വെൽഫെയർ പാർട്ടി പദയാത്രക്ക് ആവേശോജ്ജ്വല തുടക്കം
text_fields‘നാടിന്റെ നന്മയ്ക്ക് നമ്മളൊന്നാകണം’ തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയുടെ നേതൃത്വത്തിൽ നടത്തിയ സാഹോദര്യ കേരള പദയാത്ര
തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് അധികാരമുറപ്പിക്കുന്ന സംഘ്പരിവാർ വംശീയതയെ സഹോദര്യ രാഷ്ട്രീയം കൊണ്ടേ ചെറുക്കാനാവൂവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ‘നാടിന്റെ നന്മക്ക് നമ്മളൊന്നാകണം’ എന്ന തലക്കെട്ടിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സാഹോദര്യ കേരള പദയാത്രക്ക് തിരുവനന്തപുരത്ത് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘ്പരിവാർ ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സമത്വവും സാമൂഹികനീതിയും അട്ടിമറിക്കുകയാണ്.
രാജ്യ ശിൽപികൾ വിഭാവനംചെയ്ത ബഹുസ്വരതയും സാംസ്കാരിക വൈവിധ്യവും നിലനിൽക്കുന്ന ഇന്ത്യയെ തകർക്കുകയാണ് ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ലക്ഷ്യം. സമുദായങ്ങൾക്കിടയിൽ ഭിന്നതയും അനൈക്യവും സൃഷ്ടിച്ചാണ് ഫാഷിസം ഇന്ത്യയെന്ന ആശയത്തെ അട്ടിമറിക്കുന്നത്. മതജാതിഭേദമന്വേ സാഹോദര്യമെന്ന രാഷ്ട്രീയ മുദ്രാവാക്യവും സാമൂഹിക നീതിയെന്ന ലക്ഷ്യവും ഇന്ത്യൻ ജനത ഏറ്റെടുത്താലേ ഈ ധ്രുവീകരണ രാഷ്ട്രീയത്തെ മറികടക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
കിഴക്കേകോട്ടയിലെ പുത്തരിക്കണ്ടം മൈതാനിയിൽനിന്ന് ആരംഭിച്ച പദയാത്രക്ക് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ സ്വീകരണം നൽകി. പദയാത്ര നാല് കിലോമീറ്റർ പിന്നിട്ട് പരവൻകുന്നിൽ സമാപിച്ചു. പരവൻകുന്നിൽ നടന്ന പൊതുസമ്മേളനം ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു.
പാർലമെന്ററി ഭൂരിപക്ഷം ദുരുപയോഗം ചെയ്ത് ഭരണഘടന മൂല്യങ്ങൾ അട്ടിമറിക്കുന്ന നിയമ നിർമാണങ്ങളിലൂടെ ന്യൂനപക്ഷ വംശഹത്യാ പദ്ധതികളാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിമിനെ അപരസ്ഥാനത്ത് നിർത്തി വംശീയ ഉന്മാദം സൃഷ്ടിച്ച് ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ വർധിപ്പിക്കാനാണ് ഫാഷിസ്റ്റ് ശക്തികൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ അധ്യക്ഷത വഹിച്ചു. കൂടംകുളം ആണവ വിരുദ്ധ സമര നേതാവ് എസ്.പി. ഉദയകുമാർ സാഹോദര്യ കേരള പദയാത്ര പതാക കൈമാറി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീക്ക് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പ്രേമ ജി. പിഷാരടി, എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ, വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഫായിസ കരുവാരക്കുണ്ട്, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ, പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡന്റ് അസ്ലം ചെറുവാടി, അസെറ്റ് ചെയർമാൻ എസ്. ഖമറുദ്ദീൻ എന്നിവർ സംസാരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ് സ്വാഗതവും ജില്ല പ്രസിഡന്റ് അഷ്റഫ് കല്ലറ നന്ദിയും പറഞ്ഞു. തിങ്കളാഴ്ച ചിറയിൻകീഴ്, വാമനപുരം മണ്ഡലങ്ങളിൽ റസാഖ് പാലേരിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

