പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് കമീഷൻ ഡി.ജി.പിയെയും ചീഫ് സെക്രട്ടറിയെയും മാറ്റി
text_fieldsന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണിയുമായി തെരഞ്ഞെടുപ്പ് കമീഷൻ. എല്ലാം ബി.ജെ.പിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ വിക്രിയകളെന്ന് കുറ്റപ്പെടുത്തി മുഖ്യമന്ത്രി മമതാ ബാനർജി കൊൽക്കത്തയിൽ പ്രതിഷേധ റാലിയുമായി തെരുവിലിറങ്ങി. രാജ്യസഭയിൽ നിന്ന് തൃണമൂൽ അംഗങ്ങൾ ഇറങ്ങിപ്പോവുകയും ചെയ്തു.
ചീഫ് സെക്രട്ടറി നന്ദിനി ചക്രവർത്തിയെ മാറ്റി 1993 ബാച്ചിലെ ഐ.എ.എസ് ഓഫിസർ ദുഷ്യന്ത് നരിയാലയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. സംസ്ഥാന പൊലീസ് മേധാവി പീയൂഷ് പാണ്ഡെയെ മാറ്റി സിദ്ധ് നാഥ് ഗുപ്തയെയും, കൊൽക്കത്ത പൊലീസ് കമീഷണർ സുപ്രതിം സർക്കാറിനുപകരം അജയ് കുമാർ നന്ദിനെയും നിയമിച്ചു. ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി 1997 ബാച്ച് ഐ.എ.എസ് ഓഫിസർ സംഗമിത്ര ഘോഷിനെയും നിയമിച്ചു. പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഉടൻ പ്രാബല്യത്തോടെ നടപ്പാക്കണമെന്നും, ഉത്തരവ് പാലിച്ചെന്നുള്ള റിപ്പോർട്ട് തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെ സമർപ്പിക്കണമെന്നും കമീഷൻ ആവശ്യപ്പെടുകയും ചെയ്തു.
പുതിയതായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരെ ആരെയും തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പദവികളിൽ നിയോഗിക്കാൻ പാടില്ലെന്ന് സംസ്ഥാന സർക്കാറിന് ഞായറാഴ്ച രാത്രി അയച്ച കത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമീഷന്റെ നടപടിക്കെതിരെ മുഖ്യമന്ത്രി മമതാ ബാനർജി ഉൾപ്പെടെ പാർട്ടി നേതാക്കൾ ശക്തമായ വിമർശനം ഉന്നയിച്ചു. രാജ്യസഭയിൽനിന്ന് തൃണമൂൽ അംഗങ്ങൾ ഇറങ്ങിപ്പോയി. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷൻ ഭരണഘടനാ സ്ഥാപനമാണെന്നും, കമീഷൻ എടുത്ത തീരുമാനങ്ങളെ സഭയിൽ ചോദ്യം ചെയ്യുന്നത് ഉചിതമല്ലെന്നും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പ്രതികരിച്ചു.
കേരളത്തിൽ തെരഞ്ഞെടുപ്പ് നേരത്തേയാക്കിയ കമീഷനെതിരെ കോൺഗ്രസ്
ന്യൂഡൽഹി: ദുഃഖവെള്ളി, വിഷു, ഈസ്റ്റര്‍ എന്നിവയെല്ലാം ഒരുമിച്ച് വരുന്നതിനുപിന്നാലെ കേരളത്തിൽ തെരഞ്ഞെടുപ്പ് നിശ്ചയിച്ച് പ്രചാരണത്തിനുള്ള ദിവസങ്ങള്‍ പരിമിതപ്പെടുത്തിയ തെരഞ്ഞെടുപ്പ് കമീഷന്റെ സമീപനത്തില്‍ വളരെയേറെ ദുരൂഹതകള്‍ ഉണ്ടെന്ന് കോൺഗ്രസ്. ഇതുമൂലം സ്ഥാനാർഥികള്‍ക്ക് പ്രചാരണം നടത്താന്‍ ലഭിക്കുന്നത് കേവലം 10 ദിവസം മാത്രമാണെന്ന് കോൺഗ്രസ് വിമർശിച്ചു. കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്ന കേരളം, അസം, പുതുച്ചേരി എന്നീ നിയമസഭകളിലേക്ക് ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് സമയം വെട്ടിക്കുറക്കാന്‍ വേണ്ടിയാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിന്റെ പ്രചാരകരായ നേതാക്കന്മാര്ക്ക് പരിമിതി ഏര്‍പ്പെടുത്താനും വേണ്ടിയാണിത്. മുമ്പ് ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിലും ഇതുണ്ടായി. നാലുദിവസം നീട്ടിവെച്ചതുകൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല. എന്നാൽ, കോണ്‍ഗ്രസിന് ഭയമില്ല. കോണ്‍ഗ്രസ് തയാറാണെന്നും 25 ദിവസം കഴിഞ്ഞാല്‍ കേരളത്തില്‍ ഭരണം മാറുമെന്നും കെ.സി. വേണുഗോപാല്‍ എം.പി പറഞ്ഞു. ഭൂരിപക്ഷം സിറ്റിങ് എം.എല്‍.എമാരെ ഉള്‍പ്പെടുത്തിയ സി.പി.എം പട്ടികയില്‍ അത്ഭുതമോ പുതുമയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

