സി.എ.എ: സുപ്രീംകോടതിയുടേത് നിസ്സംഗ സമീപനം –വെല്‍ഫെയര്‍ പാര്‍ട്ടി
text_fieldsതിരുവനന്തപുരം: ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയെ പച്ചയായി നിഷേധിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹരജിയിൽ നിസ്സംഗ സമീപനമാണ് സുപ്രീംകോടതി സ്വീകരിച്ചതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം . ഡിസംബറിൽ കോടതിക്ക് മുന്‍പില്‍ എത്തിയ ഹരജിയില്‍ വിശദീകരണം നല്‍കാത്ത കേന്ദ്ര സര്‍ക്കാരിന് നാലാഴ്ച കൂടി സമയം നല്‍കിയത് സാമാന്യനീതിയുടെ നിഷേധമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തിന്‍റെ തെരുവുകളില്‍ ഉയര്‍ന്ന ജനകീയ ശബ്ദത്തെ കോടതി അവഗണിക്കുകയാണ്. ഹരജിക്കാരുടെ മുഴുവന്‍ വാദങ്ങളെയും നിരാകരിക്കുകയും കേന്ദ്ര സര്‍ക്കാരിന്‍റെ ആവശ്യങ്ങള്‍ പൂർണ്ണമായും അംഗീകരിച്ച് നല്‍കുകയും ചെയ്തത് നീതിപീഠത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിക്കും.
യു.പി അടക്കമുള്ള സംഘ്പരിവാര്‍ ഭരണ സംസ്ഥാനങ്ങളില്‍ വംശീയ വിരോധത്തോടെ നിയമം ഏകപക്ഷീയമായി നടപ്പാക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തെ കോടതി അവഗണിച്ചു. ഭരണകൂടം അമിതാധികാരം പ്രയോഗിക്കുമ്പോൾ ജനങ്ങൾക്ക് രക്ഷ നൽകേണ്ടത് കോടതിയാണ്. ആ വിശ്വാസം ദുർബലമാകുന്നത് രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കും.
ഈ സാഹചര്യത്തിൽ നിയമത്തിനെതിരായി ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകാന്‍ ജനാധിപത്യ സമൂഹം തയ്യാറാകണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആരംഭിച്ച പ്രക്ഷോഭങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
