മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികളുടെ ജീവിതപ്രശ്‌നം പരിഹരിക്കണം -റസാഖ് പാലേരി
text_fieldsപെരുമാതുറ: മുതലപ്പൊഴിയില്‍ ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തി ഹാര്‍ബര്‍ പുനഃസ്ഥാപിക്കുകയും മത്സ്യത്തൊഴിലാളികളുടെ ജീവിതപ്രശ്‌നം പരിഹരിക്കുകയും ചെയ്യണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. പുതുക്കുറിച്ചി മുതൽ പെരുമാതുറ വരെ നടന്ന സാഹോദര്യ കേരള പദയാത്രയുടെ ഭാഗമായി മുതലപ്പൊഴി സമരപന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുതലപ്പൊഴി ഹാര്‍ബര്‍ സ്തംഭിപ്പിച്ച് അവിടത്തെ പതിനായിരക്കണക്കിന് മത്സബന്ധന കുടുംബങ്ങളെ പട്ടിണിയിലാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തെയും റസാഖ് പാലേരി വിമര്‍ശിച്ചു. മുതലപ്പൊഴി ഹാര്‍ബറിന്റെ സുഗമമായ പ്രവര്‍ത്തനത്തിനുള്ള തടസ്സങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് പകരം മറ്റൊരു ഹാര്‍ബറിലേക്ക് മത്സ്യബന്ധനമടക്കമുള്ളവ മാറ്റുന്നത് പ്രദേശത്തെ ദുരിതം വര്‍ധിപ്പിക്കുകയേ ഉള്ളൂ.
പ്രശ്‌നങ്ങള്‍ രൂക്ഷമാവുമ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന താൽകാലിക പരിഹാര ശ്രമങ്ങള്‍ മാത്രമാണ് എന്നും മുതലപ്പൊഴിയില്‍ നടക്കാറുള്ളത്. ഇതിന് പകരം മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടും പ്രകാരം ആഴത്തില്‍ പൂഴി നീക്കി വലിയ ബോട്ടുകള്‍ക്കടക്കം മത്സ്യബന്ധനം നടത്താനുള്ള സ്ഥിരം സംവിധാനമവിടെ ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അശാസ്ത്രീയവും താല്‍കാലികവുമായ പ്രശ്‌നപരിഹാരങ്ങള്‍ അധികാരികള്‍ നടത്തുന്നതു കൊണ്ടാണ് കടലാക്രമണം ശക്തമാകുന്നതും മത്സ്യതൊഴിലാളികള്‍ അപകടത്തില്‍ അകപ്പെടുന്നതും. മുതലപ്പൊഴിയിലെ ജനങ്ങളുടെ ആവശ്യം പരിഹരിക്കപ്പെടുന്നതു വരെ വെൽഫെയർ പാർട്ടി ഒപ്പമുണ്ടാകുമെന്ന് റസാഖ് പാലേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

