സ്ട്രോങ്ങ് റൂം തുറക്കൽ തെരഞ്ഞെടുപ്പിൻറെ വിശ്വാസ്യതയെ ബാധിക്കും - വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: പേരാമ്പ്ര, നെൻമാറ, ഗുരുവായൂർ മണ്ഡലങ്ങളിലെ ബാലറ്റ് യൂണിറ്റുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകൾ തുറക്കലുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉണ്ടായ സംഭവങ്ങൾ തെരഞ്ഞെടുപ്പിൻറെ വിശ്വാസ്യതയെ ബാധിക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി.
ഇൻഡക്‌സ് കാർഡ് തയ്യാറാക്കൽ, എൻകോർ പോർട്ടലിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യൽ, പ്രിസൈഡിംഗ് ഓഫിസർ മറന്നുവെച്ച ഡയറി എടുക്കൽ തുടങ്ങിയ ബാലിശ വാദങ്ങളാണ് റിട്ടേണിംഗ് ഓഫീസർമാർ പറയുന്നത്. ജില്ലാ ഇലക്ഷൻ ഓഫീസറായ കലക്ടർമാർക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്കും ഇതിൽ ഉത്തരവാദിത്വമുണ്ട്.
സ്‌ട്രോങ് റൂമുകൾ തുറന്നിടങ്ങളിൽ യഥാർഥത്തിൽ എന്താണ് നടന്നതെന്നത് സംബന്ധിച്ച് സുതാര്യമായ വിവരങ്ങൾ രാഷ്ട്രീയപാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും നൽകാൻ കമ്മീഷൻ സംവിധാനം ഉണ്ടാക്കണം. സി.സി.ടി.വി നിശ്ചിത സമയം ഓഫ് ആയിരുന്നു എന്നാക്ഷേപം സംബന്ധിച്ച് അന്വേഷണം നടത്തണം. നിരുത്തരവാദപരമായ സമീപനം സ്വീകരിച്ച റിട്ടേണിംഗ് ഓഫീസർമാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണം. അവരുടെ തീരുമാനങ്ങൾക്ക് പിന്നിൽ മറ്റെന്തെങ്കിലും ഘടകങ്ങൾ ഉണ്ടോ എന്ന് അന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങൾ അദ്ദേഹം ഉന്നയിച്ചു.
വോട്ടർ പട്ടിക തയ്യാറാക്കൽ മുതൽ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന അവസാന നിമിഷം വരെ സുരക്ഷിതത്വവും സുതാര്യതയും കാത്തു സൂക്ഷിക്കുന്ന കാര്യങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിഷ്പക്ഷത ഇന്ത്യയിൽ സംശയിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ കുറിച്ച് ആ നിലക്കുള്ള ആശങ്കകൾ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. മുമ്പെങ്ങുമില്ലാത്ത വിധം തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ കോടതിയിൽ ചോദ്യം ചെയ്യാൻ രാഷ്ട്രീയ പാർട്ടികളും ജനങ്ങളും നിർബന്ധിതമാകുന്ന സാഹചര്യം ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴാണ് നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം കേരളത്തിൽ ഇപ്പോൾ ആക്ഷേപം ഉയർന്നിരിക്കുന്നത്. പോളിംഗ് ബൂത്തിൽ വോട്ടർമാരുടെ മൊബൈൽ ഫോൺ പോലും ഉപയോഗിക്കാൻ അനുവദിക്കാത്ത തെരഞ്ഞെടുപ്പാണ് കേരളത്തിൽ നടന്നത്. ഈ ജാഗ്രത തെരഞ്ഞെടുപ്പാനന്തരം നിലനിർത്തുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ജനങ്ങൾ ആശങ്കിക്കുന്ന സന്ദർഭം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

