
ക്ഷേമപദ്ധതി: വിശദാംശങ്ങൾ മറച്ചുവെച്ചുള്ള രേഖകളാണ് പരാതിക്കാർ കോടതിയിൽ ഹാജരാക്കിയത് -മെക്ക
text_fieldsകൊച്ചി: സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ന്യൂനപക്ഷക്ഷേമ പദ്ധതികൾ മുസ്ലിം-ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് 80:20 അനുപാതം റദ്ദാക്കി ജനസംഖ്യക്ക് ആനുപാതികമായി കണക്കാക്കണമെന്ന ഹൈകോടതി വിധി നടപ്പാക്കാൻ ഏറ്റവും ഒടുവിലത്തെ ജനസംഖ്യ കണക്കുകൾ പരിഗണിക്കണമെന്ന് മെക്ക. പൊതുഖജനാവിൽനിന്ന് ശമ്പളം നൽകുന്ന ഉദ്യോഗ, തൊഴിൽ മേഖലകളിലും എയ്ഡഡ് സ്ഥാപനം അനുവദിക്കുന്നതിലും ജനസംഖ്യ കണക്ക് അനുസരിച്ച് വിഹിതം നിശ്ചയിക്കാൻ വിധി കാരണമാകുമെങ്കിൽ ന്യൂനപക്ഷങ്ങളുടെ സന്തുലിത വികസനവും സാമൂഹികനീതിയും ഉറപ്പുവരുത്താമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. അലി പറഞ്ഞു.
ഇതിലൂടെ അനാവശ്യ കണക്കുകളും വ്യാജപ്രചാരണവും നടത്തി വർഗീയ ഫാഷിസ്റ്റ് അജണ്ട നടപ്പാക്കാൻ വെമ്പൽകൊള്ളുന്ന ചിലരുടെ തമ്മിലടിപ്പിക്കുന്ന നീക്കങ്ങൾക്ക് പരിഹാരമാകും. മുസ്ലിം ന്യൂനപക്ഷത്തിെൻറ കേരളത്തിലെ സവിശേഷ സാഹചര്യം പരിഗണിച്ചാണ് 100 ശതമാനവും അവർക്ക് നൽകാതെ ലത്തീൻ ക്രിസ്ത്യൻ, പരിവർത്തിത ക്രിസ്ത്യൻ എന്നിവർക്കുകൂടി 20 ശതമാനം നീക്കിവെക്കാൻ സർക്കാർ 2011 ഫെബ്രുവരി 22ന് തീരുമാനിച്ചത്.
അതിലൂടെ മുസ്ലിം പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്, സ്റ്റൈപൻഡ്, ഹോസ്റ്റൽ ഫീസ് എന്നിവയുടെ 20 ശതമാനം ക്രിസ്ത്യൻ ന്യൂനപക്ഷത്തിനുകൂടി നൽകാൻ സർക്കാർ ഉത്തരവിൽ വ്യക്തമായി രേഖപ്പെടുത്തി. കേന്ദ്ര സ്കോളർഷിപ്പുകളോ ക്ഷേമപദ്ധതി വിഹിതമോ മറ്റാനുകൂല്യങ്ങളോ ഈ നിബന്ധനകളൊന്നും ഇല്ലാതെ ക്രിസ്ത്യൻ സമുദായത്തിനും ലഭിക്കുന്നു. ഇത്തരം വിശദാംശങ്ങൾ മറച്ചുവെച്ചുള്ള രേഖകളാണ് പരാതിക്കാർ കോടതിയിൽ ഹാജരാക്കിയത്. സർക്കാർ നീതിപൂർവകമായി തീരുമാനിച്ചാൽ യഥാർത്ഥവസ്തുതകളും സ്ഥിതിവിവര കണക്കുകളും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.