ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ; 1081 കോടി രൂപ അനുവദിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും വിതരണം ചെയ്യുന്നതിനായി 1081 കോടി രൂപ അനുവദിച്ച് ധനകാര്യ വകുപ്പ് ഉത്തരവിറക്കി. പെൻഷൻ വിതരണം ഒക്ടോബർ 26 മുതൽ ആരംഭിക്കുകയും നവംബർ അഞ്ചിനകം പൂർത്തിയാക്കുകയും ചെയ്യും.
ധനകാര്യ (എസ്എഫ് സി-ബി) വകുപ്പ് പുറപ്പെടുവിച്ച രണ്ടു പ്രത്യേക ഉത്തരവുകളിലൂടെയാണ് തുക അനുവദിച്ചിട്ടുള്ളത്. സാമൂഹ്യ സുരക്ഷാ പെൻഷൻ: 52,09,617 ഗുണഭോക്താക്കൾക്കായി 961.64 കോടി രൂപ അനുവദിച്ചു.
ക്ഷേമനിധി ബോർഡ് പെൻഷൻ: സർക്കാറിന്റെ ധനസഹായത്തോടെ പെൻഷൻ നൽകുന്ന 16 ക്ഷേമനിധി ബോർഡുകളിലെ 6,05,415 ഗുണഭോക്താക്കൾക്കായി 119.46 കോടി രൂപയാണ് അനുവദിച്ചത്.
സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ 29,67,142 ആളുകൾക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക എത്തും. ഇതിനായി 541,38,82,747 അനുവദിച്ചു.
22,42,475പേർക്ക് പ്രാഥമിക സഹകരണ സംഘങ്ങൾ വഴി വീടുകളിൽ പണമായി തുക എത്തിച്ചു നൽകും. ഇതിനു പുറമേ, ദേശീയ സാമൂഹ്യ സഹായ പദ്ധതിയിൽ ഉൾപ്പെടുന്ന ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല, ഭിന്നശേഷി, വിധവാ പെൻഷനുകളിലെ 8,46,456 ഗുണഭോക്താക്കൾക്കുള്ള ഒക്ടോബർ മാസത്തെ വിഹിതമായി 24,76,10,400 തുകയും ഉൾപ്പെടുത്തിയിട്ടുണ്ട്. വിതരണം ചെയ്യാതെ ശേഷിക്കുന്ന തുക നവംബർ 16നകം കേരള സ്റ്റേറ്റ് സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ അക്കൗണ്ടിലേക്ക് തിരിച്ചടക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

