സാധാരണക്കാർക്കും സമ്പദ്ഘടനക്കും പ്രതീക്ഷ നൽകാത്ത പാക്കേജ് -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: ലോക്ഡൗണും തൊഴിൽ നഷ്ടവും മൂലം പട്ടിണിയിലായ കോടിക്കണക്കിന് സാധാരണക്കാർക്ക് ഗുണകരമായ യാതൊരു പ്രഖ്യാപനവുമില്ലാത്തതും തകർന്നടിഞ്ഞ ഇന്ത്യൻ സമ്പദ്ഘടനയക്ക് പ്രത്യാശ നൽകാത്തതുമായ തട്ടിപ്പ് പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. തൊഴിലാളികൾ, അന്തർ സംസ്ഥാന തൊഴിലാളികൾ, കർഷകർ, കർഷക തൊഴിലാളികൾ, വ്യവസായ മേഖലയിലെ തൊഴിൽ നഷ്ടപ്പെട്ടവർ, ചെറുകിട കച്ചവടക്കാർ, ഗാർഹിക തൊഴിലാളികൾ, ഷോപ്പ് ജീവനക്കാർ, ഓട്ടോ റിക്ഷാ - ടാക്സി തൊഴിലാളികൾ തുടങ്ങി അസംഘടിത മേഖലകളിലെ തൊഴിലാളികൾക്ക് യാതൊരു ആശ്വാസ ധനവും പ്രഖ്യാപനത്തിലില്ല.
വായ്പയെടുത്ത സംരംഭകർക്ക് വീണ്ടും ഈടില്ലാത്ത വായ്പ നൽകാമെന്ന പ്രഖ്യാപനമാണ് പ്രധാനമായുള്ളത്. തിരിച്ചടവിന് ഒരു വർഷത്തെ മൊറോട്ടോറിയം പ്രഖ്യാപിച്ചു എന്നത് മാത്രമാണ് ഇതിനുള്ള മെച്ചം. മൊറോട്ടോറിയം കാലത്തും പലിശക്ക് ഇളവില്ല. സെക്ക്യൂരിറ്റി ഇല്ലാതെ നേരത്തെ കൊടുത്തിരുന്ന മുദ്ര ലോണിന് കഴുത്തറുപ്പൻ പലിശയാണ് ഈടാക്കുന്നത്. ഈ വായ്പയുടെ ബാധ്യതയും സർക്കാരിനില്ല, ബാധ്യത ധനകാര്യ സ്ഥാപനങ്ങൾക്ക് മാത്രമാണ്. ഈ കാലയളവിൽ സംരംഭകർക്കു വന്ന നഷ്ടം മറ്റ് ബാധ്യതകൾ എന്നിവക്ക് ഒരു പരിഹാരവുമില്ല.
ടി.ഡി.എസ്, ടി.സി.എസ് നിരക്കുകളിലെ ഇളവ് മൂലം മധ്യവർഗ ഉപരിവർഗക്കാർക്കു മാത്രമാണ് നേരിയ പ്രയോജനം ലഭിക്കുന്നത്. രാജ്യത്തെ സമ്പദ്ഘടന ശക്തിപ്പെടണമെങ്കിൽ സാധാരണക്കാരന്‍റെ വാങ്ങൽ ശേഷി വർദ്ധിക്കണം. ഇതിന് സാധാരണക്കാർക്ക് ലോക്ഡൗൺ കാലത്തെ തൊഴിൽ നഷ്ടത്തിന് പരിഹാരമായി രണ്ട് മാസത്തെ വേതനം പണമായി നൽകണം.
കോർപ്പറേറ്റുകളുടെ ക്ഷേമം മാത്രമാണ് മോദി സർക്കാർ നോക്കുന്നത്. തകർന്നടിഞ്ഞ സമ്പദ്ഘടന തിരിച്ചുപിടിക്കാൻ ഭാവനയോ ആസൂത്രണമോ ഇല്ലാതെ ജനദ്രോഹ നടപടികളുടെ മറപിടിക്കാനുള്ള വെറും പ്രഖ്യാപനങ്ങൾ മാത്രമാണ് ആത്മനിർഭർ അഭിയാൻ. 20 ലക്ഷം കോടിയുടെ പ്രഖ്യാപനം എന്ന പ്രതീതി ഉണ്ടാക്കി ജനരോഷത്തെ മറിക്കടക്കാനുള്ള തന്ത്രമാണ് ബി.ജെ.പി സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
