വിളപ്പിൽശാല ആശുപത്രിയിൽ നടന്നത് കൊടും ക്രൂരത; ആശുപത്രി അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: നെഞ്ചുവേദനയും ശ്വാസംമുട്ടലുമായി പുലർച്ചെ വിളപ്പിൽശാല ഗവ. ആശുപത്രിയിലെത്തിയ ബിസ്മീർ എന്ന യുവാവിന് പ്രാഥമിക ചികിത്സ പോലും നൽകാതിരുന്ന ഡോക്ടറുടെയും നഴ്സുമാരുടെയും ക്രൂരമായ നടപടി സമൂഹത്തെ ഞെട്ടിക്കുന്നതും ആരോഗ്യരംഗത്തെ സർക്കാറിന്റെ അനാസ്ഥ ബോധ്യപ്പെടുത്തുന്നതുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. ആവശ്യമായ ചികിത്സ നൽകാതെ രോഗിയുടെ മരണത്തിന് കാരണക്കാരായ ആശുപത്രി അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാൻ സർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ശ്വാസംമുട്ടലുമായി ആശുപത്രിയിലെത്തിയ രോഗിയുടെ ഭാര്യ ഏറെനേരം വാതിലിനു മുന്നിൽ നിലവിളിച്ചതിനു ശേഷമാണ് ആശുപത്രിയിലേക്ക് പ്രവേശിക്കാൻ പോലും കഴിഞ്ഞത്. പ്രാഥമിക ശുശ്രൂഷയും സി.പി.ആറും നൽകുന്നതിന് പകരം രോഗിയോട് വിവരങ്ങൾ അന്വേഷിക്കുന്ന അസ്വാഭാവിക നടപടിയാണ് ഡോക്ടറും നഴ്സുമാരും സ്വീകരിച്ചത്. മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദേശിച്ചപ്പോഴും ആംബുലൻസിൽ കൂടെ പോകാൻ ആളില്ലാത്ത അവസ്ഥയാണ് ഉണ്ടായത്.
അത്യാഹിത ചികിത്സ എന്ന പൗരന്റെ അവകാശത്തെ പോലും നിഷേധിക്കുന്ന ആശുപത്രി അധികൃതരുടെ നടപടി പ്രതിഷേധാർഹമാണ്. പ്രാഥമിക ചികിത്സ പോലും നിഷേധിച്ച് മനുഷ്യരെ മരണത്തിലേക്ക് തള്ളിവിടുന്നത് ആരോഗ്യ മേഖലയിലെ വ്യവസ്ഥാപിത കൊലപാതകം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

