വെറുതെ വിടില്ല...ക്ഷേമ പെൻഷൻ തട്ടിപ്പ്: ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി
text_fieldsതിരുവനന്തപുരം: അനര്‍ഹമായി ക്ഷേമ പെന്ഷന് വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമ പെന്ഷന് വാങ്ങുന്നത് വ്യക്തമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം.
സര്‍ക്കാര്‍ സര്‍വിസില്‍ കയറിയശേഷം മസ്റ്ററിങ് നടത്തി ആനുകൂല്യം കൈപ്പറ്റുന്നത് അശ്രദ്ധയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തില്‍ ചൂണ്ടിക്കാട്ടി. തട്ടിപ്പ് കാണിച്ചവര്‍ക്കെതിരെ വകുപ്പുതലത്തില്‍ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. അനര്‍ഹമായി പെന്ഷന് വാങ്ങുന്ന ജീവനക്കാര്‍ അല്ലാത്തവര്‍ക്കെതിരെയും നടപടിയുണ്ടാകും. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ ക്ഷേമ പെൻഷൻകാരുടെ അര്‍ഹത വിലയിരുത്താനും ധനവകുപ്പ് പരിശോധന തുടരാനും മുഖ്യമന്ത്രി നിർദേശിച്ചു. വാര്‍ഷിക മസ്റ്ററിങ് നിര്‍ബന്ധമാക്കും. ഇതിന് ഫേസ് ഓതന്റിക്കേഷന് (മുഖംതിരിച്ചറിയൽ)സംവിധാനം ഏര്‍പ്പെടുത്തും
ധനവകുപ്പിന്റെ നിർദേശപ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് ഗെസറ്റ് ഉദ്യോഗസ്ഥരടക്കം 1458 ജീവനക്കാർ പദ്ധതിയിൽ കടന്നുകൂടിയതെന്ന് കണ്ടെത്തിയത്. സ്വീപ്പർ മുതൽ ഹയർ സെക്കൻഡറി അധ്യാപകരും അസി. പ്രഫസർമാരും വരെ പെൻഷൻ കൈപ്പറ്റുന്നവരുടെ കൂട്ടത്തിലുണ്ടെന്നതാണ് ഗൗരവതരം. സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള വിതരണത്തിനുള്ള ഓൺലൈൻ സംവിധാനമായ സ്പാർക്ക് ഡാറ്റയിലെ ആധാർ വിവരങ്ങൾ വെച്ച് ക്ഷേമ പെൻഷൻ ഡാറ്റ പരിശോധിച്ചതിൽ നിന്നാണ് ക്രമക്കേട് പിടികൂടിയത്. പിന്നാലെ തദ്ദേശ സ്ഥാപനങ്ങളിൽ പൊതുവായി നടത്തിയ പരിശോധനയിൽ ആഡംബര വാഹനങ്ങളുള്ളവരടക്കം നിരവധി അനർഹർ ഗുണഭോക്താക്കളാണെന്നും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് അടിയന്തര ഇടപെടലുകൾക്ക് തീരുമാനിച്ചത്.
യോഗത്തില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്, ധനവകുപ്പ് അഡീഷനണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് തുടങ്ങിയവര്‍ പങ്കെടുത്തു.
- മരിച്ചവരെ അതത് സമയത്ത് കണ്‍കറിങ് മസ്റ്ററിങ് നടത്തി ലിസ്റ്റില്‍നിന്ന് ഒഴിവാക്കും
- വാര്‍ഷിക മസ്റ്ററിങ് നിര്‍ബന്ധമാക്കും
- ഫേസ് ഓതന്റിക്കേഷന് (മുഖംതിരിച്ചറിയൽ) സംവിധാനം ഏര്‍പ്പെടുത്തും
- വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ സീഡിങ് നിര്‍ബന്ധമാക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.