കാനും ഡീനും സി.പി.എം അനുകൂല സംഘടനയില്‍ ഉള്‍പ്പെട്ട അധ്യാപകരും നടത്തിയ ശ്രമത്തെ കുറിച്ചും അന്വേഷിക്കണം. അന്വേഷണം നടത്തുമ്പോള്‍ ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകരെ സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നവകേരള സദസില്‍ എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ ക്രിമിനലുകള്‍ അഴിഞ്ഞാടിയപ്പോള്‍ അതിനെ രക്ഷാപ്രവര്‍ത്തനമെന്ന് ന്യായീകരിച്ച മുഖ്യമന്ത്രിയാണ് ക്രിമിനല്‍ സംഘങ്ങളെ അഴിഞ്ഞാടാന്‍ വിട്ടത്. ഇത്തരം അക്രമ സംഭവങ്ങളെ മുഖ്യമന്ത്രിയാണ് പ്രോത്സാഹിപ്പിക്കുന്നത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എറണാകുളത്തെ കെ.എസ്.യു നേതാവിനെ തട്ടിക്കൊണ്ട് പോയി ലോ കോളജ് ഹോസ്റ്റലിലെ കട്ടിലിന്റെ കാലില്‍ കെട്ടിയിട്ട് വെളുപ്പാന്‍കാലം വരെ മര്‍ദിച്ച കേസിലെ പ്രതിയാണ്. ഇതുപോലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയാണ് എസ്.എഫ്.ഐ നേതൃസ്ഥാനത്ത് വച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പൊലീസ് ഉദ്യോഗസ്ഥന്റെ കരണക്കുറ്റി അടിച്ചുപൊളിച്ചു. എന്തൊരു ക്രിമിനലുകളാണിവര്‍.

കാമ്പസുകളില്‍ മറ്റ് സംഘടനകള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പറ്റാത്ത രീതിയില്‍ എസ്.എഫ്.ഐ മര്‍ദനം അഴിച്ചുവിടുകയാണ്. സിദ്ധാര്‍ഥനെ ക്രൂരമായി മര്‍ദിച്ചത് പുറത്തു പറഞ്ഞാല്‍ ജീവന്‍ അപകടത്തിലാകുമെന്ന് ഭയന്നാണ് അക്രമത്തിന് സാക്ഷികളായ വിദ്യാര്‍ഥികള്‍ അക്കാര്യം പുറത്ത് പറയാത്തത്. കോളജുകളിലേക്ക് മക്കളെ അയക്കാന്‍ രക്ഷിതാക്കളും ഭയപ്പെടുകയാണ്. പുരോഗമനവാദികളെന്ന് അറിയപ്പെടുന്ന സംഘടന റാഗിങ്ങിന് നേതൃത്വം നല്‍കുന്നത് എന്തൊരു നാണക്കേടാണ്? പല കോഴ്‌സുകളിലും വിദ്യാര്‍ഥികള്‍ ഇല്ലാതെ ഉന്നതവിദ്യാഭ്യാസ മേഖല ഗുരുതര പ്രതിസന്ധി നേരിടുന്നതിനിടയിലാണ് ക്രിമിനലുകള്‍ അഴിഞ്ഞാടുന്നത്. സര്‍ക്കാരും സി.പി.എമ്മും മുഖ്യമന്ത്രിയുമാണ് ക്രിമിനലുകള്‍ക്ക് പിന്തുണ നല്‍കുന്നത്.

കേരളത്തിന് അപമാനകരമായ രീതിയില്‍ വിദ്യാർഥിക്കെതിരെ ആള്‍ക്കൂട്ട ആക്രമണം നടന്നിട്ടും മുഖ്യമന്ത്രി മിണ്ടാതിരിക്കുകയാണ്. വിദ്യാർഥികളിലെ ഭീതി എല്ലാ കാമ്പസുകളിലേക്കും പടരുകയാണ്. അപകടകരമായ രീതിയിലേക്ക് കാമ്പസുകളെ മാറ്റുന്ന ക്രിമിനലുകളെ ഒതുക്കിയില്ലെങ്കില്‍ ശക്തമായ സമരം യു.ഡി.എഫും വിദ്യാര്‍ഥി- യുവജന സംഘടനകളും ആരംഭിക്കും. കേരളത്തിലെ കാമ്പസുകളെ ഈ ക്രിമിനലുകള്‍ക്ക് വിട്ടുകൊടുക്കില്ല. എസ്.എഫ്.ഐക്ക് അഴിഞ്ഞാടാന്‍ ആരാണ് ലൈസന്‍സ് നല്‍കിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sfiVD SatheesanSiddharth death wayanad
News Summary - What a shame that the organization of progressives is leading the ragging - V.D. Satheesan
Next Story