Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പശ്ചിമഘട്ടത്തിലെ ബാൾസം ചെടികൾ കടുത്ത വംശനാശഭീഷണിയിൽ

text_fields
bookmark_border
പശ്ചിമഘട്ടത്തിലെ ബാൾസം ചെടികൾ കടുത്ത വംശനാശഭീഷണിയിൽ
cancel

കട്ടപ്പന: പശ്ചിമഘട്ടത്തിലെ ബാൾസം ചെടികൾ കടുത്ത വംശനാശ ഭീഷണിയിൽ. ഭൂഗോളത്തിലെ ഏറ്റവും ഭംഗിയുള്ള പുഷ്പങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നവയാണ് ബാൾസങ്ങൾ. ഇംപേഷ്യനൻസ് എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ബാൾസങ്ങൾ മഴക്കാലത്ത് ഒരു സീസണിൽ വളർന്ന് പുഷ്പിച്ച് മണ്ണിലേക്ക് മടങ്ങുന്നവയാണ്. ബാൾസങ്ങളുടെ പറുദീസ എന്നറിയപ്പെടുന്ന പശ്ചിമഘട്ട മലനിരകൾക്ക് പെരുമഴക്കാലം സുവർണ കാലമാണ്. എന്നാൽ, പശ്ചിമഘട്ടത്തിലെ ഒട്ടേറെയിനം ബാൾസങ്ങൾ കടുത്ത വംശനാശ ഭീഷണിയിലാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെയും പരിസ്ഥിതി നാശത്തിന്റെയും ആദ്യ ഇരകളാണ് ബാൾസങ്ങൾ.

ഈർപ്പമുള്ള പാറക്കെട്ടുകൾ ബാൾസങ്ങളുടെ പറുദീസയാണ്. പശ്ചിമഘട്ടത്തിൽ ക്വാറികൾ വ്യാപകമായത് ഇവയുടെ നിലനിൽപ്പിനുതന്നെ കടുത്ത ഭീഷിണിയായി മാറി. വനങ്ങൾ വംശനാശ ഭീഷണി നേരിടുന്നുണ്ടോയെന്നറിയാൻ ബാൾസങ്ങളുടെ കണക്കെടുത്താൽ മതി.

പശ്ചിമ ഘട്ടത്തിലെ നനഞ്ഞ പാറക്കെട്ടുകളും നീർച്ചോലകളും അരുവികളുടെ തീരങ്ങളും ഇപ്പോൾ ആയിരക്കണക്കിനു ബാൾസങ്ങളുടെ പൂക്കൾകൊണ്ടു മനോഹരമാണ്. ലോകത്തിലൊട്ടാകെ 900 ഇനം ബാൾസങ്ങളുണ്ട്‌. അതിൽ 89 ഇനങ്ങൾ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നവയാണ്.

ഇതിൽ 60 ഇനങ്ങളും ഹൈറേഞ്ചിലെ നനഞ്ഞ പാറകെട്ടുകളിലും മരങ്ങളിലും തഴച്ചുവളരുന്നവയാണ്. ഇതിൽ 22 ഇനങ്ങൾ ഇടുക്കിയിൽ മാത്രം കാണുന്നവയാണ്. അതിൽ പ്രധാനപ്പെട്ട ഒരിനമാണ് വൈൾഡ് ബാൾസം ( Wild Balsam).

ആവാസവ്യവസ്ഥയിലെ വ്യതിയാനം വംശനാശത്തിനിടയാക്കുന്നു

ഒട്ടുമിക്ക നിറങ്ങളിലും ബാൾസങ്ങളുടെ പൂക്കൾ ഭൂമിയിൽ കാണാം. പൂക്കളുടെ മനോഹാരിതയും മാസ്‌മരികമായ അതിന്റെ ആകൃതിയും മണവും മനുഷ്യ മനസ്സിനെ മത്തു പിടിപ്പിക്കും. ബാൾസങ്ങൾ ഒട്ടുമിക്കതും സാനീകങ്ങളാണ്‌. ആവാസവ്യവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾ ഇവയുടെ വംശനാശത്തിനിടയാക്കും. പശ്ചിമഘട്ട മലനിരകളിൽ ഉൾപ്പെടുന്ന ആനമല, മീശപ്പുലിമല, കൊളുക്കു മല, മൂന്നാർ, ഇരവികുളം, മതികെട്ടാൻ ചോല എന്നിവടങ്ങളിൽ മാത്രം കാണപ്പെടുന്ന പത്തോളം ബാൾസങ്ങൾ വംശനാശ ഭീഷിണിയിലാണ്.

ഇവയിൽ ഇംപേഷ്യൻസ് മൂന്നാറൻസ്, ഇംപേഷ്യൻസ് പല്ലിടി, ഇംപേഷ്യൻസ് ഓർക്കിയോയിൻസ്, ഫ്ലോറ എന്നിവ കടുത്ത വംശനാശഭീഷണിയാണ് നേരിടുന്നതെന്ന് പ്രമുഖ സസ്യശാത്രജ്ഞനും പരിസ്ഥിതി പ്രവർത്തകനുമായ ഡോ. ജോമി അഗസ്റ്റിൻ പറഞ്ഞു. കഴിഞ്ഞ എട്ടു വർഷക്കാലത്ത് പശ്ചിമഘട്ടത്തിലുണ്ടായ ഉരുൾപൊട്ടൽ, മലയിടിച്ചിൽ തുടങ്ങിയവ ഒട്ടേറെ ബാൾസം ചെടികൾ നശിക്കാനിടയാക്കി. പലതും വംശനാശ ഭീഷണി നേരിടുന്നു എന്നതാണ് ഉത്കണ്ഠക്കിടയാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Western Ghats Balsam Plants Face Critical Endangerment
Next Story