കിണർ ഇടിഞ്ഞു, നിർത്തിയിട്ട രണ്ട് സ്കൂട്ടറുകൾ കിണറ്റിൽ
text_fieldsതൃശൂർ രാമവർമപുരത്ത് കിണറ്റിൽവീണ സ്കൂട്ടറുകൾ ക്രെയിൻ ഉപയോഗിച്ച് പുറത്തെടുക്കുന്നു
തൃശ്ശൂർ: കിണർ ഇടിഞ്ഞുവീണ് രണ്ട് സ്കൂട്ടറുകൾ കിണറ്റിൽ വീണു. തൃശൂർ രാമവർമപുരം ശ്രീശാന്തി ഫ്ലാറ്റിലെ കിണറാണ് ഇടിഞ്ഞത്. ഫ്ലാറ്റിലെ താമസക്കാരി സോണിയുടെ രണ്ട് സ്കൂട്ടറുകൾ കിണറ്റിലകപ്പെട്ടു.
സ്ലാബ് ഇട്ട കിണറിന് ഗ്രില്ല് വെച്ച് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടായിരുന്നു. എന്നാൽ, കനത്ത മഴയിൽ കിണറിന്റെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്നു. ഈ ഭാഗത്ത് നിർത്തിയിട്ട സ്കൂട്ടറുകളാണ് താഴെ പോയത്. സമീപത്ത് ആളുകൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് ഈ സ്കൂട്ടറുകൾ കിണറ്റിൽനിന്ന് പുറത്തെടുത്തത്.
ന്യൂനമർദത്തിന്റെ ഫലമായി ആഗസ്റ്റ് 28 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 25, 26 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്.
25ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, 26ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി മൂന്നു ജില്ലകളിൽ ജാഗ്രത നിർദേശം തുടരുന്നുണ്ട്. തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ 25ന് രാവിലെ 11.30 വരെ ഒന്നു മുതൽ 1.3 മീറ്റർ വരെ തിരമാലകൾ ഉയരാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

