യുവ നേതാക്കളെ ഡൽഹിയിലുള്ള സർക്കാറിന് ഭയം -എസ്.ക്യു.ആർ. ഇല്യാസ്
text_fieldsവെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മലപ്പുറത്തുനടന്ന പൊതുസമ്മേളനം ദേശീയ പ്രസിഡന്റ്
ഡോ. എസ്.ക്യൂ.ആർ ഇല്യാസ് ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: പൗരന്മാർക്കിടയിൽ വിവേചനം സൃഷ്ടിക്കുന്ന സി.ഐ.എ -എൻ.ആർ.സി അടക്കമുള്ള നിയമങ്ങൾക്കെതിരെ ശബ്ദിക്കുകയും സർക്കാർ നയങ്ങളെ വിമർശിക്കുകയും ചെയ്യുന്ന യുവ നേതാക്കളെ കേന്ദ്ര സർക്കാറിന് ഭയമാണെന്ന് വെൽഫെയർ പാർട്ടി ദേശീയ പ്രസിഡന്റ് ഡോ. എസ്.ക്യു.ആർ. ഇല്യാസ്. മൂന്നു ദിവസമായി മലപ്പുറത്ത് നടന്ന വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന റാലിയും പൊതുസമ്മേളനവും വലിയങ്ങാടി വാരിയംകുന്നൻ നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടു വർഷമായി ജയിലിൽ കഴിയുന്ന തന്‍റെ മകൻ ഉമർ ഖാലിദിനെ കാണുകയും മകളുടെ വിവാഹ ചടങ്ങ് നടത്തുകയും ചെയ്ത ശേഷം ഡൽഹിയിൽനിന്ന് നേരിട്ട് വരുകയാണ്. ഉമറിനെപ്പോലെ എത്രയോ യുവനേതാക്കൾ ജയിലിൽ കഴിയുന്നുണ്ട്. അവരെയെല്ലാം ഡൽഹിയിലുള്ള സർക്കാറിന് ഭയമാണ്. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ സംഘ്പരിവാർ വിരുദ്ധ ചേരിയുടെ രാഷ്ട്രീയ അധികാരത്തിനായുള്ള പരിശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വിടുതലൈ ചിരുതൈകൾ കച്ചി നേതാവ് തോൾ തിരുമാവളവൻ എം.പി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു. ശഹീദ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരക്കുട്ടി ഹാജറ വാരിയംകുന്നൻ, റൈഹാനത്ത് സിദ്ദീഖ് കാപ്പൻ എന്നിവർ അഭിവാദ്യ പ്രഭാഷണം നടത്തി. സതീഷ് പാണ്ടനാടിന്‍റെ വില്ലുവണ്ടി നാടൻപാട്ട് വേദിയിൽ അരങ്ങേറി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിക്ക് ഡോ. എസ്.ക്യു.ആർ. ഇല്യാസ് പതാക കൈമാറി. ആശയക്കരുത്തും നവരാഷ്ട്രീയ ബോധവുമുള്ള സംഘമാണ് വെൽഫെയർ പാർട്ടിയെന്ന് റസാഖ് പാലേരി പറഞ്ഞു. സഞ്ജീവ് ഭട്ട് ഐ.പി.എസിന്‍റെ ഭാര്യയും ആക്ടിവിസ്റ്റുമായ ശ്വേത ഭട്ട് വിഡിയോയിലൂടെ അഭിസംബോധന ചെയ്തു.
പ്രേമ ജി. പിഷാരടി, ബിനു വയനാട്, അസ്‌ലം ചെറുവാടി എന്നിവർ പ്രമേയം അവതരിപ്പിച്ചു. അന്തരിച്ച ചലച്ചിത്രകാരൻ കെ.പി. ശശി, പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം പി.സി. ഭാസ്കരൻ എന്നിവരെ അനുസ്മരിച്ചു. വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രമണി അറുമുഖം, സംസ്ഥാന വൈസ് പ്രസിഡന്‍റ് സുരേന്ദ്രൻ കരിപ്പുഴ, കർണാടക സംസ്ഥാന പ്രസിഡന്റ് താഹിർ ഹുസൈൻ, ദേശീയ സെക്രട്ടറി ഇ.സി. ആയിശ, തമിഴ്നാട് സംസ്ഥാന പ്രസിഡന്‍റ് കെ.എസ്. അബ്ദുറഹ്മാൻ, ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ദേശീയ പ്രസിഡന്റ് ഷംസീർ ഇബ്രാഹിം, സംസ്ഥാന അധ്യക്ഷ നജ്ദ റൈഹാൻ, വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് ജബീന ഇർഷാദ്, എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ് ജ്യോതിവാസ് പറവൂർ എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ് സ്വാഗതവും ജില്ല പ്രസിഡന്‍റ് നാസർ കീഴുപറമ്പ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

